കോവിഡ്‌ കാലത്തും അസ്ലമിന്റെ കച്ചവടം സജീവം

0
9

കാസര്‍കോട്‌: ജീവിതം കരുപ്പിടിപ്പിക്കുവാന്‍ ഗള്‍ഫില്‍ എട്ടുവര്‍ഷക്കാലം ചോര നീരാക്കിയിട്ടും എന്‍ എച്ച്‌ അസ്ലമിനു ലക്ഷ്യം കാണാനായില്ല. ഒടുവില്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ സ്വദേശത്ത്‌ തിരിച്ച്‌ എത്തിയ ഇയാള്‍ വീടുകള്‍ തോറും കയറി ഇറങ്ങി സാധനങ്ങള്‍ വില്‍പന നടത്തി ഉപജീവനത്തിനുള്ള വഴികള്‍ കണ്ടെത്തുകയാണ്‌.
46 കാരനായ അസ്ലം വിദ്യാനഗര്‍, കോപ്പ സ്വദേശിയാണ്‌. ഗള്‍ഫില്‍ എത്തിയാല്‍ സുന്ദരമായ ജീവിതം പടുത്തുയര്‍ത്താമെന്നായിരുന്നു ഈ യുവാവിന്റെയും പ്രതീക്ഷകളും കണക്കു കൂട്ടലുകളും. പക്ഷെ ഗള്‍ഫിലെത്തി എട്ടു വര്‍ഷക്കാലം എല്ലുമുറിയെ പണിയെടുത്തിട്ടും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനാകാതെ വന്നതോടെ നാട്ടില്‍ തിരികെയെത്തി.പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ജീവിക്കാന്‍ ഒരു തൊഴില്‍ വേണം. ജോലിക്കായി പല വഴികളും തേടി. നിരാശയായിരുന്നു ഫലം. ഇതോടെ സ്വയം തൊഴിലിലേയ്‌ക്ക്‌ നീങ്ങാന്‍ തീരുമാനിച്ചു. ചവിട്ടി, ചൂല്‍, പായ തുടങ്ങിയവയൊക്കെ എടുത്തു വീടുകള്‍ തോറും കയറി ഇറങ്ങി. രാവിലെ എട്ടു മണിക്കു തുടങ്ങുന്ന യാത്ര വൈകുന്നേരങ്ങളില്‍ അവസാനിപ്പിക്കുമ്പോള്‍ അസ്ലമിന്റെ പ്രതീക്ഷകള്‍ക്ക്‌ പകിട്ടേറി.
ഇതിനിടയിലാണ്‌ കോവിഡ്‌ എന്ന മഹാമാരി അസ്‌ലമിന്റെ ജീവിതത്തില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തി എത്തിയത്‌. ഒരു നിമിഷം പകച്ചു നിന്നുവെങ്കിലും തളര്‍ന്നില്ല. കോവിഡ്‌ കാലത്തെ അത്യാവശ്യ വസ്‌തുക്കളായ മാസ്‌ക്കുകളും സാനിറ്റൈസറും ഒക്കെയായി അസ്ലം വീടുകള്‍ തോറുമുള്ള യാത്ര തുടര്‍ന്നു. എന്നാല്‍ നിയന്ത്രണങ്ങളൊന്നും പ്രശ്‌നമായില്ലെന്നും പൊലീസിന്റെ ഭാഗത്തു നിന്നു പോലും നല്ല സഹകരണമാണ്‌ ലഭിക്കുന്നതെന്നും അസ്ലം പറഞ്ഞു.
ഇപ്പോള്‍ മാസ്‌ക്കിനു ആവശ്യക്കാര്‍ കുറഞ്ഞു തുടങ്ങിയതോടെ കച്ചവട വസ്‌തുക്കള്‍ മാറ്റിപ്പിടിച്ചു. ഇപ്പോള്‍ ബ്രഷ്‌, ട്രിമ്മര്‍, ബെഡ്‌ഷീറ്റ്‌ എന്നിവയാണ്‌ വീടുകള്‍ തോറും കയറി ഇറങ്ങി വില്‍പ്പന നടത്തുന്നത്‌.

NO COMMENTS

LEAVE A REPLY