കൊച്ചി: സമസ്ത സംസ്ഥാന ഉപാധ്യക്ഷനും ചെമ്പരിക്ക-മംഗ്ളൂരു ഖാസിയുമായിരുന്ന സി എം അബ്ദുള്ള മൗലവിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ സി ബി ഐ കോടതിയുടെ അനുമതി തേടി. ഇതിനെതിരെ കേസിലെ പരാതിക്കാരന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്കി. കേസ് ഉന്നതതല സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്ജിയിന്മേല് വാദം കേള്‍ക്കാന്‍ കോടതി 17 ലേക്ക് മാറ്റിവെച്ചു. 2010 ഫെബ്രുവരി 15ന് പുലര്‍ച്ചെയാണ് ഖാസിയെ ചെമ്പരിക്ക, കടുക്കക്കല്ലിന് സമീപത്ത് കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വിവരം ആദ്യം പൊലീസിനെ അറിയിച്ച ചെമ്പരിക്കയിലെ അബ്ദുള്‍ മജീദ് ആണ് സി ബി ഐ നിലപാടിനെതിരെ കോടതിയെ സമീപിച്ചത്.ആത്മഹത്യയെന്നാണ് ആദ്യം കേസ് അന്വേഷിച്ച സി ബി ഐ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെതിരെ ഹര്‍ജി നല്‍കുകയും പുനരന്വേഷണത്തിന് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൗലവിയുടെ മരണം അപകട മരണമോ അസ്വാഭാവിക മരണമോ ആകാമെന്നും കൊലപാതകം നടന്നുവെന്നതിന് തെളിവില്ലെന്നുമായിരുന്നു സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച പുനരന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ ശാസ്ത്രീയമായ അന്വേഷണം ആവശ്യമാണെന്ന് കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് പുതുച്ചേരി ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്യേറ്റ് മെഡിക്കല്‍ എഡ്യുക്കേഷണല്‍ ആന്റ് റിസര്‍ച്ച് സെന്റ (ജിപ്മര്‍)റിലെ മെഡിക്കല്‍ സംഘം അന്വേഷണം നടത്തി. സംഘം ചെമ്പരിക്കയിലെത്തി ഖാസിയുടെ കുടുംബാംഗങ്ങളെ നേരില്‍ കണ്ട് തയ്യാറാക്കിയ മാനസിക അപഗ്രഥന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഖാസി ആത്മഹത്യ ചെയ്യാന്‍ സാധ്യമായ സാഹചര്യങ്ങള്‍ ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ട്.