ശുചിത്വ ബോധവല്‍ക്കരണം തകൃതിയില്‍; മംഗല്‍പ്പാടി മാലിന്യ മലകളുമായി മാതൃക

0
95


മംഗല്‍പാടി: ശുചിത്വ ബോധവല്‍ക്കരണം തകൃതിയില്‍ പൊടിപൊടിക്കുമ്പോള്‍ കുബണൂരിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റും പരിസരവും മാലിന്യമലകൊണ്ട്‌ മൂടിക്കിടക്കുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. ഉപ്പള ടൗണില്‍ ഉള്‍പ്പെടെ മംഗല്‍പാടിയിലെ വിവിധ പ്രദേശങ്ങളിലെ റോഡരികുകളില്‍ മാലിന്യം നിറഞ്ഞുകിടക്കുന്നു. ഹനഫി ബസാര്‍, കൈക്കമ്പ, നയാബസാര്‍, ബന്തിയോട്‌ എന്നിവിടങ്ങളിലെല്ലാം റോഡരികുകളില്‍ മാലിന്യ മല തന്നെ രൂപപ്പെട്ടിട്ടുണ്ട്‌.
കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും മൂക്കുപൊത്താതെ അതുവഴി പോകാനാകുന്നില്ല. മാലിന്യം ഭക്ഷിക്കാന്‍ തെരുവുനായകളെത്തുന്നതും നാട്ടുകാര്‍ക്ക്‌ ഭീഷണിയായി മാറുന്നു. പകര്‍ച്ചാവ്യാധി ഭീഷണിയുമുണ്ട്‌.
നേരത്തെ വിവിധയിടങ്ങളില്‍ നിന്നു ശേഖരിക്കുന്ന മാലിന്യങ്ങള്‍ കുബണൂരിലെ കേന്ദ്രത്തിലെത്തിച്ചു സംസ്‌ക്കരിക്കാറുണ്ടായിരുന്നു പ്രഖ്യാപനം. എന്നാല്‍ മാലിന്യ സംസ്‌ക്കരണ കേന്ദ്രം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. മാത്രമല്ല, അതിന്റെ കരാര്‍ കാലാവധി അവസാനിച്ചുവെന്നും പറയുന്നു. പ്ലാന്റ്‌ പ്രവര്‍ത്തിക്കാതിരുന്നതിനെ തുടര്‍ന്നു നാട്ടില്‍ നിന്നുള്ള മാലിന്യങ്ങള്‍ അവിടെ കൊണ്ടുവന്നു തട്ടുകയായിരുന്നു. മാലിന്യം കുമിഞ്ഞുകൂടുന്നത്‌ കുബണൂര്‍ നിവാസികള്‍ക്ക്‌ വലിയ ഭീഷണിയുമായിട്ടുണ്ട്‌. പകര്‍ച്ചവ്യാധികള്‍ പെരുകുന്ന കാലത്ത്‌ മാലിന്യ സംസ്‌ക്കരണത്തില്‍ അലംഭാവം കാണിക്കുന്ന പഞ്ചായത്തധികൃതര്‍ക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനു തയ്യാറെടുക്കുകയാണ്‌.അതേ സമയം അധികൃതര്‍ ഗാന്ധിജയന്തി പ്രമാണിച്ചു സര്‍ക്കാര്‍ വാഹനങ്ങളില്‍ തലങ്ങും വിലങ്ങും ഓടി ശുചിത്വ സന്ദേശം ഉരുവിടുന്നുണ്ടെന്നും നാട്ടുകാര്‍ പരിഹസിക്കുന്നു.

NO COMMENTS

LEAVE A REPLY