പെര്‍ളടുക്കത്ത്‌ യുവതിയെ വെട്ടിക്കൊന്ന കേസ്‌; മണിക്കൂറുകള്‍ക്കകം പ്രതിയെ പിടിച്ച ഉദ്യോഗസ്ഥര്‍ക്ക്‌ ഡി ജി പിയുടെ ബഹുമതി

0
108

കാസര്‍കോട്‌: ഭാര്യയെ കൊലപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ മണിക്കൂറുകള്‍ക്കകം പിടികൂടിയ കേസ്‌ ഉള്‍പ്പെടെ നിരവധി കേസുകളില്‍ മികവു കാണിച്ച റെയില്‍വെ പൊലീസിലെ രണ്ടു ഉദ്യോഗസ്ഥര്‍ക്കും ഡോഗ്‌ സ്‌ക്വാഡിലെ പരിശീലകനായ എസ്‌ ഐയ്‌ക്കും ഡി ജി പിയുടെ ബാഡ്‌ജ്‌ ഓഫ്‌ ഓണര്‍. കാസര്‍കോട്‌ റെയില്‍വെ പൊലീസിലെ എ എസ്‌ ഐ പ്രകാശന്‍ കൊടക്കാട്‌, സീനിയര്‍ സിവില്‍ പൊലീസ്‌ ഓഫീസര്‍ ഗംഗാധരന്‍ ചെറുവത്തൂര്‍, എസ്‌ ഐ ലോഹിതാക്ഷന്‍ എന്നിവര്‍ക്കാണ്‌ ബഹുമതി ലഭിച്ചത്‌.
ഇക്കഴിഞ്ഞ ഡിസംബര്‍ ആറിനു ബേഡകം പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ പെര്‍ളടുക്കത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ഉഷ(45)യാണ്‌ കൊല്ലപ്പെട്ടത്‌. രാത്രിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവായ അശോകന്‍ സ്ഥലം വിടുകയായിരുന്നു. ശബരിമല ദര്‍ശനത്തിനു പോകാന്‍ മുദ്രയണിഞ്ഞിരുന്ന അശോകന്‍ രാവിലെ ഭജന മന്ദ്രത്തില്‍ ശരണം വിളിക്ക്‌ എത്താത്തിരുന്നതിനെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ കൊലപാതക വിവരം പുറത്തറിഞ്ഞത്‌.
ഇതിനിടയില്‍ നാടുവിടാനായി അശോകന്‍ കാസര്‍കോട്‌ റെയില്‍വെ സ്റ്റേഷനിലെത്തി. ഇയാളുടെ വസ്‌ത്രങ്ങളില്‍ ചോരപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന്‌ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എ എസ്‌ ഐ പ്രകാശന്‍, എസ്‌ സി പി ഒ ഗംഗാധരന്‍ എന്നിവര്‍ ചേര്‍ന്ന്‌ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്‌തപ്പോഴാണ്‌ പെര്‍ളടുക്കത്ത്‌ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കടന്നു കളഞ്ഞ ഭര്‍ത്താവാണെന്നു വ്യക്തമായത്‌.
ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ച വന്‍ തുക നഷ്‌ടപ്പെട്ടതിനെ തുടര്‍ന്ന്‌ നാടുവിട്ട പത്തനംതിട്ട സ്വദേശിയായ 35 കാരിയെ റെയില്‍വെ സ്റ്റേഷനില്‍ വച്ച്‌ പിടികൂടിയ സംഭവവും മേല്‍പറമ്പില്‍ നിന്നു നാടുവിട്ട യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞതും ഇരുവരെയും ബഹുമതിക്ക്‌ ഇടയാക്കിയ അന്വേഷണ മികവില്‍ ഉള്‍പ്പെടുന്നു.
2001 മുതല്‍ ഡോഗ്‌ സ്‌ക്വാഡിലുള്ള ലോഹിതാക്ഷന്റെ മികവ്‌ പരിഗണിച്ചുകൊണ്ടാണ്‌ ഡി ജി പിയുടെ ബഹുമതിക്ക്‌ അര്‍ഹനാക്കിയത്‌.

NO COMMENTS

LEAVE A REPLY