കോവിഡ്‌: മൂന്നുപേര്‍കൂടി മരിച്ചു; ജില്ലയില്‍ മരണം 75 ആയി

0
20

കാസര്‍കോട്‌: കോവിഡ്‌ ബാധിച്ച്‌ ജില്ലയില്‍ തെയ്യംകലാകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 75 ആയി.
വെള്ളിക്കോത്ത്‌ സ്വദേശിയും കരിച്ചേരി പറമ്പിലെ താമസക്കാരനുമായ തെയ്യംകലാകാരന്‍ ഭരതന്‍ പണിക്കര്‍(59), വൊര്‍ക്കാടി പുരുഷന്‍കോടിയിലെ അഹമ്മദ്‌ കുഞ്ഞി (69), മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ ബീഫാത്തിമ(84) എന്നിവരാണ്‌ മരിച്ചത്‌. ഭരതന്‍ പണിക്കരും, അഹമ്മദ്‌ കുഞ്ഞിയും പരിയാരം ഗവ. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ബീഫാത്തിമ കാസര്‍കോട്‌ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. തെയ്യം കലാകാരനായിരുന്ന രാമന്‍ പണിക്കരുടെയും മാണിക്കമ്മയുടെയും മകനായ ഭരതന്‍ പണിക്കര്‍ തബലിസ്റ്റ്‌ കൂടിയാണ്‌.
പുലോമജയാണ്‌ ഭാര്യ. ശിവപ്രിയ, കാര്‍ത്തികേയന്‍ എന്നിവര്‍ മക്കളും സജീഷ്‌ മരുമകനുമാണ്‌. എം പ്രഭാകരന്‍, ശോഭന, പരേതയായ ശാന്തമ്മ എന്നിവര്‍ സഹോദരങ്ങളാണ്‌.
ആസ്യുമ്മയാണ്‌ അഹമ്മദ്‌ കുഞ്ഞിയുടെ ഭാര്യ. നഫീസ, ഫാത്തിമത്ത്‌ സുഹറ, ഖാലിദ്‌ എന്നിവര്‍ മക്കളും മുഹമ്മദ്‌ സാലി, മൂസക്കുഞ്ഞി, ജാബിറ എന്നിവര്‍ മരുമക്കളുമാണ്‌.
മുണ്ട്യക്കാല്‍ അബ്‌ദുള്ളയുടെ ഭാര്യയാണ്‌ ബീഫാത്തിമ. നഫീസ, ഖദീജ, ആയിഷ, റസിയ, ഉസ്‌മാന്‍, മജീദ്‌ എന്നിവര്‍ മക്കളാണ്‌. ഇന്നലെ ജില്ലയില്‍ 268 പേര്‍ക്കാണ്‌ പുതുതായി കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതില്‍ 257 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്‌ രോഗം പകര്‍ന്നത്‌. ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചത്‌ കാഞ്ഞങ്ങാട്‌ നഗരസഭാ പരിധിയിലാണ്‌. 28 പേര്‍ക്കാണ്‌ ഇവിടെ കോവിഡ്‌ സ്ഥിരീകരിച്ചത്‌. കാസര്‍കോട്‌ നഗരസഭയില്‍ 15ഉം, മംഗല്‍പാടി പഞ്ചായത്തില്‍ 17 ഉം പേര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്‌. ചെമ്മനാട്‌, അജാനൂര്‍, കുമ്പള, പള്ളിക്കര, കയ്യൂര്‍ ചീമേനി, ചെറുവത്തൂര്‍ എന്നിവിടങ്ങളിലും പത്തില്‍ കൂടുതല്‍ പേര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY