ഐ എസ്‌: നിമിഷ ഫാത്തിമയടക്കം മലയാളി യുവതികളുടെ തിരിച്ചുവരവ്‌ അനിശ്ചിതത്വത്തില്‍

0
66

ന്യൂദെല്‍ഹി: ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട ഐ എസ്‌ ഭീകരരുടെ വിധവകളായ നാലു മലയാളി യുവതികളെ ഇന്ത്യയിലേയ്‌ക്ക്‌ തിരികെ കൊണ്ടുവന്നേക്കില്ലെന്ന്‌ റിപ്പോര്‍ട്ട്‌. ദേശീയ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടാണ്‌ ഇത്തരമൊരു തീരുമാനത്തിലെത്താന്‍ വിദേശകാര്യമന്ത്രാലയത്തെ പ്രേരിപ്പിക്കുന്നതെന്നാണ്‌ സൂചന.
നേരത്തെ കാസര്‍കോട്‌, പൊയിനാച്ചിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന നിമിഷ എന്ന ഫാത്തിമ, സോണിയാ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്ബ്‌, റഫീല എന്നിവരാണ്‌ ഇപ്പോള്‍ അഫ്‌ഗാനി സ്ഥാനിലെ ജയിലില്‍ കഴിയുന്നത്‌. മതംമാറിയ ശേഷം ഭര്‍ത്താക്കന്മാര്‍ക്കൊപ്പം 2016-18 കാലത്ത്‌ അഫ്‌ഗാനിസ്ഥാനിലെ നന്‍ഗര്‍ഹറിലേക്ക്‌ എത്തിയതായിരുന്നു നാലുപേരും.
പിന്നീട്‌ അഫ്‌ഗാനിസ്ഥാനില്‍ ഉണ്ടായ വിവിധ ഏറ്റുമുട്ടലുകളില്‍ യുവതികളുടെ ഭര്‍ത്താക്കന്മാരായ നാലു പേരും കൊല്ലപ്പെട്ടിരുന്നു. 2019 ഡിസംബറില്‍ 2019 ഇവര്‍ കുട്ടികളോടൊപ്പം അഫ്‌ഗാന്‍ പൊലീസിനു മുന്നില്‍ കീഴടങ്ങി. അതിനു ശേഷം കാബൂളിലെ ജയിലില്‍ തടവില്‍ കഴിയുകയാണ്‌ നിമിഷഫാത്തിമ ഉള്‍പ്പെടെയുള്ള നാലു യുവതികളും. ഇവര്‍ക്കൊപ്പം 13 രാജ്യങ്ങളില്‍ നിന്നുള്ള ഐ എസ്‌ കാരായ 408 പേരെ തടവില്‍ പാര്‍പ്പിച്ചിട്ടുള്ളതായി നാഷണല്‍ ഡയറക്‌റേറ്റ്‌ ഓഫ്‌ സെക്യൂരിറ്റി അഹമ്മദ്‌ സിയസരാജ്‌ ഇക്കഴിഞ്ഞ ഏപ്രില്‍ 27ന്‌ കാബൂളില്‍ മാധ്യമപ്രവര്‍ത്തകരോട്‌ വെളിപ്പെടുത്തിയിരുന്നു. ഇവരില്‍ ഇന്ത്യക്കാരല്ലാതെ 16 ചൈനക്കാരും 299 പാക്കിസ്ഥാനികളും രണ്ടു വീതം മാലിദ്വീപ്‌, ബംഗ്ലാദേശുകാരുമാണ്‌ ഉള്ളത്‌.
തടവുകാരെ അതാതുരാജ്യങ്ങളിലേയ്‌ക്ക്‌ തിരികെ കൊണ്ടുപോകാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ യുവതികളെ തിരികെ രാജ്യത്തേയ്‌ക്ക്‌ കൊണ്ടുവരുന്ന കാര്യത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്കിടയില്‍ ഭിന്നത ഉണ്ടെന്നാണ്‌ സൂചനകള്‍.
2019 ഡിസംബറില്‍ കാബൂളില്‍ എത്തിയ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കുട്ടികള്‍ക്കൊപ്പം ജയിലില്‍ കഴിയുന്ന നാലുവനിതകളെയും നേരില്‍ കണ്ട്‌ അഭിമുഖം നടത്തിയിരുന്നു. നാലുപേരും തീവ്രമൗലിക വാദ നിലപാടുകളുള്ളവരാണെന്നാണ്‌ അഭിമുഖം നടത്തിയ ഉദ്യോഗസ്ഥരുടെ നിലപാട്‌.
ഫ്രാന്‍സ്‌ സ്വീകരിച്ച മാതൃകയില്‍ യുവതികളെ അവിടെത്തന്നെ വിചാരണ ചെയ്യാന്‍ അഫ്‌ഗാന്‍ അധികൃതരോട്‌ അഭ്യര്‍ത്ഥിക്കണമെന്നാണ്‌ അന്വേഷണ ഏജന്‍സികള്‍ നല്‍കിയ ഉപദേശമെന്ന്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ നിലപാടിനെയായിരിക്കും അന്തിമമായി അംഗീകരിക്കുകയാണെന്നാണ്‌ സൂചന.

NO COMMENTS

LEAVE A REPLY