മുഖ്യപ്രതിയെ തീവ്രവാദ മേഖലയിലെ ഒളികേന്ദ്രത്തില്‍ നിന്നു പിടികൂടി

0
116

കാസര്‍കോട്‌: പോത്തിന്റെ ബോട്ടി ശേഖരിച്ച്‌ വിദേശ രാജ്യങ്ങളിലേയ്‌ക്ക്‌ കയറ്റി അയക്കുന്ന സ്ഥാപനത്തില്‍ നിന്നു 15 ലക്ഷത്തിന്റെ ബോട്ടി മോഷ്‌ടിച്ച്‌ മറിച്ചു കടത്തിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. ആസാം സ്വദേശിയായ ഷെഫീക്കുള്‍ എന്ന സുഫൈജുല്‍ ഇസ്ലാമിനെയാണ്‌ കാസര്‍കോട്‌ ടൗണ്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ എസ്‌ ഐ മധുസൂദനനും സംഘവും ആസാമില്‍ വച്ച്‌ അറസ്റ്റു ചെയ്‌തത്‌. ബംഗ്ലാദേശ്‌ അതിര്‍ത്തിയായ ദൂബ്രി ജില്ലയിലെ ബോഡോ തീവ്രവാദ മേഖലയായ ചാപ്പാര്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ ചാഗല്‍ക്കുട്ടി വനത്തിനു സമീപത്തു വച്ച്‌ ചാപ്പാര്‍ പൊലീസിന്റെയും കേന്ദ്രസേനാംഗവും ചെറുവത്തൂര്‍, കാരിയില്‍ സ്വദേശിയുമായ രാജീവന്റെയും സഹായത്തോടെയാണ്‌ പ്രതിയെ സാഹസികമായി പിടികൂടിയത്‌. പൊലീസ്‌ സംഘത്തില്‍ സി പി ഒ മാരായ ബാബു രാജ്‌ മാക്കോട്‌, ശ്രീജിത്ത്‌ കാവുങ്കല്‍, സി പി ഒ മാരായ ശ്രീജേഷ്‌ അതിയാമ്പൂര്‍, സുനില്‍ കുമാര്‍, കരിവെള്ളൂര്‍ എന്നിവരും ഉണ്ടായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ 16ന്‌ ആണ്‌ കേസിനാസ്‌പദമായ സംഭവം. ഉളിയത്തടുക്കയിലെ മുഹമ്മദ്‌ ഷാഫി, വയനാട്‌ സ്വദേശി അബ്‌ദുല്‍ അസീസ്‌ എന്നിവരുടെ ഉടമസ്ഥതയില്‍ ചൗക്കി, മജലില്‍ പ്രവര്‍ത്തിക്കുന്ന ബോട്ടി സംസ്‌ക്കരണ കേന്ദ്രത്തിലാണ്‌ മോഷണം നടന്നത്‌. ആസാം സ്വദേശികളും ഫാക്‌ടറിയിലെ തൊഴിലാളികളുമായിരുന്ന ഹസ്രത്ത്‌ അലി. അഷ്‌റഫുല്‍ ഇസ്ലാം, ഷെഫീഖുല്‍, ഖൈറുല്‍, ഉമറുല്‍ ഫാറൂഖ്‌, മുഖീബുല്‍ എന്നിവരാണ്‌ കേസിലെ മുഖ്യ പ്രതികള്‍. ഇവരില്‍ സെയ്‌ദുല്‍ (28) റോമ്പിചാല്‍ (27) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്‌തിരുന്നു.പോത്തിന്‍ കുടല്‍ തമിഴ്‌ നാട്‌ സ്വദേശിയുടെ ലോറിയില്‍ കയറ്റി വിട്ട ശേഷം തൊഴിലാളികള്‍ ഫാക്‌ടറിയിലെ മൂന്നു സ്‌കൂട്ടറുകളിലായി രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടറുകള്‍ പിന്നീട്‌ കാസര്‍കോട്‌ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത്‌ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തിരുന്നു.

NO COMMENTS

LEAVE A REPLY