ഒരു വര്‍ഷത്തിനുള്ളില്‍ നാലുവരിപ്പാത പണിയുന്ന പെര്‍ഡാലയില്‍ 5 ലക്ഷം രൂപ ചെലവാക്കി 100 മീറ്റര്‍ ഓവുചാല്‍ കോണ്‍ക്രീറ്റിംഗ്‌

0
21

ബദിയഡുക്ക: ഒരു വര്‍ഷത്തിനുള്ളില്‍ 4 വരിപാതയായി മാറുന്ന കുമ്പള- മുള്ളേരിയ റോഡിലെ പെര്‍ഡാലയില്‍ 5 ലക്ഷം രൂപ എം എല്‍ എ ഫണ്ട്‌ ഉപയോഗിച്ച്‌ ഓവുചാല്‍ കോണ്‍ക്രീറ്റ്‌ ചെയ്യുന്നു. ഈ വര്‍ഷം അവസാനം 4 വരിപാതയുടെ നിര്‍മാണം ആരംഭിക്കാനിരിക്കെ തിരക്കിട്ട്‌ അഞ്ചുലക്ഷം രൂപ ചെലവഴിക്കേണ്ട ആവശ്യമെന്തെന്നു നാട്ടുകാര്‍ ആരായുന്നു.
തിരക്കുപിടിച്ചുണ്ടാക്കുന്ന ഓവുചാല്‍കോണ്‍ക്രീറ്റ്‌ റോഡു നാലിവരിയാക്കുമ്പോള്‍ മണ്ണിട്ടു മൂടേണ്ടിവരുമെന്ന്‌ ഉറപ്പായിരിക്കേ എന്തിനാണ്‌ ഈ ധൂര്‍ത്തെന്നാണ്‌ നാട്ടുകാര്‍ ചോദിക്കുന്നത്‌.
മുള്ളേരിയ-ബദിയഡുക്ക-കുമ്പള റോഡ്‌ നാല്‌ വരിപാതയാക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആറുമാസമായി റോഡ്‌ വീതി കൂട്ടുന്നതിന്റെ ഭാഗമായി അളന്നു തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. എന്‍ജിനീയര്‍മാരും മറ്റു ഉദ്യോഗസ്ഥന്മാരും ബദിയഡുക്കയില്‍ തമ്പടിച്ചിട്ടുണ്ട്‌. രണ്ടിടത്ത്‌ ടാറിംഗ്‌ മിക്‌സ്‌ ചെയ്യാനുള്ള സ്ഥലം കണ്ടെത്തി കഴിഞ്ഞു. 2021 ല്‍ മഴക്കാലം കഴിഞ്ഞാലുടന്‍ നാല്‌ വരിപ്പാതയുടെ നിര്‍മ്മാണം ആരംഭിക്കും. 151 കോടി രൂപയാണ്‌ ഇതിനായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നീക്കിവച്ചിട്ടുള്ളത്‌. റോഡിന്റെ ഇരു ഭാഗത്തും വീതി കൂട്ടിയാണ്‌ നാലുവരിപ്പാത നിര്‍മ്മിക്കുക. ഇതെല്ലാം അറിഞ്ഞുകൊണ്ടാണ്‌ പെര്‍ഡാലയില്‍ 5 ലക്ഷം രൂപ ചിലവഴിച്ച്‌ ഓവുചാല്‍ കോണ്‍ക്രീറ്റ്‌ ചെയ്യാന്‍ തുടങ്ങിയത്‌. പഴയ ഓവുചാല്‍ ജെ സി ബി കൊണ്ട്‌ വീണ്ടും കുഴിച്ചാണ്‌ കോണ്‍ക്രീറ്റ്‌ ചെയ്യുന്നത്‌. പണി ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. കുമ്പള- മുള്ളേരിയ റോഡ്‌ നാല്‌ വരിയാക്കുന്നതു നിലവിലുള്ള റോഡിന്റെ വീതി കൂട്ടിക്കൊണ്ടാണെന്നറിയാവുന്ന അധികൃതരും ജീവനക്കാരും സര്‍ക്കാര്‍ പണം തട്ടിപ്പാക്കുന്നതു എന്തിനുവേണ്ടിയാണെന്ന ചോദ്യം ശക്തമാവുന്നുണ്ട്‌. ഒരു വര്‍ഷത്തേക്ക്‌ അഞ്ചുലക്ഷം രൂപ ചെലവഴിച്ചു നൂറുമീറ്റര്‍ ഓവുചാല്‍ കോണ്‍ക്രീറ്റ്‌ ചെയ്യുന്നതിന്റെ ഉദ്ദേശ ശുദ്ധി മരാമത്ത്‌ ജീവനക്കാരില്‍ ചിലരിലും സംശയമുളവാക്കിയിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY