Site icon Karaval Daily

ലോക്സഭാ തെരഞ്ഞെടുപ്പിലെ സിപിഎം തോല്‍വി; ഇന്റലിജന്‍സില്‍ അഴിച്ചുപണി വരുന്നു, പലരുടെയും കസേര തെറിക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്കുണ്ടായ കനത്ത തോല്‍വി മുന്‍കൂട്ടി അറിയിക്കുന്ന കാര്യത്തില്‍ ഇന്റലിജന്‍സ് പരാജയം. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഇന്റലിജന്‍സ് സംവിധാനത്തില്‍ വലിയ അഴിച്ചുപണിക്ക് സാധ്യതയൊരുങ്ങി. ഇപ്പോള്‍ ഇന്റലിജന്‍സില്‍ ഉയര്‍ന്ന തസ്തികകളില്‍ ഉള്ള പലര്‍ക്കും കസേര നഷ്ടമാകുമെന്നാണ് സൂചന.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തുപോലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മുന്നേറ്റം മുന്‍കൂട്ടി കാണുന്നതില്‍ ഇന്റലിജന്‍സ് പരാജയപ്പെട്ടതായാണ് വിലയിരുത്തുന്നത്. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിജയിക്കുമെന്ന് ഒരിക്കല്‍ പോലും റിപ്പോര്‍ട്ട് നല്‍കാത്ത ഇന്റലിജന്‍സ് വലിയ പരാജയമാണെന്നും വിലയിരുത്തപ്പെടുന്നു. ഇടതുമുന്നണി മേല്‍ക്കൈ നേടുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ വലിയ വിശ്വാസത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ പരിഗണിച്ചത്. ഈ വിശ്വാസമാണ് എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളിപ്പറയാന്‍ ഇടയാക്കിയത്. എന്നാല്‍ ഫലം പുറത്തുവന്നതോടെയാണ് ഇന്റലിജന്‍സ് സംവിധാനം പൂര്‍ണ്ണമായും പരാജയമായിരുന്നുവെന്ന വിലയിരുത്തല്‍ ആഭ്യന്തര വകുപ്പില്‍ ഉണ്ടായിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് ഇന്റലിജന്‍സില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി ഉണ്ടാകുമെന്നാണ് സൂചന. ജില്ലാ പൊലീസ് മേധാവികള്‍ മുതല്‍ എസ്.ഐ.മാര്‍ വരെയുള്ളവര്‍ക്കും സ്ഥാനചലനം ഉണ്ടാകുമെന്നും വിലയിരുത്തലുണ്ട്.

Exit mobile version