പശുവിന്റെ കുത്തേറ്റ്‌ അധ്യാപകന്‌ ദാരുണാന്ത്യം; മൊഗ്രാല്‍പുത്തൂര്‍ കണ്ണീരില്‍

0
436


കാസര്‍കോട്‌: അരുമയായി വളര്‍ത്തിയ കാളയുടെ കുത്തേറ്റ്‌ അധ്യാപകന്‍ മരിച്ച സംഭവം ജന്മനാടിനൊപ്പം മൊഗ്രാല്‍പുത്തൂരിനെയും കണ്ണീരിലാഴ്‌ത്തി. ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ ഏജുക്കേറ്റര്‍ ആയ ചെറുവത്തൂര്‍, ആനിക്കാടിയിലെ സി രാമകൃഷ്‌ണന്‍ (54)ആണ്‌ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ മരണപ്പെട്ടത്‌. ഇന്നലെ രാവിലെയാണ്‌ തൊഴുത്തില്‍ വെച്ച്‌ രാമകൃഷ്‌ണന്‌ കാളയുടെ കുത്തേറ്റത്‌. പതിനഞ്ചോളം കന്നുകാലികളാണ്‌ രാമകൃഷ്‌ണന്റെ തൊഴുത്തില്‍ ഉള്ളത്‌. പശുവിന്റെ കുട്ടി ആണാണെങ്കില്‍ പോലും അവയെ ഇറച്ചിക്കായി വില്‍പ്പന നടത്താതെ അരുമകളായി വളര്‍ത്തുകയായിരുന്നു രാമകൃഷ്‌ണന്റെ രീതി.
മൊഗ്രാല്‍പുത്തൂരില്‍ ജോലി ചെയ്‌തു വരുന്നതിനിടയിലാണ്‌ രാമകൃഷ്‌ണന്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത്‌ ശ്രദ്ധേയനായത്‌. 17 വര്‍ഷക്കാലം സംയോജിത വികലാംഗ വിദ്യാഭ്യാസ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നതിനിടയില്‍ മാനസിക വെല്ലുവിളി നേരിടുന്നവരെ കണ്ടെത്തുകയും വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്‌തിരുന്നു. രാമകൃഷ്‌ണന്റെ ഇടപെടലിനെ തുടര്‍ന്നാണ്‌ അന്ന്‌ സംസ്ഥാന സമൂഹ്യക്ഷേമ വകുപ്പ്‌ മന്ത്രിയായിരുന്ന എം കെ മുനീര്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത്‌ സന്ദര്‍ശനത്തിന്‌ എത്തിയത്‌. ജീവകാരുണ്യ-മാനുഷിക പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത്‌ രാമകൃഷ്‌ണന്‌ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിരുന്നു. സി പി എം കണ്ണാടിപ്പാറ ബ്രാഞ്ച്‌ അംഗം, കര്‍ഷക സംഘം ജില്ലാ ഭാരവാഹി, സൈമണ്‍ ബ്രിട്ടോ ട്രസ്റ്റ്‌ ചെയര്‍മാന്‍, കെ ആര്‍ ടി എ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
മൃതദേഹം ഇന്നു രാവിലെ കണ്ണാടിപ്പാറ സി പി എം ഓഫീസ്‌ പരിസരത്ത്‌ പൊതുദര്‍ശനത്തിന്‌ വെച്ചശേഷം അനിക്കാടി ശാന്തിഗിരി പൊതുശ്‌മശാനത്തില്‍ സംസ്‌ക്കരിച്ചു. ആനിക്കാടിയിലെ പി കുഞ്ഞിരാമന്‍ നമ്പ്യാര്‍-സി മീനാക്ഷി ദമ്പതികളുടെ മകനാണ്‌. സഹോദരന്‍: രത്‌നാകരന്‍ (ഗവ.സ്‌പെഷ്യല്‍ ടീച്ചേര്‍സ്‌ ട്രെയിനിംഗ്‌ സെന്റര്‍, കാസര്‍കോട്‌).

NO COMMENTS

LEAVE A REPLY