തകര്‍ന്ന്‌ വീഴാറായ വീട്ടില്‍ ആശങ്കയോടെ കുടുംബം

0
155

ബദിയഡുക്ക: തകര്‍ന്ന്‌ വീഴാറായ വീട്ടിനുള്ളില്‍ ആശങ്കയോടെ ദിനരാത്രങ്ങള്‍ തള്ളി നീക്കി വൃദ്ധമാതാവും മകളും.
കുംബഡാജെ പതിനൊന്നാം വാര്‍ഡില്‍പ്പെട്ട കൊരയ്‌ക്കാനയിലെ സരസ്വതി (70) മകള്‍ പുഷ്‌പ (40) എന്നിവരാണ്‌ കാലവര്‍ഷം കനത്തതോടെ ആശങ്കയോടെ കഴിയുന്നത്‌.
ആസ്‌ത്‌മ രോഗിയാണ്‌ സരസ്വതി. അവിവാഹിതയായ പുഷ്‌പ അപസ്‌മാര രോഗിയും. അയല്‍ക്കാരാണ്‌ ഇവര്‍ക്ക്‌ അത്യാവശ്യ സഹായങ്ങള്‍ നല്‍കുന്നത്‌. ആശാവര്‍ക്കറും സഹായിക്കുന്നു. സാമൂഹ്യ പെന്‍ഷനായി ലഭിക്കുന്ന തുക നിത്യച്ചെലവിന്‌ ഉപകരിക്കുന്നു. ഈ തുക രണ്ടുപേരുടെയും മരുന്നിന്‌ തികയുന്നില്ലെന്നു പറയുന്നു. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ കക്കൂസോ, കുടിവെള്ള സൗകര്യമോ ഇല്ല. സരസ്വതിക്ക്‌ രണ്ട്‌ ആണ്‍മക്കളുണ്ടെങ്കിലും അവര്‍ കുടുംബമായി മറ്റിടങ്ങളിലാണ്‌ താമസം. നിലവിലുള്ള സ്ഥലത്തിന്‌ മതിയായ രേഖകളോ മറ്റോ കൈവശമില്ലാത്തതിനാല്‍ ലൈഫ്‌ മിഷന്‍ പദ്ധതിയില്‍ അനുവദിച്ച വീടു പോലും ഈ പട്ടിക വര്‍ഗ്ഗ കുടുംബത്തിന്‌ ലഭിച്ചിട്ടില്ല. വാര്‍ഡ്‌ മെമ്പറുടെ സഹകരണത്തോടെ കഴിഞ്ഞ ദിവസം തകര്‍ന്ന്‌ വീഴാറായ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചിരുന്നു. സ്വന്തമായി റേഷന്‍ കാര്‍ഡും മറ്റും ഇല്ലാത്തതുകൊണ്ട്‌ തന്നെ സര്‍ക്കാര്‍ സഹായങ്ങളൊന്നും ലഭിക്കുന്നില്ല. ഈ കുടുംബത്തിന്റെ ദൈന്യാവസ്ഥ മനസ്സിലാക്കി അധികൃതര്‍ ഉടന്‍ കനിയണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

NO COMMENTS

LEAVE A REPLY