രണ്ടാം ഡോസിലെ അനാസ്ഥ അപകടകരമെന്ന്‌ മുന്നറിയിപ്പ്‌

0
43


കാസര്‍കോട്‌: സ്വകാര്യ ലോബിയുടെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി രണ്ടാം ഡോസ്‌ വാക്‌സിനേഷനില്‍ സര്‍ക്കാര്‍ മെല്ലേപ്പോക്ക്‌ കൈക്കൊണ്ടതോടെ ജില്ലയില്‍ വാക്‌സിനേഷന്‍ നിലച്ച അവസ്ഥ. ഇടവേളയിലെ സമയ പരിധി കഴിഞ്ഞിട്ടും കാസര്‍കോട്ട്‌ അരലക്ഷത്തിലേറെ പേര്‍ രണ്ടാം ഡോസ്‌ സ്വീകരിച്ചിട്ടില്ലെന്ന്‌ ആരോഗ്യ വിഭാഗം കണ്ടെത്തി. കോവിഡ്‌ നിയന്ത്രണങ്ങളില്‍ ഇളവ്‌ വന്നതിനെ തുടര്‍ന്ന്‌ ഭീതിയൊഴിഞ്ഞതോടെ പൊതു ഇടങ്ങളിലെ സമ്പര്‍ക്കം വഴി ഈ മാസമാദ്യം കോവിഡ്‌ വ്യാപനത്തില്‍ നേരിയ വര്‍ദ്ധനവ്‌ അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന്‌ ആരോഗ്യ വകുപ്പ്‌ ജില്ലയില്‍ ജാഗ്രത കൈവിടരുതെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നെങ്കിലും രണ്ടാം ഡോസ്‌ വാക്‌സിന്‍ വിതരണം ത്വരിതപ്പെടുത്താന്‍ നടപടിയൊന്നും ആയിട്ടില്ല. രണ്ടാം ഡോസിനോട്‌ ചിലര്‍ വിമുഖത കാട്ടുന്നുവെന്നാണ്‌ അധികൃതര്‍ നല്‍കുന്ന വിശദീകരണം. കോവിഡ്‌ വ്യാപന നിയന്ത്രണങ്ങളിലൂടെ ജില്ല കൈവരിച്ച നേട്ടം ഇതുമൂലം ഇല്ലാതാകുമെന്ന ആശങ്കയും അധികൃതര്‍ പങ്കുവെക്കുന്നു.
ജില്ലയില്‍ ഇടവേള കഴിഞ്ഞിട്ടും രണ്ടാം ഡോസ്‌ എടുക്കാത്തവര്‍ 55500 പേര്‍ ഉണ്ടെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. രണ്ടാം ഡോസ്‌ സ്വീകരിക്കാത്തവര്‍ക്ക്‌ പ്രതിരോധ ശേഷി താഴ്‌ന്നു നില്‍ക്കുന്നതിനാല്‍ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

NO COMMENTS

LEAVE A REPLY