തിരുവാതിരച്ചുവടില്‍ കേരളം; ആവേശത്തിരക്കില്‍ നഗരങ്ങള്‍

0
225


കാസര്‍കോട്‌: കോവിഡ്‌ കവര്‍ന്നെടുത്ത രണ്ടു ഓണക്കാലങ്ങളെ ശതകാല പ്രൗഢിയോടെ മാവേലിനാട്‌ തിരിച്ചുപിടിച്ചു ഓണാഘോഷത്തെ വരവേല്‍ക്കുന്നു. വിദ്യാലയങ്ങളിലും, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, നാട്ടുകൂട്ടങ്ങളിലുമെല്ലാം ഓണാഘോഷങ്ങളിലെ പ്രധാന ആകര്‍ഷണം തിരുവാതിര തന്നെ. മാത്രമല്ല, വിസ്‌മൃതമായിക്കൊണ്ടിരുന്ന അനവധി നാടന്‍ കലാരൂപങ്ങള്‍ മത്സരവേദികളിലും നാട്ടിന്‍പുറങ്ങളിലും ഉണര്‍ന്നെണീറ്റു. പരമ്പരാഗത വേഷമണിഞ്ഞുള്ള നൃത്തച്ചുവടുകള്‍ക്കു പുറമെ മുണ്ടും ഷര്‍ട്ടുമണിഞ്ഞ്‌ പെണ്‍കുട്ടികള്‍ ചുവടുവെക്കാനെത്തിയതും കാമ്പസുകളിലടക്കം വ്യത്യസ്‌തയുടെ മനോഹര കാഴ്‌ച്ചയായി.കാസര്‍കോട്‌ കോടതി സമുച്ചയത്തില്‍ ഒരുക്കിയ ഓണാഘോഷത്തിലും ഏറെ ആകര്‍ഷകമായത്‌ വനിതാ അഭിഭാഷകരും, കോടതി വനിതാ ജീവനക്കാരികളും ചേര്‍ന്നൊരുക്കിയ മെഗാതിരുവാതിയായിരുന്നു. പൂക്കള മത്സരവും, ഓണപ്പാട്ടും സദ്യയിലെ വൈവിധ്യവുമായി ഓരോരുത്തരും ഓണാഘോഷം ആവിസ്‌മരണീയമാക്കാനുള്ള ആവേശത്തിലാണ്‌. കാസര്‍കോട്ട്‌ അഞ്ഞൂറിലേറെ പേര്‍ക്ക്‌ സദ്യവിളമ്പിയാണ്‌ പുതിയ ബസ്‌ സ്റ്റാന്റിലെ പാദൂര്‍ കോംപ്ലക്‌സ്‌ സൗഹൃദ കൂട്ടായ്‌മ ഓണാഘോഷത്തിലെ സ്‌നേഹ സംഗമം ഒരുക്കിയത്‌. കോട്ടക്കണ്ണി ജീവാസ്‌ മാനസ ഓഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷ പരിപാടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്‌ഘാടനം ചെയ്‌തു.ജില്ലയിലെ കാമ്പസുകളില്‍ മുമ്പൊന്നും കാണാത്ത ആവേശത്തോടെയാണ്‌ വിദ്യാര്‍ത്ഥികള്‍ ഓണത്തെ വരവേറ്റത്‌. ആഘോഷങ്ങളെ സ്വാതന്ത്ര്യ പ്രഖ്യാപന വേളകളാക്കാനുള്ള പുതിയ കാലത്തെ പെണ്‍കുട്ടികളുടെ സജീവ സാന്നിധ്യം എല്ലായിടത്തും ശ്രദ്ധേയമായിരുന്നു. നാട്ടിന്‍ പുറങ്ങളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിലും സ്‌ത്രീകള്‍ സജീവമായിരുന്നു. പൊടു ഇടം തങ്ങളുടേത്‌ കൂടിയാണെന്ന്‌ പ്രഖ്യാപിച്ചു കൊണ്ട്‌ വീട്ടമ്മമാര്‍ കൂട്ടത്തോടെ സദ്യയൊരുക്കാനും പന്തലൊരുക്കാനും വരെ രംഗത്തിറങ്ങിയത്‌ നാട്ടുകാരില്‍ ആവേശവും കൗതുകവും നിറച്ചു. നഗരത്തിലെ വസ്‌ത്രവ്യാപാരശാലകളില്‍ വന്‍ തിരക്കാണ്‌ ഇന്നലെ അനുഭവപ്പെട്ടത്‌. ഉത്രാടപ്പാച്ചിലിന്‌ രണ്ട്‌ ദിവസമുണ്ടെങ്കിലും അതിന്റെ ആവേശവും തിരക്കും മിക്ക നഗരങ്ങളിലും അനുഭവപ്പെട്ടു. കലാലയങ്ങള്‍ ഓണാഘോഷത്തോടെ അടച്ചതിനെത്തുടര്‍ന്ന്‌ കുടുംബാംഗങ്ങളുടെ ബന്ധുവീടുകളിലേക്കുള്ള യാത്രകള്‍ ആരംഭിച്ചത്‌, ട്രെയിനുകളിലും ബസ്സുകളിലും രാവിലെ മുതല്‍ തന്നെ തിരക്കിനിടയാക്കിയിട്ടുണ്ട്‌. സ്‌പെഷ്യല്‍ ബസ്സുകള്‍ ഓടിക്കേണ്ടതിന്‌ പകരം ചില ഷെഡ്യൂളുകള്‍ മുടക്കി കെ എസ്‌ ആര്‍ ടി സി യാത്രക്കാരെ വലച്ചെന്ന പരാതിയും യാത്രക്കാരില്‍ നിന്ന്‌ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY