ക്രിക്കറ്റ്‌ പൂരത്തിന്‌ ഇന്നു തുടക്കം; ആദ്യമത്സരത്തില്‍ മുംബൈ ബാംഗ്ലൂരിനെതിരെ

0
43

ചെന്നൈ: ക്രിക്കറ്റ്‌ പ്രേമികളുടെ ആവേശമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി ട്വന്റി ക്രിക്കറ്റിന്റെ 14-ാം സീസണിന്‌ ഇന്നു തുടക്കമാവും. ഇന്ത്യന്‍ നായകന്‍ വീരാട്‌ കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരും ഉപനായകന്‍ രോഹിത്‌ ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും തമ്മിലാണ്‌ ആദ്യമത്സരമെന്നത്‌ ക്രിക്കറ്റ്‌ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു.ഇന്ന്‌ രാത്രി 7.30ന്‌ ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ്‌ ഉദ്‌ഘാടന മത്സരം നടക്കുക. മുംബൈയാണ്‌ നിലവിലെ ചാമ്പ്യന്മാര്‍. തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ്‌ ഇപ്രാവശ്യത്തെ മുംബൈയുടെ വരവ്‌. എന്നാല്‍ ബാംഗ്ലൂര്‍ ലക്ഷ്യമിടുന്നത്‌ ആദ്യ ട്രോഫിയാണ്‌. അതേ സമയം മത്സരത്തിലെ പിച്ച്‌, സ്‌പിന്നര്‍മാര്‍ക്ക്‌ അനുയോജ്യമായതാണെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. ബാറ്റിംഗ്‌ ദുഷ്‌ക്കരമായ വിക്കറ്റാണെങ്കിലും പിടിച്ചുനിന്ന്‌ സ്‌കോര്‍ ഉയര്‍ത്താന്‍ മുംബൈ -ബംഗളൂരു ബാറ്റ്‌സ്‌മാന്‍മാര്‍ക്ക്‌ സാധിക്കുമെന്ന്‌ വിലയിരുത്തപ്പെടുന്നു.രോഹിത്‌ ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും എം എസ്‌ ധോണി നയിക്കുന്ന ചെന്നൈയും വിരാട്‌ കോലിയുടെ ബാംഗളൂരും ഋഷഭ്‌ പന്ത്‌ നയിക്കുന്ന ഡല്‍ഹിയും ഒയിന്‍മോര്‍ഗന്‍ നയിക്കുന്ന കൊല്‍ക്കത്തയും മലയാളി താരം സഞ്‌ജുസാംസണ്‍ നയിക്കുന്ന രാജസ്ഥാനും കെ എല്‍ രാഹുല്‍ നയിക്കുന്ന പഞ്ചാബും ഡേവിഡ്‌ വാര്‍ണര്‍ നയിക്കുന്ന ഹൈദരാബാദുമാണ്‌ ഈ സീസണില്‍ പരസ്‌പരം കൊമ്പുകോര്‍ക്കുന്നത്‌.
ആകെ 60 മത്സരങ്ങള്‍ 6 വേദികളായാണ്‌ നടക്കുന്നത്‌. കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഓരോ മത്സരവും. ഐ പി എല്ലില്‍ ഇത്തവണ ആരു കപ്പുയര്‍ത്തുമെന്ന ആകാംക്ഷയിലാണ്‌ കായിക ലോകം.

NO COMMENTS

LEAVE A REPLY