യാത്രാവിലക്ക്‌ യു എ ഇ അനിശ്ചിതമായി നീട്ടി; ആയിരക്കണക്കിന്‌ പ്രവാസികള്‍ കണ്ണീരില്‍

0
20

കാസര്‍കോട്‌: ഇന്ത്യന്‍ യാത്രക്കാര്‍ക്കുള്ള പ്രവേശന വിലക്ക്‌ യു എ ഇയും, ഒമാനും അനിശ്ചിത കാലത്തേക്ക്‌ നീട്ടിയതോടെ മടക്കയാത്രക്കു തയ്യാറെടുത്തു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന്‌ പ്രവാസികള്‍ കണ്ണീരിലായി. ഇന്ത്യയില്‍ കോവിഡ്‌ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ നേരത്തെ ഈ മാസം 14 വരെ ഏര്‍പ്പെടുത്തിയ വിലക്കാണ്‌ അനിശ്ചിത കാലത്തേക്ക്‌ നീട്ടിയത്‌. യു എ ഇയുടെ ദുരന്ത നിവാരണസേനയും, വ്യോമയാന വകുപ്പുമാണ്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌. യു എ ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം ആണ്‌ വിലക്ക്‌ വീണ്ടും നീട്ടിയ വിവരം പുറത്തറിയിച്ചത്‌.അവധിക്കും മറ്റും നാട്ടിലെത്തി മടക്കയാത്രക്കു തയ്യാറെടുത്ത്‌ കൊണ്ടിരിക്കുന്ന സാധാരണക്കാരായ മലയാളികളടക്കമുള്ള ആയിരക്കണക്കിന്‌ പ്രവാസികളാണ്‌ ഇതോടെ പ്രതിസന്ധിയിലായത്‌. അടുത്തയാഴ്‌ച വിലക്ക്‌ നീക്കിയേക്കുമെന്ന പ്രതീക്ഷയില്‍ മടക്കയാത്രക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ്‌ യാത്രാവിലക്കു വിവരം അറിയുന്നത്‌. ഇതോടെ വിഷമത്തിലായ ഇവരുടെ മടക്കയാത്രയും അനിശ്ചിതത്വത്തിലായി. കോവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ ആദ്യം ഈ മാസം 4 വരെ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം 14 വരെ നീട്ടുകയായിരുന്നു.
നിരോധനം പിന്‍വലിക്കുമെന്ന പ്രതീക്ഷയില്‍ യു എ ഇയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എമിറേറ്റ്‌സും, ഇന്ത്യന്‍ വിമാനക്കമ്പനികളും മടക്കയാത്ര ടിക്കറ്റ്‌ ബുക്കിംഗും ആരംഭിച്ചിരുന്നു. ഒരുലക്ഷത്തിലധികം രൂപയായിരുന്നു മുംബൈയില്‍ നിന്ന്‌ മടക്കയാത്രക്ക്‌ എമിറേറ്റ്‌സ്‌ വിമാനത്തിനുള്ള നിരക്ക്‌. എത്ര പണം ചിലവാക്കിയും മടക്കയാത്ര ടിക്കറ്റെടുക്കാന്‍ പ്രവാസികള്‍ ഒരുങ്ങിയിരുന്നു. ജോലി നഷ്‌ടപ്പെട്ടേക്കുമെന്ന ആശങ്കയാണ്‌ ഭീമമായ നിരക്ക്‌ നല്‍കിയും ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ പ്രവാസികളെ പ്രേരിപ്പിച്ചിരുന്നത്‌.
അവധിക്കെത്തിയവര്‍ നിശ്ചിത സമയത്ത്‌ തിരികെയെത്താത്ത പക്ഷം അവരുടെ ജോലിയെ ബാധിക്കുമെന്ന ആശങ്ക ശക്തമായതും പ്രവാസികളെ വിഷമിപ്പിക്കുന്നുണ്ട്‌. ചുരുങ്ങിയത്‌ ഒരുമാസ കാലത്തേക്കാവും പലരും കുടുംബ സമേതം അവധിക്കായി നാട്ടിലെത്തിയിട്ടുണ്ടാവുക. മടക്കയാത്രക്കുള്ള ടിക്കറ്റും അത്തരക്കാര്‍ നേരത്തെ ബുക്ക്‌ ചെയ്‌തിട്ടുണ്ടാകും. എന്നാല്‍ വിലക്കിനെ തുടര്‍ന്ന്‌ വിമാന സര്‍വ്വീസ്‌ നിര്‍ത്തിവെച്ചതിനാല്‍ ടിക്കറ്റിന്റെ പണവും നഷ്‌ടപ്പെടാന്‍ സാധ്യതയുണ്ട്‌.
ഏറ്റവും അധികം മലയാളികള്‍ ജോലി ചെയ്യുന്ന ഗള്‍ഫ്‌ രാജ്യമാണ്‌ യു എ ഇ. അത്‌കൊണ്ട്‌ തന്നെ ഈ രാജ്യത്തേക്കുള്ള വിലക്ക്‌ മലയാളികളെ സാരമായി ബാധിക്കും. ഈ രാജ്യമുള്‍പ്പെടെയുള്ള ഗള്‍ഫ്‌ രാജ്യങ്ങളെല്ലാം കോവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ്‌. നിലമെച്ചപ്പെടുത്താനുള്ള നടപടികള്‍ രാജ്യങ്ങള്‍ ശക്തമായി നടത്തുന്നുണ്ട്‌. അടച്ചു പൂട്ടിയിരുന്ന സ്ഥാപനങ്ങള്‍ തുറന്നു കൊണ്ടിരിക്കുകയും നഷ്‌ടപ്പെട്ട തൊഴില്‍ തിരികെ ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്‌തു കൊണ്ടിരിക്കുന്ന വേളയിലാണ്‌ അപ്രതീക്ഷിത വിലക്ക്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. യു എ ഇക്കും ഒമാനും പുറമെ കുവൈത്തും സൗദി അറേബ്യയും ഇന്ത്യന്‍ യാത്രക്കാര്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY