Site icon Karaval Daily

പൊലീസുകാര്‍ക്ക് വിരുന്നൊരുക്കി ഗുണ്ടാനേതാവ്; എസ്.ഐ.യെ കണ്ടപ്പോള്‍ ഡിവൈ.എസ്.പി കക്കൂസിലൊളിച്ചു

കൊച്ചി: അങ്കമാലിയില്‍ ഗുണ്ടാനേതാവ് പൊലീസ് ഉദ്യോഗസ്ഥന് ഒരുക്കിയ വിരുന്ന് വിവാദത്തില്‍. ഗുണ്ടാനേതാവ് തമ്മനം ഫൈസല്‍ ആണ് ആലപ്പുഴയിലെ ഡിവൈ.എസ്.പി സാബുവിനും പൊലീസുകാര്‍ക്കും വിരുന്നൊരുക്കിയത്.
സംഭവം സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് അങ്കമാലി എസ്.ഐയും സംഘവും തമ്മനത്തിന്റെ വീട്ടില്‍ എത്തിയതോടെ ഡിവൈ.എസ്.പി സാബു കക്കൂസില്‍ കയറിയൊളിച്ചു. ഡിവൈ.എസ്.പിക്കും സംഘത്തിനും നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള ഫൈസലിന്റെ വീട്ടില്‍ വിരുന്നൊരുക്കിയത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഡിവൈ എസ് പിയോടൊപ്പം മൂന്ന് പൊലീസുകാരും ഉണ്ടായിരുന്നു. എന്തിനാണ് ഇവിടെ എത്തിയതെന്ന എസ് ഐയുടെ ചോദ്യത്തിന് ഫൈസലൊരുക്കിയ വിരുന്നിന് എത്തിയതാണെന്നു ഇവരുടെ പ്രതികരണമെന്നു പറയുന്നു. വാഗമണ്ണില്‍ നിന്ന് വരുന്നതിനിടെ ഫൈസലിന്റെ വീട്ടില്‍ കയറിയതാണെന്ന് പൊലീസുകാര്‍ പറഞ്ഞുവത്രെ. എസ് ഐ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമ്മനം റഷീദ് പലകേസുകളിലും പ്രതിയാണ്. ഇയാള്‍ ഗുണ്ടാപട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നു പറയുന്നു. ഇയാള്‍ക്കെതിരെ കാപ്പചുമത്താനും പൊലീസ് നടപടി ആരംഭിച്ചിരുന്നതായും പറയുന്നുണ്ട്.

Exit mobile version