യൂത്ത്‌ ലീഗ്‌ ആസ്ഥാനമന്ദിരം യാഥാര്‍ത്ഥ്യമാകുന്നു; ഉദ്‌ഘാടനം നാളെ: അണികള്‍ ആഹ്ലാദത്തില്‍

0
27


കാസര്‍കോട്‌: മുസ്ലീം യൂത്ത്‌ ലീഗിന്റെ ചിരകാല സ്വപ്‌നമായ ആസ്ഥാനമന്ദിരം യാഥാര്‍ത്ഥ്യമാകുന്നു. ആസ്ഥാനമന്ദിരത്തിന്റെ ഉദ്‌ഘാടനം നാളെ നടക്കും. കോഴിക്കോട്‌ നഗരത്തിലാണ്‌ അത്യാധുനിക രീതിയിലുള്ള മന്ദിരം പണിതിട്ടുള്ളത്‌. മുസ്ലീം ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ ഹൈദരലി തങ്ങളാവും ഉദ്‌ഘാടനം നിര്‍വ്വഹിക്കുകയെന്ന്‌ യൂത്ത്‌ ലീഗ്‌ കേന്ദ്രങ്ങള്‍ പറഞ്ഞു. ഓണ്‍ലൈനിലായിരിക്കും ഉദ്‌ഘാടനം. ലീഗിന്റെയും യൂത്ത്‌ ലീഗിന്റെയും സമുന്നത നേതാക്കള്‍ ചടങ്ങില്‍ നേരിട്ട്‌ പങ്കെടുക്കും. യൂത്ത്‌ ലീഗിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്ക്‌ മാത്രമാണ്‌ നേരിട്ട്‌ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണമുള്ളത്‌. യൂത്ത്‌ ലീഗിനു നേരത്തേ ആസ്ഥാനമന്ദിരമുണ്ടായിരുന്നുവെങ്കിലും വലിയ സ്ഥല സൗകര്യമൊന്നുമില്ലാത്ത ചെറിയൊരു കെട്ടിടമായിരുന്നു. ഇപ്പോള്‍നിര്‍മ്മിച്ചിരിക്കുന്നത്‌ ബഹുനില കെട്ടിടമാണ്‌. ഈ കെട്ടിടത്തില്‍ അത്യാധുനികമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്‌. പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ പ്രസിഡന്റായും പി കെ ഫിറോസ്‌ ജനറല്‍ സെക്രട്ടറിയായും, എം എ സമദ്‌ ട്രഷററുമായുള്ള സംസ്ഥാന കമ്മറ്റി നിലവില്‍ വന്നതോടെ കൈക്കൊണ്ട ആദ്യ തീരുമാനങ്ങളിലൊന്നായിരുന്നു ആസ്ഥാനമന്ദിരം. ഒരു വര്‍ഷത്തിനിടയില്‍ ആ തീരുമാനം സംസ്ഥാന നേതൃത്വം യാഥാര്‍ത്ഥ്യമാക്കി. മുസ്ലീംലീഗിന്റെ യുവജനസംഘടനയായ യൂത്ത്‌ ലീഗ്‌ കേരളത്തിലെ പ്രബല യുവജന സംഘടനകളിലൊന്നാണ്‌. നിലവില്‍ ആറ്‌ ലക്ഷത്തിലധികം സജീവ പ്രവര്‍ത്തകര്‍ സംഘടനക്കുണ്ടെന്ന്‌ ഒരു യൂത്ത്‌ ലീഗ്‌ നേതാവ്‌ അവകാശപ്പെട്ടു. മെമ്പര്‍ഷിപ്പ്‌ വിതരണകാലമായതിനാല്‍ ഈ വര്‍ഷം കൂടുതല്‍ അംഗങ്ങള്‍ സംഘടനയിലെത്തുമെന്നും നേതൃത്വം കണക്ക്‌ കൂട്ടുന്നു.

NO COMMENTS

LEAVE A REPLY