ജില്ലയില്‍ ഇറച്ചിക്കോഴിക്ക്‌ പലയിടത്ത്‌ പലവില

0
51

കാഞ്ഞങ്ങാട്‌: ജില്ലയില്‍ ഇറച്ചിക്കോഴിക്ക്‌ പല വില. ഒരു കിലോ കോഴിക്ക്‌ 75 രൂപ മുതല്‍ 125 രൂപ വരെയാണ്‌ വിവിധ കടകളില്‍ ഈടാക്കുന്നത്‌. കോഴി വ്യാപാരികള്‍ തോന്നിയ വില ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുമ്പോള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക്‌ മിണ്ടാട്ടമില്ല. കാഞ്ഞങ്ങാട്‌ മേഖലയില്‍ വിവിധ സ്ഥലങ്ങളിലുള്ള കടകളില്‍ വ്യത്യസ്‌ത വിലകളാണ്‌ ഇറച്ചിക്കോഴിക്ക്‌ ഈടാക്കുന്നത്‌.
കല്ലൂരാവിയിലെ രണ്ട്‌ കോഴിക്കടകളില്‍ ഒരിടത്ത്‌ 70 രൂപ ഈടാക്കുമ്പോള്‍, മറ്റൊരു കടയില്‍ ഒരു കിലോ കോഴി വില 80 രൂപയാണ്‌. കാഞ്ഞങ്ങാട്‌ ഭാഗത്തേക്കെത്തുമ്പോള്‍, വില 90 മുതല്‍ 100 രൂപ വരെയാണ്‌. മലയോര മേഖലകളിലെ ചില കോഴി വ്യാപാരികള്‍ ഒരു കിലോ കോഴിക്ക്‌ ഈടാക്കിയത്‌ 125 രൂപയാണെന്ന്‌ പരാതിയുണ്ട്‌.
വിശുദ്ധ റംസാന്റെയും, കോവിഡിന്റെയും മറവിലാണ്‌ കോഴി വ്യാപാരികള്‍ പകല്‍ കൊള്ളക്കിറങ്ങിയത്‌.
വ്യാപാരികള്‍ തോന്നിയ വില ഈടാക്കുമ്പോള്‍ കോഴി വില കൃത്യമായെത്രയാണെന്ന്‌ ഉപഭോക്താവിന്‌ അറിയുന്നുമില്ല. കടകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള വില വിവരപ്പട്ടികയില്‍ പല കടകളിലും പല വിലകളാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഓരോ ദിവസവും വില മാറി മറിയുന്നതു മൂലം യഥാര്‍ത്ഥ വില ഉപഭോക്താവിന്‌ അറിയാനും സാധിക്കുന്നില്ല.
മൊത്ത വ്യാപാര വിലയില്‍ നിന്നും മാന്യമായ ലാഭ വിഹിതമെടുത്ത്‌ വ്യാപാരം നടത്തുന്ന കോഴി വ്യാപാരികളുണ്ടെങ്കിലും ഒരു വിഭാഗം വ്യാപാരികള്‍ കോവിഡിന്റെ മറവില്‍ കൊള്ള ലാഭമുണ്ടാക്കുന്നു.
കോഴിക്കടകളിലെ പിടിച്ചുപറി സംബന്ധിച്ചും വ്യത്യസ്‌ത വിലക്കെതിരെയും വ്യാപക പരാതി ഉയര്‍ന്നതിനെതുടര്‍ന്ന്‌ നേരത്തെ സപ്ലൈ ഓഫീസ്‌ അധികൃതര്‍ പരിശോധന നടത്തി യഥാര്‍ത്ഥ വില ഈടാക്കാന്‍ വ്യാപാരികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു.

NO COMMENTS

LEAVE A REPLY