ബംഗളൂരു തീവണ്ടി സര്‍വ്വീസ്‌ പുനരാരംഭിച്ചു

0
16

കാസര്‍കോട്‌: കണ്ണൂരില്‍ നിന്ന്‌ മംഗളൂരു വഴിയുള്ള ബംഗളൂരു എക്‌സ്‌പ്രസ്‌ ഇന്ന്‌ മുതല്‍ ഓട്ടം പുനരാരംഭിച്ചു. കോവിഡ്‌ വ്യാപനം മൂലം നിര്‍ത്തി വെച്ചിരുന്ന സര്‍വ്വീസണ്‌ പുനരാരംഭിച്ചത്‌. ഉത്തര മലബാറിലെ യാത്രക്കാര്‍ക്ക്‌ ആശ്വാസമായി മംഗളൂരു വഴിയുള്ള കണ്ണൂര്‍ – മംഗളൂരു എക്‌സ്‌പ്രസ്‌ തീവണ്ടി കൂടുതല്‍ സൗകര്യത്തോടെയാണ്‌ സര്‍വ്വീസ്‌ പുനഃരാരംഭിച്ചത്‌. നേരത്തെ ഈ വണ്ടി അഴ്‌ചയില്‍ 3 ദിവസം 78 കി മി അധിക ദൂരമുള്ള മൈസൂര്‍ വഴിയായിരുന്നു ഓടിയിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ ആഴ്‌ചയില്‍ എല്ലാ ദിവസവും കുറഞ്ഞ ദൂരമുള്ള കുനിഗാല്‍, ശ്രാവണ ബളഗോള വഴിയാക്കിയിട്ടുണ്ട്‌. മാത്രമല്ല മംഗളൂരു രണ്ടു മണിക്കൂറോളമുള്ള പിടിച്ചിടല്‍ ഒഴിവാക്കിയിട്ടുമുണ്ട്‌. ഈ വണ്ടി കാര്‍വാറില്‍ നിന്ന്‌ വരുന്ന വണ്ടിയുമായി കൂട്ടിക്കെട്ടിയായിരുന്നു നേരത്തെ മംഗളൂരുവില്‍ നിന്ന്‌ പോയിരുന്നതെങ്കില്‍ ഇപ്പോള്‍ കാര്‍വാര്‍ വണ്ടി സ്വതന്ത്രമായി വേറെത്തന്നെ ഓടിത്തുടങ്ങിയിട്ടുണ്ട്‌. യാത്രക്കാര്‍ക്കിപ്പോള്‍ ഇതുമൂലം ഒന്നര മണിക്കൂര്‍ സമയലാഭമുണ്ട്‌. മുഴുവന്‍ ദൂരം ഓടിയെത്താന്‍ 15 മണിക്കൂര്‍ എടുത്തിരുന്ന ഈ മംഗളൂരു – കണ്ണൂര്‍ വണ്ടി പുതിയ സമയ ക്രമപ്രകാരം പതിമൂന്നര മണിക്കൂറില്‍ എത്തിച്ചേരും. നിലവില്‍ കോയമ്പത്തൂര്‍ വഴിയുളള യശ്വന്ത്‌പൂര്‍ – കണ്ണൂര്‍ എക്‌സ്‌പ്രസിനെക്കാള്‍ അരമണിക്കൂര്‍ കുറഞ്ഞ സമയം കൊണ്ട്‌ ഈ വണ്ടി ഇനി മംഗളൂരില്‍ നിന്ന്‌ കണ്ണൂര്‍ പിടിക്കും. പുതിയ സമയക്രമം: കണ്ണൂര്‍ 16.50, പയ്യന്നൂര്‍ 17.15, നീലേശ്വരം 17.35, കാഞ്ഞങ്ങാട്‌ 17.45, കാസര്‍കോട്‌ 18.05, മംഗളൂരു സെന്‍ട്രല്‍ 20.00 , ബെംഗളൂറു 06.50.തിരിച്ചുളള വണ്ടിയുടെ സമയക്രമം ഇങ്ങനെ: മംഗളൂരു 21.30, മംഗളൂരു സെന്‍ട്രല്‍ 08.15, കാസര്‍കോട്‌ 09.00, കാഞ്ഞങ്ങാട്‌ 09.20, നീലേശ്വരം 09.30 , പയ്യന്നൂര്‍ 09.50, കണ്ണൂര്‍ 10.55, കുമ്പള റെയില്‍ പാസഞ്ചേഴ്‌സ്‌ അസോസിയേഷന്‍ ഇത്‌ സംബന്ധിച്ച്‌ സൗത്ത്‌ വെസ്റ്റേണ്‍ റെയില്‍വേക്ക്‌ നിവേദനം നല്‍കിയിരുന്നു. യാത്രക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച്‌ റൂട്ടിലും സമയക്രമത്തിലും മാറ്റം വരുത്തി വണ്ടി പുനരാരംഭിക്കാന്‍ നടപടിയെടുത്ത റെയില്‍വേ അധികൃതരെ അസോസിയേഷന്‍ അഭിനന്ദിച്ചു.

NO COMMENTS

LEAVE A REPLY