അപകടകരമായ ഡ്രൈവിങ്‌; യുവാവിന്റെ ലൈസന്‍സ്‌ സസ്‌പെന്റ്‌ ചെയ്‌തു; വാഹനം രൂപമാറ്റം വരുത്തിയതിന്‌ പിഴ

0
24

വിദ്യാനഗര്‍: അപകടകരമായി വാഹനം ഓടിച്ച യുവാവിന്റെ ലൈസന്‍സ്‌ ഒരു വര്‍ഷത്തേക്ക്‌ സസ്‌പെന്റ്‌ ചെയ്‌തു.ചെങ്കള പാണലത്തെ മുഹമ്മദ്‌ റാഷിദ്‌(19)ന്റെ ലൈസന്‍സാണ്‌ സസ്‌പെന്റ്‌ ചെയ്‌തത്‌.കഴിഞ്ഞ ഫെബ്രുവരി 26-നാണ്‌ ഡ്രൈവിങ്‌ ലൈസന്‍സ്‌ ലഭിച്ചത്‌.
അനധികൃതമായി രൂപമാറ്റം വരുത്തിയ മഹീന്ദ്രഥാറിന്റെ അപകടകരമായ ഡ്രൈവിങ്‌ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നത്‌ കളക്ടര്‍ ഡോ.സജിത്ത്‌ ബാബുവിന്റെ ശ്രദ്ധയിലും പെട്ടിരുന്നു.കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ ആര്‍.ടി.ഒ.എം.കെ.രാധാകൃഷ്‌ണന്‍ ലൈസന്‍സ്‌ ഒരു വര്‍ഷത്തേക്ക്‌ സസ്‌പെന്റ്‌ ചെയ്‌തു. കെ.എസ്‌.ടി.പി.ചന്ദ്രഗിരി റോഡില്‍ ചെമ്മനാട്‌ വച്ചാണ്‌ ഡിവൈഡര്‍ മറികടന്ന്‌ എതിര്‍വശത്തിലൂടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത്‌. എതിര്‍വശത്തു നിന്ന്‌ വരികയായിരുന്ന ബൈക്ക്‌ യാത്രക്കാരന്‍ ഭാഗ്യം കൊണ്ട്‌ മാത്രമാണ്‌ രക്ഷപ്പെട്ടത്‌. പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളും കുതിച്ചുപായുന്ന വാഹനത്തിന്റെ പിറകില്‍ തൂങ്ങി നില്‍പ്പുണ്ടായിരുന്നു.എസ്‌.എസ്‌.എല്‍.സി.പരീക്ഷ കഴിഞ്ഞുള്ള കുട്ടികളുടെ ആഘോഷത്തില്‍ പങ്കുചേരാനാണ്‌ മുഹമ്മദ്‌ റാഷിദ്‌ വാഹനവുമായി എത്തിയത്‌.അനധികൃതമായി രൂപമാറ്റം വരുത്തിയതിന്‌ 15000 രൂപ പിഴയും ഈടാക്കി. കാഞ്ഞങ്ങാട്‌ നിന്ന്‌ വാടകയ്‌ക്കെടുത്ത വാഹനത്തിലാണ്‌ രൂപ മാറ്റം വരുത്തിയത്‌.വാഹന ഉടമയായ സ്‌ത്രീ ഗള്‍ഫിലാണ്‌.വീട്ടില്‍ സുരക്ഷിതമായി വച്ചിരുന്ന പുത്തന്‍ വാഹനം ഉടമയറിയാതെ സഹോദരനാണ്‌ വാടകയ്‌ക്ക്‌ നല്‍കിയത്‌.
എന്‍ഫോഴ്‌സ്‌മെന്‍റ്‌ ആര്‍.ടി.ഒ.ടി.എം.ജഴ്‌സണിന്റെ നേതൃത്വത്തില്‍ എം.വി.ഐകെ.എം. ബിനീഷ്‌ കുമാര്‍, എ.എം .വി.ഐ മാരായ ഐ.ജി.ജയരാജ്‌ തിലക്‌ , എം സുധീഷ്‌, എസ്‌.ആര്‍ .ഉദയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ വാഹനം പിടികൂടിയത്‌. റോഡ്‌ സുരക്ഷയുടെ ഭാഗമായി ജില്ലയില്‍ നിയമങ്ങള്‍ പാലിക്കാതെ വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ആര്‍.ടി.ഒ. എ.കെ.രാധാകൃഷ്‌ണന്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY