ജില്ലയില്‍ മഴ കനത്തു; ക്ഷീര കര്‍ഷക വെള്ളക്കെട്ടില്‍ വീണു മരിച്ചു

0
37

കാസര്‍കോട്‌/കാഞ്ഞങ്ങാട്‌: ജില്ലയില്‍ കാലവര്‍ഷം കനത്തു. മഴ തുടര്‍ച്ചയായി പെയ്‌തു തുടങ്ങിയതോടെ ജില്ലയിലെ പുഴകളിലും തോടുകളിലും ജല നിരപ്പ്‌ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. നീലേശ്വരം, നെടുങ്കണ്ടയില്‍ ക്ഷീരകര്‍ഷകയായ കെ വി യമുന (58)വെള്ളക്കെട്ടില്‍ വീണു മരിച്ചു. ഗുരുപൂജ അവാര്‍ഡ്‌ ജേതാവും മറത്തുകളി ആചാര്യനുമായ പരേതനായ മടിക്കൈ, വി ബാലകൃഷ്‌ണന്‍ പണിക്കരുടെ ഭാര്യയാണ്‌. പശുവിന്‌ പുല്ലരിയാനായി വീടിന്‌ സമീപത്തെ നിടുങ്കണ്ട പാടശേഖരത്തിലേയ്‌ക്ക്‌ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്ന്‌ അന്വേഷിച്ചപ്പോഴാണ്‌ വെള്ളക്കെട്ടില്‍ വീണ്‌ മരിച്ച നിലയില്‍ കാണപ്പെട്ടത്‌. കെ ടി ശശാങ്കന്‍ (മഹീന്ദ്ര ഫിനാന്‍സ്‌, കാഞ്ഞങ്ങാട്‌), മകനും എന്‍ നീതു മരുമകളുമാണ്‌. സഹോദരങ്ങള്‍: ഓമന (കണിച്ചിറ), സുജാത (പുതിയകോട്ട), എ കെ രമേന്ദ്രന്‍ (എ ഡി എം കാസര്‍കോട്‌), പരേതനായ സുരേന്ദ്രന്‍.
കര്‍ണ്ണാടക പ്രദേശത്ത്‌ മഴ കനത്തു തുടങ്ങിയതോടെ കുമ്പള, ഉപ്പള, ഷിറിയ പുഴകളിലും ജലനിരപ്പ്‌ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്‌. മറ്റു പ്രധാന പുഴകളായ കാര്യങ്കോട്‌, ചൈത്രവാഹിനി, പയസ്വിനി, ചന്ദ്രഗിരി പുഴകളിലും ജലനിരപ്പ്‌ ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സ്ഥിതിയില്ല.

NO COMMENTS

LEAVE A REPLY