200ഗ്രാം എം ഡി എം എയും 17 കിലോ കഞ്ചാവുമായി മൂന്നു പേര്‍ അറസ്റ്റില്‍

0
109

കാസര്‍കോട്‌: എക്‌സൈ സും പൊലീസും നടത്തിയ വ്യത്യസ്‌ത പരിശോധനകളിലായി 200ഗ്രാം എം ഡി എം എയും 17.350 ഗ്രാം കഞ്ചാവുമായി മൂന്നു പേരെ അറസ്റ്റു ചെയ്‌തു. സമീപ കാലത്ത്‌ നടന്ന ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്‌.
ജില്ലാ പൊലീസ്‌ മേധാവി ഡോ. വൈഭവ്‌ സക്‌സേനയുടെ നേതൃത്വത്തിലുള്ള ക്ലീന്‍ കാസര്‍കോട്‌ പരിപാടിയുടെ ഭാഗമായാണ്‌ ബദിയഡുക്ക പൊലീസ്‌ റെയ്‌ഡ്‌ നടത്തിയത്‌. ഡിവൈ എസ്‌ പി വി വി മനോജിന്റെ നിര്‍ദ്ദേശ പ്രകാരം ബദിയഡുക്ക എസ്‌ ഐ കെ പി വിനോദ്‌ കുമാറും സംഘവും പെര്‍ള, ഇടിയടുക്കയില്‍ നടത്തിയ വാഹന പരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന 13.950 കിലോ ഗ്രാം കഞ്ചാവ്‌ പിടികൂടി. കടത്തുകാരായ ഉപ്പള, പത്വാടിയിലെ അബൂബക്കര്‍ സിദ്ദീഖ്‌ (28), പൈവളിഗെ, ചിപ്പാറിലെ ഫായിസ്‌ (28) എന്നിവരെ അറസ്റ്റു ചെയ്‌തു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഇടിയടുക്കയില്‍ പൊലീസ്‌ കാര്‍ തടഞ്ഞു പരിശോധിച്ചത്‌.
നാര്‍ക്കോട്ടിക്‌ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ബന്തടുക്ക എക്‌സൈസ്‌ റെയ്‌ഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ വി വി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ്‌ സംഘവും കാസര്‍കോട്‌ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംയുക്തമായി നടത്തിയ റെയ്‌ഡില്‍ കണ്ണൂര്‍ പള്ളിക്കുന്നിലെ അബ്‌ദുല്‍ റസാഖ്‌ വാഴച്ചാലി (36)നെ 1.350 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്‌തു. ഇന്നലെ രാത്രി 10.30 മണിയോടെ കാസര്‍കോട്‌ റെയില്‍വെ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ ഫോമിലെ തെക്കു ഭാഗത്തുള്ള ഭക്ഷണ ശാലയ്‌ക്കു മുന്‍വശത്തു വച്ചായിരുന്നു അറസ്റ്റ്‌.
കഞ്ചാവ്‌ പിടികൂടിയ സംഘത്തില്‍ ആര്‍ പി എഫ്‌ അസി. സബ്‌ ഇന്‍സ്‌പെക്‌ടര്‍ ബിനോയ്‌ കുര്യന്‍, ഹെഡ്‌ കോണ്‍സ്റ്റബിള്‍ രാജീവന്‍, കോണ്‍സ്റ്റബിള്‍ ധനയന്‍, എക്‌സൈസ്‌ പ്രിവന്റീവ്‌ ഓഫീസര്‍ അബ്‌ദുള്ളകുഞ്ഞി, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ പ്രദീഷ്‌, സോനു സൈബാസ്റ്റ്യന്‍ എന്നിവരും ഉണ്ടായിരുന്നു.
കാസര്‍കോട്‌ എക്‌സൈസ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ആന്റ്‌ ആന്റി നാര്‍ക്കോട്ടിക്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ജി വിനോദും സംഘവും കാഞ്ഞങ്ങാട്ട്‌ നടത്തിയ റെയ്‌ഡില്‍ കരിന്തളം, കൂവാറ്റിയിലെ വി രഞ്‌ജിത്തി(37)നെ 200 ഗ്രാമോളം എം ഡി എയുമായി അറസ്റ്റു ചെയ്‌തു. ട്രെയിന്‍ മാര്‍ഗ്ഗം കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നുമായി കാഞ്ഞങ്ങാട്‌ നഗരത്തിലേയ്‌ക്ക്‌ നടന്നു വരുന്നതിനിടയിലായിരുന്നു അറസ്റ്റ്‌.
പ്രിവന്റീവ്‌ ഓഫീസര്‍മാരായ സി കെ അഷ്‌റഫ്‌, കെ സുരേഷ്‌ ബാബു, എം വി സുധീന്ദ്രന്‍, സി ഇ ഒമാരായ എ സാജന്‍, സി അജീഷ്‌, കെ ആര്‍ പ്രജിത്ത്‌, നിഷാന്ത്‌ പി നായര്‍, പി മനോജ്‌, വി മഞ്‌ജുനാഥന്‍, എല്‍ മോഹന്‍ കുമാര്‍, പി ശൈലേഷ്‌ കുമാര്‍, മെയ്‌മോള്‍ജോണ്‍, ഡ്രൈവര്‍ പി വി ദിജിത്ത്‌ എന്നിവരും പരിശോധനാ ഉണ്ടായിരുന്നു.
മഞ്ചേശ്വരം, മിയാപദവ്‌, ബേരിക്കെയില്‍ എസ്‌ ഐ ടോണി ജെ മറ്റം നടത്തിയ വാഹന പരിശോധനയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 1.750 കിലോഗ്രാം കഞ്ചാവു പിടികൂടി. പൊലീസിനെ കണ്ട്‌ ബൈക്കും കഞ്ചാവും ഉപേക്ഷിച്ച്‌ പ്രതികള്‍ ഓടിപ്പോയതായി എസ്‌ ഐ പറഞ്ഞു.

NO COMMENTS

LEAVE A REPLY