ഉപ്പള ബസ്‌സ്റ്റാന്റ്‌ ചെളിക്കുളമായി; നാട്ടുകാര്‍ ആശങ്കയില്‍

0
63

ഉപ്പള: മഴയില്‍ ബസ്‌സ്റ്റാന്റ്‌ ചെളിക്കുളമായതോടെ യാത്രക്കാര്‍ ദുരിതത്തിലായി. നിത്യവും നിരവധി യാത്രക്കാരും ബസുകളും എത്തുന്ന ഉപ്പള ബസ്‌സ്റ്റാന്റാണ്‌ ചെളിക്കുളമായത്‌. ബസ്‌സ്റ്റാന്റിലെ വലിയ കുഴിയില്‍ വെള്ളം നിറഞ്ഞതോടെയാണ്‌ കുളം രൂപപ്പെട്ടത്‌.
നിരവധി ബസുകള്‍ നിത്യവും കയറിയിറങ്ങുകയും വിവിധ ഭാഗങ്ങളിലേക്ക്‌ സഞ്ചരിക്കേണ്ടുന്ന നൂറുകണക്കിന്‌ യാത്രക്കാര്‍ ബസ്‌ കാത്ത്‌ നില്‍ക്കാനും ആശ്രയിക്കുന്ന കാസര്‍കോട്‌- മംഗളൂരു റൂട്ടിലെ പ്രമുഖ ബസ്‌സ്റ്റാന്റുകളിലൊന്നാണിത്‌.കാസര്‍കോട്‌, ബായാര്‍, മംഗളൂരു, മിയാപദവ്‌, ധര്‍മ്മത്തടുക്ക തുടങ്ങി നിരവധി ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ ബസ്‌ കാത്തിരിപ്പിനായി ആശ്രയിക്കുന്നതും ഈ ബസ്‌ സ്റ്റാന്റിനെയാണ്‌. ലോക്‌ഡൗണായതിനാല്‍ യാത്രക്കാര്‍ കുറവാണെങ്കിലും കടകളില്‍ നിന്ന്‌ അവശ്യവസ്‌തുക്കള്‍ വാങ്ങാനും മറ്റു ആവശ്യങ്ങള്‍ക്കും എത്തുന്നവര്‍ക്ക്‌ ആ ചെളിക്കുളം ഏറെ പ്രയാസം സൃഷ്‌ടിക്കുകയാണ്‌. ചെറുവാഹനങ്ങള്‍ ഈ കുളത്തിലൂടെ സഞ്ചരിക്കുമ്പോള്‍ യാത്രക്കാരുടെ ദേഹത്ത്‌ ചെളിവെള്ളം തെറിച്ച്‌ വസ്‌ത്രങ്ങളിലും മറ്റും അഴുക്ക്‌ പുരളുകയാണ്‌. ബസ്‌സ്റ്റാന്റിലേക്ക്‌ പ്രവേശിക്കുന്ന ഭാഗത്താണ്‌ ഈ കുളം രൂപപ്പെട്ടിട്ടുള്ളത്‌. ഓവുചാലുകളില്‍ മാലിന്യങ്ങള്‍ തള്ളുന്നതും പരിസരത്തെ മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാത്തതുമാണ്‌ സ്റ്റാന്റിലെ കുഴിയില്‍ വെള്ളം ഒഴുകിയെത്തി നിറയാന്‍ ഇടയാക്കുന്നതെന്നാണ്‌ പരാതി. പല ഭാഗത്തും ഓവുചാല്‍ ഇല്ലാത്തതും വെള്ളം കെട്ടി നില്‍ക്കാന്‍ കാരണമാകുന്നുണ്ടെന്നും പറയുന്നു. ലോക്‌ഡൗണ്‍ പിന്‍വലിക്കുന്നതോടെ സ്റ്റാന്റില്‍ ബസ്സുകളും യാത്രക്കാരും എത്തി തുടങ്ങും. ഇതോടെ സ്റ്റാന്റില്‍ യാത്രക്കാരുടെ തിരക്ക്‌ അനുഭവപ്പെടും. കുളം അതേപടി നില നിന്നാല്‍ ബസ്സുകളും കുഴിയില്‍ വീണ്‌ അപകടത്തിനു സാധ്യതയുണ്ടെന്ന ആശങ്കയും നാട്ടുകാര്‍ പ്രകടിപ്പിക്കുന്നു.

NO COMMENTS

LEAVE A REPLY