Site icon Karaval Daily

വിശ്വനാഥൻ ആനന്ദിന്റെ റെക്കോർഡ് തകർത്ത് പതിനേഴുകാരൻ; തകർന്നത് 36 വർഷത്തെ റെക്കോർഡ് , ലോക ചെസ്സിൽ വീണ്ടും ഇന്ത്യൻ കുതിപ്പ്

വെബ് ഡെസ്ക് : ആഗോള ചെസ്സ് വേദിയിൽ വീണ്ടും ശ്രദ്ധേയ നീക്കവുമായി ഇന്ത്യൻ യുവത്വം. ചെസ്സ് ലോകത്തെ സുപ്രധാന വേദിയിൽ, 17 കാരനായ ഗ്രാൻഡ്മാസ്റ്റർ ഡി ഗുകേഷ്, അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷന്റെ (FIDE) ലൈവ് ലോക റാങ്കിംഗിൽ തന്റെ ആരാധനാപാത്രമായ വിശ്വനാഥൻ ആനന്ദിനെ മറികടന്നു. ലോകകപ്പിലെ രണ്ടാം റൗണ്ട് മത്സരത്തിൽ അസർബൈജാന്റെ മിസ്രത്ദിൻ ഇസ്‌കന്ദറോവിനെതിരെ ഗുകേഷ് നേടിയ വിജയത്തിന് ശേഷമാണ് ഈ നേട്ടം. വെറും 44 നീക്കങ്ങളിൽ ഇസ്‌കന്ദറോവിനെ മറികടന്ന് ഗുകേഷ് തന്റെ മികവ് തെളിയിച്ചു. 2.5 റേറ്റിംഗ് പോയിന്റുകളോടെ അദ്ദേഹത്തിന്റെ തത്സമയ റേറ്റിംഗ് 2755.9 ആയി ഉയർന്നു. ആനന്ദിന്റെ 2754.0 എന്ന റേറ്റിംഗിനെ അതോടെ ഗുകേഷ് മറികടന്നു. തൽഫലമായി, അഞ്ച് തവണ ലോക ചാമ്പ്യനായ ആനന്ദിനെ പത്താം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് ലോക ലൈവ് റാങ്കിംഗിൽ ഗുകേഷ് ഇപ്പോൾ ഒമ്പതാം സ്ഥാനത്താണ്. “ഗുകേഷ് ഡി ഇന്ന് വീണ്ടും വിജയിച്ചു, തത്സമയ റേറ്റിംഗിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്നു. സെപ്തംബർ 1 ന് അടുത്ത ഔദ്യോഗിക ഫിഡെ റേറ്റിംഗ് ലിസ്റ്റിന് ഇനിയും ഒരു മാസമുണ്ട്. ഏറ്റവും ഉയർന്ന റേറ്റിംഗ് ഉള്ള ഇന്ത്യൻ കളിക്കാരൻ എന്ന നിലയിൽ 17-കാരൻ ലോകത്തിലെ ആദ്യ 10-ൽ ഇടംപിടിക്കാൻ സാധ്യതയുണ്ട്” അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷൻ ( FIDE) ട്വീറ്റ് ചെയ്തു. 1991 ജൂലൈയിൽ ലോകത്തിലെ ടോപ്പ്-10ൽ ആദ്യമായി പ്രവേശിച്ച ആനന്ദ് 1987 ജനുവരി മുതൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന റാങ്കുള്ള കളിക്കാരനാണ്. എന്നിരുന്നാലും, ഗുകേഷിന്റെ സമീപകാല പ്രകടനം സൂചിപ്പിക്കുന്നത് ഈ ദീർഘകാല റെക്കോർഡ് തകരാനുള്ള സാധ്യതയാണ് . സെപ്റ്റംബർ 1 വരെ ആനന്ദിനേക്കാൾ ലീഡ് നിലനിർത്തിയാൽ, 1986 ജൂലൈയിൽ പ്രവീൺ തിപ്‌സെയ്ക്ക് ശേഷം ഫിഡെ ലോക റാങ്കിംഗിൽ ആനന്ദിനെ മറികടക്കുന്ന ആദ്യ ഇന്ത്യക്കാരനാകും ഗുകേഷ്. ടൂർണമെന്റിന്റെ മൂന്നാം റൗണ്ടിൽ സ്വന്തം നാട്ടുകാരനായ എസ് എൽ നാരായണനെയാണ് ഗുകേഷ് നേരിടേണ്ടത്. അതേസമയം, ജിഎം ആർ പ്രഗ്നാനന്ദ, നിഹാൽ സരിൻ, ഡി ഹരിക, ആർ വൈശാലി എന്നിവരുൾപ്പെടെ മറ്റ് ഇന്ത്യൻ താരങ്ങളും മൂന്നാം റൗണ്ടിൽ കടന്നിട്ടുണ്ട്. മറ്റൊരു ഇന്ത്യൻ ചെസ്സ് താരം ജി.എം.ബി അധിബൻ ഡാനിൽ ദുബോവിനോട് തോറ്റതിനെത്തുടർന്ന് പുറത്തായി. കാർത്തിക് വെങ്കിട്ടരാമന്‍ രണ്ടാം സീഡായ ഹികാരു നകാമുറയ്‌ക്കെതിരെ ടൈ ബ്രേക്ക് ചെയ്യാൻ നിർബന്ധിതനായി.

Exit mobile version