ആര്‍ ബാലകൃഷ്‌ണപിള്ള അന്തരിച്ചു

0
7

കൊല്ലം: കേരള കോണ്‍ഗ്രസ്‌ സ്ഥാപക നേതാവും മുന്‍മന്ത്രിയുമായ ആര്‍ ബാലകൃഷ്‌ണപിള്ള (86)അന്തരിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന്‌ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നു പുലര്‍ച്ചെയാണ്‌ വിടവാങ്ങിയത്‌. മൃതദേഹം കൊട്ടാരക്കരയിലെ വീട്ടിലും എന്‍ എസ്‌ എസ്‌ താലൂക്ക്‌ യൂണിയന്‍ ഓഫീസിലും പൊതുദര്‍ശനത്തിന്‌ വെച്ച ശേഷം വൈകീട്ട്‌ അഞ്ചിന്‌ വാളകത്തെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.
കേരള കോണ്‍ഗ്രസ്‌ (ബി) ചെയര്‍മാന്‍, മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. വാളകം കീഴൂട്ട്‌ രാമന്‍പിള്ളയുടെയും കാര്‍ത്ത്യായനി അമ്മയുടെയും മകനായി 1934 ഏപ്രില്‍ ഏഴിനാണ്‌ ബാലകൃഷ്‌ണപിള്ള ജനിച്ചത്‌. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെയാണ്‌ രാഷ്‌ട്രീയത്തില്‍ എത്തിയത്‌. കെ പി സി സി, എ ഐ സി സി എക്‌സിക്യൂട്ടീവ്‌ കമ്മിറ്റികളില്‍ അംഗമായി. 1964 ല്‍ കെ എം ജോര്‍ജ്ജിനൊപ്പം കേരള കോണ്‍ഗ്രസിന്‌ രൂപം നല്‍കി. കോണ്‍ഗ്രസ്‌ വിട്ടിറങ്ങിയ 15 നിയമസഭാംഗങ്ങളില്‍ ഒരാളായി. ജോര്‍ജ്ജ്‌ ചെയര്‍മാനും ബാലകൃഷ്‌ണ പിള്ള കേരള കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയുമായി. സ്ഥാപക സംസ്ഥാന കമ്മിറ്റി ഭാരവാഹികളില്‍ അവസാനത്തെ ആള്‍ ആയിരുന്നു പിള്ള. കെ എം ജോര്‍ജ്ജിന്റെ മരണത്തിന്‌ പിന്നാലെ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയും പാര്‍ട്ടി പിളരുകയും ചെയ്‌തു. 1977 ല്‍ ബാലകൃഷ്‌ണപിള്ള കേരള കോണ്‍ഗ്രസ്‌ (ബി) രൂപീകരിച്ചു.
1960 ല്‍ 25-ാം വയസില്‍ പത്തനാപുരം മണ്ഡലത്തില്‍ നിന്ന്‌ നിയമസഭയിലെത്തി. 1956 ല്‍ വീണ്ടും വിജയിച്ചുവെങ്കിലും 1967, 1970 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 1971 ല്‍ മാവേലിക്കരയില്‍ നിന്ന്‌ ലോക്‌സഭയിലെത്തി. 1977 മുതല്‍ 2001 വരെ തുടര്‍ച്ചയായി ഏഴു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കൊട്ടാരക്കയില്‍ നിന്ന്‌ വിജയിച്ചു. 2006 ല്‍ ഐഷ പോറ്റിയോട്‌ പരാജയപ്പെട്ടു.
1975 ല്‍ അച്യുതമേനോന്‍ മന്ത്രിസഭയിലാണ്‌ ആദ്യമായി മന്ത്രിയായത്‌. പിന്നീട്‌ ഇ കെ നായനാര്‍, കെ കരുണാകരന്‍, എ കെ ആന്റണി മന്ത്രിസഭകളില്‍ മന്ത്രിയായി. അഞ്ചു തവണ മന്ത്രിയായ പിള്ള `പഞ്ചാബ്‌ മോഡല്‍ പ്രസംഗം’ എന്ന പേരില്‍ വിവാദമായ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച അനുഭവവും ഉണ്ടായി.
1982-87 ല്‍ വൈദ്യുതി മന്ത്രിയായിരിക്കെ നടപ്പിലാക്കിയ ഇടമലയാര്‍, കല്ലട പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ സുപ്രീംകോടതി പിള്ളയെ ഒരു വര്‍ഷത്തെ തടവിന്‌ ശിക്ഷിച്ചു. അഴിമതി കേസില്‍ ജയിലില്‍ പോയ ആദ്യത്തെ മന്ത്രി കൂടിയായിരുന്നു പിള്ള. എന്നാല്‍ ശിക്ഷാ കാലാവധി കഴിയുന്നതിന്‌ മുമ്പേ ശിക്ഷാ ഇളവ്‌ ലഭിച്ച്‌ ജയില്‍ മോചിതനായി. കൂറുമാറ്റ നിരോധന നിയമത്തിന്റെ പേരില്‍ സംസ്ഥാനത്ത്‌ അയോഗ്യനാക്കപ്പെട്ട ഏക എം എല്‍ എയും അദ്ദേഹമാണ്‌.2018 ല്‍ ബാലകൃഷ്‌ണപിള്ളയുടെ കേരള കോണ്‍ഗ്രസ്‌ (ബി)വീണ്ടും എല്‍ ഡി എഫിലെത്തി. ഏതാനും സിനിമകളിലും ബാലകൃഷ്‌ണപിള്ള അഭിനയിച്ചിട്ടുണ്ട്‌. പരേതയായ ആര്‍ വത്സലയാണ്‌ ഭാര്യ: ഉഷ മോഹന്‍ദാസ്‌, കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ, ബിന്ദു ബാലകൃഷ്‌ണന്‍ മക്കളും. കെ മോഹന്‍ദാസ്‌, ബിന്ദു ഗണേഷ്‌, ടി ബാലകൃഷ്‌ണന്‍ മരുമക്കളുമാണ്‌.

NO COMMENTS

LEAVE A REPLY