സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം

0
26

കാഞ്ഞങ്ങാട്‌: കോവിഡ്‌ ലോക്‌ഡൗണും നിയന്ത്രണങ്ങളും കാരണം ദുരിതം അനുഭവിക്കേണ്ടി വന്നിരിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ ആള്‍ കേരളാ ട്രെയിനിങ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ സ്‌ വെല്‍ഫയര്‍ അസോസിയേഷന്‍ കാസര്‍കോട്‌ ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട്‌ അവശ്യപ്പെട്ടു. കൊവിഡിന്റെ രണ്ടാം തരംഗം എറ്റവും വലിയ ആഘാതം ഏല്‍പിച്ചത്‌ സാങ്കേതിക വിദ്യാഭ്യാസ മേഖലയെയാണ്‌. ഇപ്പോള്‍ ലോക്‌ ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ ഈ തകര്‍ച്ച പൂര്‍ണമായിരിക്കുകയാണ്‌. ഇത്തരമൊരു സാഹചര്യത്തില്‍ അടച്ചു പൂട്ടേണ്ടി വരുന്ന സ്ഥാപനങ്ങളുടെ വാടക ഒഴിവാക്കാന്‍ കെട്ടിട ഉടമകള്‍ക്ക്‌ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും അടച്ചിടുന്ന സ്ഥാപനങ്ങളുടെ ഫിക്‌സഡ്‌ വൈദ്യുതി ചാര്‍ജ്‌ ഓഴിവാക്കി നല്‍കണമെന്നും ആള്‍ കേരളാ ട്രെയിനിങ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌സ്‌ വെല്‍ഫയര്‍ അസോസിയേഷന്‍ കാസര്‍കോട്‌ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. അടച്ചുപൂട്ടലും സാമ്പത്തിക മാന്ദ്യവും കാരണം മുടങ്ങുന്ന ബാങ്ക്‌ വായ്‌പയ്‌ക്ക്‌ പലിശയിളവ്‌ നല്‍കുന്നതിനും കാലാവധി നീട്ടി നല്‍കുന്നതിനും നടപടി വേണം. കഴിഞ്ഞ കോവിഡ്‌ കാലത്ത്‌ ചെറുകിട സംരംഭകര്‍ക്കു നല്‍കാമെന്ന്‌ പറഞ്ഞ കെ എസ്‌ എഫ്‌ ഇ വായ്‌പ ഈ സമയത്തെങ്കിലും നല്‍കുന്നതിനു സാധിക്കണം. മറ്റെല്ലാ മേഖലകളിലും നിരവധിയായ ആശ്വസ നടപടികള്‍ നല്‍കിയെങ്കിലും സാങ്കേതിക വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ കാര്യമായ ഒരു സഹായവും കിട്ടിയില്ല. ബാങ്ക്‌ ലോണും മറ്റു വലിയ ബാധ്യതകളുമായി പിടിച്ചു നില്‌ക്കാന്‍ സാധിക്കാതെ തകര്‍ന്ന്‌ തരിപ്പണമായ സാങ്കേതിക വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിന്‌ ഗവണ്‍മെന്റ്‌ അടിയന്തിരമായി ഇടപെടണമെന്നും എകെടിഐഡബ്ല്യൂഎ ജില്ലാ നേതൃ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട്‌ അനില്‍ കുമാര്‍, ജില്ലാ പ്രസിഡണ്ട്‌ ഷാനവാസ്‌, ജില്ലാ സെക്രട്ടറി റിഷാദ്‌, ജില്ലാ ട്രഷറര്‍ പ്രസാദ്‌, രക്ഷാധികാരി റസാക്ക്‌, ഉണ്ണിക്കൃഷ്‌ണന്‍ കിനാനൂര്‍ എന്നിവര്‍ സംസാരിച്ചു

NO COMMENTS

LEAVE A REPLY