കോട്ടയം: എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാറിനെതിരെ പി.വി അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു.
കോട്ടയത്ത് പൊലീസ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തും. സമീപകാലത്ത് ഉയര്‍ന്ന ആരോപണങ്ങളില്‍ മുന്‍വിധിയില്ലാതെ അന്വേഷണം നടത്തും- മുഖ്യമന്ത്രി വ്യക്തമാക്കി.
പൊലീസ് സേനയിലുള്ളവര്‍ അച്ചടക്കത്തിന്റെ ചട്ടക്കൂടില്‍ നിന്നു വ്യതിചലിക്കരുത്. അച്ചടക്ക ലംഘനം വച്ചുപൊറുപ്പിക്കില്ല. സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമാണ്. പൊലീസില്‍ അടുത്ത കാലത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടായി. എങ്കിലും അതില്‍ നിന്നു മുഖം തിരിച്ചു നില്‍ക്കുന്നവരുണ്ട്. അത് സേനക്ക് നാണക്കേടുണ്ടാക്കുന്നു. അത്തരക്കാരെ പൊലീസില്‍ ആവശ്യമില്ല. പുഴുക്കുത്തുകളെ പൊലീസില്‍ നിന്നു ഒഴിപ്പിക്കും. കളങ്കിതരായവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആരോപണ വിധേയനായ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ വേദിയിലിരുത്തി കൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.
