പ്രാര്‍ത്ഥനകള്‍ വിഫലമായി; കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

0
45

കാഞ്ഞങ്ങാട്‌: കടലോരത്തു പ്രാര്‍ത്ഥനകളോടെ കാത്തു നിന്ന നൂറുകണക്കിനുപേരുടെ പ്രതീക്ഷകളെല്ലാം തകര്‍ന്നു. കളിക്കുന്നതിനിടയില്‍ കടലില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തിരമാലയില്‍പ്പെട്ടു കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. വടകര മുക്കിലെ സക്കറിയയുടെ മകന്‍ അജ്‌മലി(14)ന്റെ മൃതദേഹമാണ്‌ ഇന്നു രാവിലെ 6.50ന്‌ കണ്ടെത്തിയത്‌.
ഇന്നലെ വൈകുന്നേരം ആറുമണിയോടെ ബല്ലാ കടപ്പുറത്താണ്‌ അജ്‌മല്‍ അപകടത്തില്‍പ്പെട്ടത്‌. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടയില്‍ കടലില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തിരമാലയില്‍പ്പെട്ടാണ്‌ അജ്‌മലിനെ കാണാതായത്‌.
വിവരമറിഞ്ഞ്‌ മത്സ്യത്തൊഴിലാളികളായ മനോജ്‌, നന്ദു, മഹേഷ്‌, ലക്ഷ്‌മണന്‍, സജിത്ത്‌ എന്നിവര്‍ കടലില്‍ ഇറങ്ങി തെരച്ചില്‍ നടത്തി. മറ്റു മത്സ്യതൊഴിലാളികള്‍ വലയെറിഞ്ഞും രക്ഷാപ്രവര്‍ത്തനം നടത്തി. അഗ്നി ശമനസേന, ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌, തീരദേശ പൊലീസ്‌, ഫിഷറീസ്‌ ബോട്ടിന്റെ സഹായത്തോടെ സിവില്‍ ഡിഫന്‍സ്‌ ടീം, ഗോവയില്‍ പരിശീലനം ലഭിച്ച പത്തംഗ സംഘം എന്നിവര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നു രാവിലെയും തെരച്ചില്‍ നടത്തുന്നതിനിടയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ഹൊസ്‌ദുര്‍ഗ്ഗ്‌ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂ ളിലെ ഒന്‍പതാം തരം വിദ്യാര്‍ത്ഥിയാണ്‌ അജ്‌മല്‍. ഷര്‍ദീന മാതാവ്‌. രണ്ടു സഹോദരങ്ങളുണ്ട്‌. അപകടം സംബന്ധിച്ച്‌ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ കേസെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

NO COMMENTS

LEAVE A REPLY