ഡോ. മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത `ബധിര സമൂഹത്തെ സ്‌നേഹിച്ച വലിയ ഇടയന്‍’

0
45

കാസര്‍കോട്‌: “ബധിരര്‍ സമൂഹത്തിന്റെ ഭാഗമാണ്‌, അവര്‍ സമൂഹത്തിന്റേതാണ്‌. സമൂഹം അവരെ തങ്ങളുടെ ഭാഗമായി അംഗീകരിക്കുന്നില്ല എങ്കില്‍ അതിനര്‍ത്ഥം സമൂഹത്തിന്‌ വൈകല്യമുണ്ട്‌ എന്നാണ്‌. വികലാംഗര്‍ സമൂഹത്തിന്റെ പ്രശ്‌നമല്ല, സമൂഹമാണ്‌ വികലാംഗര്‍ക്ക്‌ പ്രശ്‌നം”.കാലം ചെയ്‌ത ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തായുടെ വാക്കുകളാണിത്‌. സമൂഹത്തിലെ പാര്‍ശ്വവത്‌ക്കരിക്കപ്പെട്ടവരോട്‌ എന്നും ആഭിമുഖ്യം പുലര്‍ത്തിയിരുന്ന മെത്രാപ്പോലീത്താ ബധിരരുടെ ഉറ്റ സ്‌നേഹിതനായിരുന്നു.1953 ല്‍ മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പായി അവരോധിക്കപ്പെട്ട തിരുമേനി സഭയുടെ വിവിധ ഭദ്രാസനങ്ങളുടെ അധ്യക്ഷനായി മികച്ച നേത്യത്വം നല്‍കി. 1978 ല്‍ സഫ്രഗന്‍ മെത്രാപ്പോലീത്തയായി. 1999 മുതല്‍ 2007 വരെ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ എന്ന നിലയില്‍ വിശാല ദര്‍ശനത്തോടെ സഭയെ നയിച്ചു.
മാര്‍ത്തോമ്മാ സഭയുടെ മെത്രാപ്പോലീത്ത ആയിരുന്ന കാലയളവില്‍ അദ്ദേഹം ചെര്‍ക്കളയിലെ മാര്‍ത്തോമ്മാ സ്ഥാപനങ്ങളുടെ രക്ഷാധികാരിയായിരുന്നു. ബധിര വിദ്യാലയത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ആരംഭിച്ചതും, ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള സ്‌പീച്ച്‌ ആന്റ്‌ ഹിയറിംഗ്‌ ക്ലിനിക്ക്‌ കെട്ടിടം പണികഴിപ്പിച്ചതും, ബദിയഡുക്ക മാര്‍ത്തോമ്മാ കോളേജ്‌ ഓഫ്‌ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ആരംഭിച്ചതും പ്രസ്‌തുത കാലഘട്ടത്തിലാണ്‌. കാസര്‍കോട്ടെ ബധിര വിദ്യാലയത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക്‌ അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകള്‍ എപ്പോഴും ഉണ്ടായിരുന്നു. ബധിരരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനുള്ള ഉദ്യമങ്ങള്‍ക്ക്‌ തിരുമേനി എല്ലാവിധ പ്രോത്‌സാഹനവും നല്‍കിയിരുന്നു.ബധിരരോട്‌ സംവദിക്കുന്നത്‌ ഏറെ ഇഷ്ടപ്പെട്ടിരുന്ന വലിയ മെത്രാപ്പോലീത്താ മാര്‍ത്തോമ്മാ ബധിര വിദ്യാലയം സന്ദര്‍ശിച്ചപ്പോഴൊക്കെ വിദ്യാര്‍ത്ഥികളോട്‌ സംഭാഷണം നടത്തുന്നതിന്‌ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ബധിര വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ കലോത്സവത്തിലും മറ്റ്‌ മത്സരങ്ങളിലും പങ്കെടുക്കുന്നതിന്‌ തിരുവല്ലാ വഴി യാത്രചെയ്യുമ്പോഴൊക്കെ പൂലാത്തീനില്‍ എത്തി തിരുമേനിയെ കാണുക പതിവായിരുന്നു. തദവസരത്തില്‍ എത്ര തിരക്കായിരുന്നാലും വിദ്യാര്‍ത്ഥികളോടൊപ്പം ചെലവഴിക്കുന്നതിന്‌ തിരുമേനി സമയം കണ്ടെത്തിയി രുന്നു. തിരുമേനി ദീര്‍ഘനേരം അവരോട്‌ സംവദിക്കുക യും അവരെ സത്‌കരിക്കു കയും ചെയ്‌തിരുന്നു. 2003 ല്‍ മാര്‍ത്തോമ്മാ കോളേജ്‌ ഓഫ്‌ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്റെ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ്‌ തിരുമേനി അവസാനമായി കാസര്‍കോട്ട്‌ എത്തിയത്‌.
കാസര്‍കോട്ടെ പൊതു ജനങ്ങളുമായി നല്ല സൗഹ്യദംകാത്തുസൂക്ഷിക്കുന്നതിന്‌ തിരുമേനി ശ്രദ്ധിച്ചിരുന്നു. 2003 ല്‍ തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രിയായിരുന്ന ചെര്‍ക്കളം അബ്‌ദുള്ള തിരുവല്ല പുലാത്തിനില്‍ എത്തി അന്ന്‌ മാര്‍ത്തോമ്മാ മെ ത്രാപ്പോലീത്താ ആയിരുന്ന ക്രിസോസ്റ്റം തിരുമേനിയെ സന്ദര്‍ശിക്കുകയുണ്ടായി. ക്രിസോസ്റ്റം (സ്വര്‍ണനാവുകാരന്‍) എന്ന പേര്‌ അന്വര്‍ഥമാക്കുന്നതായിരുന്നു തിരുമേനിയുടെ പ്രസംഗശൈലി. നര്‍മ്മരസം കലര്‍ന്ന സംഭാഷണത്തിലൂടെ ഉദാത്തമായ ചിന്തകളെ അദ്ദേഹം ജനങ്ങളിലേക്കെത്തിച്ചു. സാമൂഹിക തിന്‍മകള്‍ക്കെതിരെ പേരാടുന്നതില്‍ ബദ്‌ധശ്രദ്ധനായിരുന്ന തിരുമേനി ഒരു വലിയ മനുഷ്യസ്‌നേഹിയുമായിരുന്നു. 2018 ല്‍ രാഷ്ട്രം പത്‌മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു.

NO COMMENTS

LEAVE A REPLY