മംഗ്‌ളൂരുവില്‍ രാത്രികാല കര്‍ഫ്യു

0
56

ന്യൂദെല്‍ഹി/ മംഗ്‌ളൂരു: രാജ്യത്ത്‌ കോവിഡ്‌ വ്യാപനം അതിരൂക്ഷമായി തുടരുന്നു. 24മണിക്കൂറിനുള്ളില്‍ 1,31,968 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ്‌ ഇത്രയും പേര്‍ക്ക്‌ ഒരേ ദിവസം രോഗ ബാധ ഉണ്ടാകുന്നത്‌. 24 മണിക്കൂറിനുള്ളില്‍ 780 പേര്‍ മരണപ്പെട്ടു. കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാണെന്നും എന്നാല്‍ മരണ സംഖ്യ ഉയരാന്‍ സാധ്യതയില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു. രാജ്യത്ത്‌ ഇതുവരെ 1.3 കോടി പേര്‍ക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. നിലവില്‍ 9,79,608 പേര്‍ ചികിത്സയിലുണ്ട്‌. 1,67,642 പേര്‍ മരണപ്പെട്ടു. മഹാരാഷ്‌ട്ര, ഗുജറാത്ത്‌, ഛത്തീസ്‌ഗഡ്‌ സംസ്ഥാനങ്ങളിലെ സ്ഥിതി അതീവ ഗുരുതര നിലയിലേയ്‌ക്ക്‌ നീങ്ങി കൊണ്ടിരിക്കുകയാണ്‌.
രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കി. ഏതൊക്കെ നടപടികള്‍ വേണമെന്ന്‌ സംസ്ഥാനങ്ങള്‍ക്കു തിരുമാനിക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കോവിഡ്‌ കേസുകളില്‍ വര്‍ധനവ്‌ ഉണ്ടായതോടെ കൂടുതല്‍ സംസ്ഥാനങ്ങള്‍ കര്‍ശന നിര്‍ദ്ദേശങ്ങളിലേയ്‌ക്ക്‌ നീങ്ങി. ഡല്‍ഹിക്കും പഞ്ചാബിനും ഗുജറാത്തിനും തമിഴ്‌നാടിനും പിന്നാലെ കര്‍ണ്ണാടകയും രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചു. മംഗ്‌ളൂരു, ഉഡുപ്പി, ബംഗ്‌ളൂരു, തുംകാര്‍, ബീദര്‍ തുടങ്ങി 10 ജില്ലാ ആസ്ഥാനങ്ങളിലാണ്‌ രാത്രി 10 മുതല്‍ പുലര്‍ച്ചെ 5.30 വരെ കര്‍ഫ്യു പ്രഖ്യാപിച്ചത്‌. വേണ്ടിവന്നാല്‍ രാത്രി മുഴുവന്‍ കര്‍ഫ്യു പ്രഖ്യാപിക്കുന്നതിനെ കുറിച്ചും ആലോചിക്കാനാണ്‌ അധികൃതരുടെ തീരുമാനം.
കേരളത്തിലും കോവിഡ്‌ കേസുകള്‍ പെരുകിക്കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലാണ്‌.
കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY