സുന്ദരയുടെ കൈയില്‍ പണം കണ്ടെത്തി; ഫോണ്‍ വാങ്ങിയ കട തിരിച്ചറിഞ്ഞു

0
34

കാസര്‍കോട്‌: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത്‌ ബി എസ്‌ പി സ്ഥാനാര്‍ത്ഥി പത്രിക നല്‍കിയ പെര്‍ള, വാണിനഗറിലെ സുന്ദരയില്‍ നിന്നു ജില്ലാ ക്രൈംബ്രാഞ്ച്‌ ഒരു ലക്ഷത്തോളം രൂപ കണ്ടെടുത്തു. പത്രിക പിന്‍വലിക്കുന്നതിനു പാരിതോഷികമായി നല്‍കിയ പണത്തില്‍ നിന്നുള്ളതാണ്‌ ഈ പണമെന്നാണ്‌ സൂചന. ലഭിച്ചതായി പറയുന്ന രണ്ടു ലക്ഷം രൂപയില്‍ നിന്നു ബാക്കിപണം ചെലവായിപ്പോയെന്നാണ്‌ സുന്ദരനല്‍കിയ മൊഴി. എന്നാല്‍ ഇതുപൂര്‍ണ്ണമായി വിശ്വസിക്കുന്നതിനു അന്വേഷണ സംഘം തയ്യാറായിട്ടില്ല.ഇന്നലെ ക്രൈംബ്രാഞ്ച്‌ സംഘം വാണിനഗറിലെ വീട്ടിലെത്തി സുന്ദരയുടെ വിശദമായ മൊഴി എടുത്തിരുന്നു. പാരിതോഷികമായി ലഭിച്ച ഫോണ്‍ സുന്ദരയില്‍ നിന്നു കണ്ടെടുക്കുകയും ചെയ്‌തിരുന്നു. നീര്‍ച്ചാലിലെ ഒരു കടയില്‍ നിന്നു വാങ്ങിച്ചതാണ്‌ പ്രസ്‌തുത ഫോണെന്നാണ്‌ സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസ്‌തുത കടയില്‍ അന്വേഷണ സംഘം പരിശോധന നടത്തി. ഫോണ്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം അനുമതിയോടെ ഫോറന്‍സിക്‌ – സൈബര്‍ പരിശോധനയ്‌ക്ക്‌ വിധേയമാക്കാനാണ്‌ പൊലീസിന്റെ നീക്കം.പണം നല്‍കി സ്വാധീനിച്ചാണ്‌ സുന്ദര പത്രിക പിന്‍വലിച്ചതെന്നു കാണിച്ച്‌ സി പി എം സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശന്‍ നല്‍കിയ പരാതി പ്രകാരമാണ്‌ കോടതി അനുമതിയോടെ ബദിയഡുക്ക പൊലീസ്‌ കേസെടുത്തത്‌. പിന്നീട്‌ ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു.

NO COMMENTS

LEAVE A REPLY