കോവിഡ്‌: ജില്ലയില്‍ കര്‍ശന നിയന്ത്രണം

0
8

കാസര്‍കോട്‌: കോവിഡ്‌ വ്യാപനം രൂക്ഷമാവുകയും പോസിറ്റീവ്‌ ആകുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ജില്ലയില്‍ കര്‍ശനമാക്കാന്‍ തീരുമാനം. ജില്ലാ കളക്‌ടര്‍ ഡോ. ഡി സജിത്‌ബാബുവിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗമാണ്‌ ഇക്കാര്യം തീരുമാനിച്ചത്‌.
59 വെന്റിലേറ്റര്‍ 114 ഐ സി യു ബെഡ്‌, 1101 ഓക്‌സിജന്‍ ബെഡ്‌ 589 സാധാരണ ബെഡ്‌ എന്നിവ ഒരുക്കുമെന്ന്‌ കളക്‌ടര്‍ പറഞ്ഞു. ജില്ലയില്‍ രണ്ടു വെന്റിലേറ്ററുകള്‍ കൂടി നാളെ സ്ഥാപിക്കും.
ജില്ലയില്‍ അനിവാര്യമായ ഓക്‌സിജന്‍ പ്ലാന്റ്‌ സ്ഥാപിക്കണമെന്നും ഇതിനായി പഞ്ചായത്തുകള്‍ ഒരു ലക്ഷം രൂപ വീതം വകയിരുത്തണമെന്നും കളക്‌ടര്‍ നിര്‍ദ്ദേശിച്ചു. പ്ലാന്റ്‌ സ്ഥാപിക്കാനാവശ്യമായ 50 സെന്റ്‌ സ്ഥലം റവന്യൂ വകുപ്പ്‌ അനുവദിക്കും -കലക്‌ടര്‍ അറിയിച്ചു.കോവിഡ്‌ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനു പൊലീസ്‌ നടപടികള്‍ കര്‍ശനമാക്കണമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബേബി ബാലകൃഷ്‌ണന്‍ നിര്‍ദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത്‌ എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും ആരോഗ്യ കേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ സ്ഥാപിക്കുന്നതിനു ഫണ്ട്‌ അനുവദിച്ചിരുന്നുവെന്നും എന്നാല്‍ 22 എണ്ണമാണ്‌ കെ എം സി എല്‍ ഇതുവരെ വിതരണം ചെയ്‌തതെന്നും ഡി എം ഒ ഡോ. എ വി രാംദാസ്‌ പറഞ്ഞു. ഓരോ പൊലീസ്‌ സ്റ്റേഷന്‍ പരിധികളിലും നാലുവീതം ടീമുകളെ പരിശോധനയ്‌ക്കായി നിയമിച്ചിട്ടുണ്ടെന്നു ജില്ലാ പൊലീസ്‌ മേധാവി പി ബി രാജീവ്‌ പറഞ്ഞു.
ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ക്ക്‌ മാത്രമേ പ്രവേശന അനുമതി ഉണ്ടാവുകയുള്ളൂവെന്നും കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY