മില്‍മ ബൂത്ത്‌ തുടങ്ങാന്‍ ഒരുങ്ങി കെ എസ്‌ ആര്‍ ടി സി ബസ്‌

0
101

കാസര്‍കോട്‌: പ്രതിസന്ധി നേരിടുന്ന കെ എസ്‌ ആര്‍ ടി സിയില്‍ നിന്നു പരിക്കേല്‍ക്കാതെ രക്ഷപ്പെടാന്‍ ജീവനക്കാര്‍ തയ്യാറെടുക്കുന്നു.
കെ എസ്‌ ആര്‍ ടി സിയുടെ കട്ടപ്പുറത്തായ ബസ്സുകള്‍ മാസവാടകക്കെടുത്തു ജീവനക്കാര്‍ കടയാക്കി മാറ്റിത്തുടങ്ങി. ഇതിന്റെ ഭാഗമായി കാസര്‍കോട്ടു കെ എസ്‌ ആര്‍ ടി സി കോമ്പൗണ്ടില്‍ ഉപേക്ഷിക്കപ്പെട്ട ബസ്‌ ബോഡി വാടകക്കെടുത്തു മില്‍ബൂത്താക്കി മാറ്റി. മില്‍മയുടെ എല്ലാ ഉല്‍പ്പന്നങ്ങളും ഇതില്‍ ശേഖരിച്ചു കച്ചവടം ചെയ്യുകയാണ്‌ ലക്ഷ്യം. അതോടൊപ്പം ലഘുഭഷണ പാനീയ ശാലയായും ഇതു പ്രവര്‍ത്തിക്കാനുദ്ദേശ്യമുണ്ട്‌.
കെ എസ്‌ ആര്‍ ടി സി കോമ്പൗണ്ടിനോടു ചേര്‍ന്നു കെ പി ആര്‍ റാവു റോഡ്‌ സൈഡിലാണ്‌ ബസ്‌ ബോഡി കല്ലുകെട്ടി അതിനു മുകളില്‍ കടയാക്കി വച്ചിട്ടുള്ളത്‌. കടയ്‌ക്കു വേണ്ട രൂപമാറ്റങ്ങളും ബോഡിയില്‍ വരുത്തി. ടയര്‍ വാങ്ങാന്‍ പണമില്ലാതെ ബസ്‌സ്റ്റാന്റിന്റെ സൈഡില്‍ ഉപേക്ഷിച്ചിരുന്ന ബസ്‌ ടയറില്ലാതെ തന്നെയാണ്‌ കടയായി മാറ്റിയിട്ടുള്ളത്‌.
കെ എസ്‌ ആര്‍ ടി സി എംപ്ലോയീസ്‌ അസോസിയേഷന്റെ നേതൃത്വത്തിലുള്ള സഹകരണ സംഘമാണ്‌ ബസില്‍ മില്‍മ ബൂത്ത്‌ ആരംഭിക്കുന്നത്‌. ബസ്‌ ബോഡിക്കും അതു വച്ചിരുന്ന സ്ഥലത്തിനും കൂടി മാസം 20,000 രൂപ സൊസൈറ്റി, കെ എസ്‌ ആര്‍ ടി സി ക്കു വാടക നല്‍കണം.
നഷ്‌ടത്തില്‍ നിന്നു നഷ്‌ടത്തിലേക്കു കൂപ്പു കുത്തുന്ന കെ എസ്‌ ആര്‍ ടി സി ക്കു വാടക നേരിയ ആശ്വാസമാവും. ജോലി ഇല്ലാതാവുകയും ജോലി ചെയ്യാന്‍ താല്‍പ്പര്യമില്ലാതാവുകയും ചെയ്‌ത ജീവനക്കാര്‍ക്കു കച്ചവടത്തിനും അവസരമായിരിക്കുന്നു.
കണ്ണൂര്‍, കോഴിക്കോട്‌, തിരുവനന്തപുരം ഡിപ്പോകളില്‍ നേരത്തെ തന്നെ കെ എസ്‌ ആര്‍ ടി സി ബസ്സുകളില്‍ മില്‍മ ഉല്‍പ്പന്ന കച്ചവടവും പച്ചക്കറി കച്ചവടവും പലചരക്ക്‌ റെഡിമേഡ്‌ വസ്‌ത്രക്കച്ചവടവും ആരംഭിച്ചിരുന്നു. ബസ്‌ സര്‍വീസിനെക്കാള്‍ കോര്‍പറേഷനു ലാഭകരമാണ്‌ അവയെന്ന അനുഭവമാണ്‌ കാസര്‍കോട്ടും പരിപാടി വ്യാപിപ്പിക്കാന്‍ പ്രേരണയായതെന്നു പറയുന്നു.
മില്‍മ ബൂത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായ ബസില്‍ ഉടന്‍ തന്നെ അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്‌.

NO COMMENTS

LEAVE A REPLY