സുന്ദര മൊഴി ആവര്‍ത്തിച്ചു; ഫോണ്‍ ക്രൈംബ്രാഞ്ച്‌ കസ്റ്റഡിയില്‍

0
39

കാസര്‍കോട്‌: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബി എസ്‌ പി സ്ഥാനാര്‍ത്ഥിയുടെ പത്രിക പിന്‍വലിച്ചതുമായി ബന്ധപ്പെട്ട്‌ ബദിയഡുക്ക പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ്‌ സംരക്ഷണയില്‍ വാണിനഗറിലെ ബന്ധുവീട്ടില്‍ കഴിയുന്ന സുന്ദരയില്‍ നിന്നു ക്രൈംബ്രാഞ്ച്‌ ഡി വൈ എസ്‌ പി എ സതീഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നിര്‍ണ്ണായക തെളിവെന്നു കരുതുന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.
ഇന്നലെയാണ്‌ അന്വേഷണ സംഘം സുന്ദരയുടെ വീട്ടില്‍ എത്തിയത്‌. പത്രിക പിന്‍വലിക്കുന്നതിനു രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കര്‍ണ്ണാടകയിലെ മദ്യ ഷോപ്പില്‍ ജോലിയും വാഗ്‌ദാനം ചെയ്‌തുവെന്നാണ്‌ സുന്ദര ആദ്യം പുറത്തു വിട്ടിരുന്നത്‌. ഇതു വിവാദം ആവുകയും എല്‍ ഡി എഫ്‌ സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശന്റെ പരാതിപ്രകാരം കോടതി അനുമതിയോടെ ബി ജെ പി സംസ്ഥാന പ്രസിഡണ്ട്‌ കെ സുരേന്ദ്രനെതിരെ ബദിയഡുക്ക പൊലീസ്‌ കേസെടുക്കുകയും ചെയ്‌തിരുന്നു.
തുടര്‍ന്നാണ്‌ കേസ്‌ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയത്‌. പരാതിക്കാരനായ വി വി രമേശനില്‍ നിന്നു മൊഴിയെടുത്തുകൊണ്ടാണ്‌ സംഘം അന്വേഷണം ആരംഭിച്ചത്‌. ഇതിന്റെ തുടര്‍ച്ചയായാണ്‌ ഇന്നലെ സുന്ദരയുടെ വീട്ടിലും എത്തിയത്‌.
നേരത്തെ മാധ്യമങ്ങളോടും ബദിയഡുക്ക പൊലീസിനോടും പറഞ്ഞ കാര്യങ്ങളാണ്‌ സുന്ദര ഇന്നലെ ക്രൈം ബ്രാഞ്ച്‌ സംഘത്തോടും വ്യക്തമാക്കിയത്‌.
സെക്കന്റ്‌ ഹാന്റ്‌ ഫോണാണ്‌ സുന്ദരയ്‌ക്ക്‌ കൈമാറിയിരുന്നത്‌. ഈ ഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഈ ഫോണ്‍ സൈബര്‍ വിദഗ്‌ദ്ധരുടെ സഹായത്തോടെ വിശദമായി പരിശോധിച്ചാല്‍ കേസിനു നിര്‍ണ്ണായകമാകുമെന്നാണ്‌ അന്വേഷണ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.പ്രസ്‌തുത ഫോണ്‍ നേരത്തെ ആരാണ്‌ ഉപയോഗിച്ചിരുന്നതെന്നാണ്‌ പ്രധാനമായും അന്വേഷിക്കുന്നത്‌. ആരോപണ വിധേയരായരോ, അവരുമായി ബന്ധം ഉള്ളവരോ ആണ്‌ പ്രസ്‌തുത ഫോണ്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ അത്‌ കേസിനു നിര്‍ണ്ണായകമാകുമെന്നാണ്‌ സൂചന.
ദേശീയ രാഷ്‌ട്രീയത്തില്‍ വരെ അലയൊലി ഉണ്ടാക്കിയ കേസായതിനാല്‍ കരുതലും ജാഗ്രതയുമോടെയാണ്‌ കേസ്‌ അന്വേഷണം പുരോഗമിക്കുന്നത്‌.

NO COMMENTS

LEAVE A REPLY