Site icon Karaval Daily

അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; തീയതികള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ഇനി ഇനി അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ചത്തീസ്ഗഢ്, മിസോറാം സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികളാണ് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ പ്രഖ്യാപിച്ചത്. ഛത്തീസ്ഗഢില്‍ മാത്രം രണ്ട് ഘട്ടമായും മറ്റിടങ്ങളില്‍ ഒറ്റഘട്ടമായും ആണ് തെരഞ്ഞെടുപ്പ്. മിസോറാമില്‍ നവംബര്‍ 7 നാണ് വോട്ടെടുപ്പ്, ചത്തീസ്ഗഢില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് – നവംബര്‍ 7 നും 17 നും, തെലങ്കാന – നവംബര്‍ 30, രാജസ്ഥാന്‍ നവംബര്‍ 23, മധ്യപ്രദേശ് – നവംബര്‍ 17. എല്ലാ സംസ്ഥാനങ്ങളിലും ഡിസംബര്‍ 3 നാണ് വോട്ടെണ്ണല്‍. തെലങ്കാന, രാജസ്ഥാന്‍, ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 2024 ജനുവരിയിലാണ് നിയമസഭയുടെ കാലാവധി കഴിയുക. മിസോറാമില്‍ ഡിസംബര്‍ 17-ന് കാലാവധി പൂര്‍ത്തിയാകും.
അഞ്ച് സംസ്ഥാനങ്ങളിലുമായി 16.14 കോടി ജനങ്ങളാണ് വിധിയെഴുതുക. 60.2 ലക്ഷം പുതിയ വോട്ടര്‍മാര്‍ ഇത്തവണയുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലുമായി 1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകള്‍ സജീകരിക്കും. ഇതില്‍ 1.01 ലക്ഷം സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും.
രാജസ്ഥാനിലും ചത്തീസ്ഗഢിലും കോണ്‍ഗ്രസും മധ്യപ്രദേശില്‍ ബിജെപിയുമാണ് നിലവില്‍ അധികാരത്തിലുള്ളത്. തെലങ്കാനയില്‍ ബിആര്‍എസും മിസോറാമില്‍ എന്‍ഡിഎ സഖ്യകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടുമാണ് ഭരണത്തില്‍. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള തെരഞ്ഞെടുപ്പ് എന്ന നിലയില്‍ വലിയ പരീക്ഷണമാണ് ബിജെപിക്കും കോണ്‍ഗ്രസിനും നേരിടാനുള്ളത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കങ്ങളും സുരക്ഷയും വിലയിരുത്തിയിരുന്നു.

Exit mobile version