ഗാനമേളയ്‌ക്കിടയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ പുത്തിഗെ സ്വദേശി അറസ്റ്റില്‍

0
125

കൊച്ചി: ഗാനമേളയ്‌ക്കിടയില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്‌തതിനെ തുടര്‍ന്ന്‌ പുറത്താക്കിയ വിരോധത്തില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പുത്തിഗെ സ്വദേശി അറസ്റ്റില്‍. മുഹമ്മദ്‌ ഹുസൈ (25)നെയാണ്‌ കര്‍ണ്ണാടക പൊലീസിന്റെ സഹായത്തോടെ കൊച്ചി, പാലാരിവട്ടം പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഇന്നു രാവിലെയോടെ കൊച്ചിയില്‍ എത്തിച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്‌ച്ച രാത്രിയിലാണ്‌ കേസിനാസ്‌പദമായ സംഭവം. കലൂര്‍ സ്റ്റേഡിയത്തിനു സമീപത്തു ഗാനമേള നടന്നിരുന്നു. ഗാനമേള കാണാന്‍ മുഹമ്മദ്‌ ഹുസൈനും സുഹൃത്തുക്കളും എത്തിയിരുന്നു. ഇതിനിടയില്‍ പരിപാടിക്കെത്തിയ ഒരു പെണ്‍കുട്ടിയെ ഉപദ്രവിച്ചതിനെ തുടര്‍ന്നു മുഹമ്മദ്‌ ഹുസൈനെയും സുഹൃത്തുകളെയും സംഘാടകര്‍ സ്ഥലത്തു നിന്നു പുറത്താക്കിയിരുന്നു. ഈ വിരോധത്തില്‍ പിന്നീട്‌ സ്ഥലത്തേയ്‌ക്ക്‌ തിരിച്ചെത്തിയ മുഹമ്മദ്‌ ഹുസൈന്‍ ഗാനമേളയുടെ സംഘാടകരിലൊരാളായ എം ആര്‍ രാജേഷ്‌ (27) എന്നയാളെ കുത്തിക്കൊന്നുവെന്നാണ്‌ കേസ്‌. സംഭവത്തിനു ശേഷം കൊച്ചി വിട്ട മുഹമ്മദ്‌ ഹുസൈന്‍ മൈസൂരില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ്‌ അറസ്റ്റ്‌.
പൊലീസ്‌ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മുഹമ്മദ്‌ ഹുസൈനെതിരെ കുമ്പള പൊലീസ്‌ സ്റ്റേഷനില്‍ രണ്ടു കേസുകളുള്ളതായി പൊലീസ്‌ പറഞ്ഞു. കൂടുതല്‍ അന്വേഷണം തുടരുന്നു.

NO COMMENTS

LEAVE A REPLY