കാടിറങ്ങിയ പോത്തിനു ദാരുണാന്ത്യം; റീത്ത്‌ വച്ച്‌ നാട്ടുകാരുടെ പ്രതിഷേധം

0
37

ബേത്തൂര്‍പ്പാറ: കാടിറങ്ങിയ എത്തിയ കാട്ടുപോത്ത്‌ ഒടുവില്‍ മരണത്തിനു കീഴടങ്ങി. വനംവകുപ്പ്‌ അധികൃതരോടുള്ള പ്രതിഷേധമെന്നോണം നാട്ടുകാരും മൃഗസ്‌നേഹികളും പോത്തിന്റെ ജഡത്തില്‍ റീത്ത്‌ വച്ച്‌ പ്രതിഷേധിച്ചു. ദിവസങ്ങളായി തീര്‍ത്ഥക്കര, തോട്ടിനരുകില്‍ നാട്ടുകാരുടെ പരിചരണത്തില്‍ കഴിയുകയായിരുന്ന പോത്ത്‌ ഇന്നലെ വൈകുന്നേരത്തോടെയാണ്‌ ചത്തത്‌.
കഴിഞ്ഞ മാസം 16ന്‌ ആണ്‌ കാടിറങ്ങി എത്തിയ കാട്ടുപോത്തിനെ കവുങ്ങിന്‍തോട്ടത്തിലെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്‌. നാട്ടുകാരുടെ നേതൃത്വത്തില്‍ പോത്തിനെ കഠിനപ്രയത്‌നത്തിലൂടെ കരകയറ്റി, തിരികെ കാടുകയറ്റിയെങ്കിലും തിരിച്ചെത്തിയ കാട്ടുപോത്ത്‌ വീണ്ടും കിണറ്റില്‍ വീണു. ആ സമയത്തും രക്ഷകരായെത്തിയത്‌ നാട്ടുകാരാണ്‌. വിശദമായ പരിശോധനയില്‍ പോത്തിന്റെ ഇരുകണ്ണുകള്‍ക്കും കാഴ്‌ച ശക്തിയില്ലെന്നു മനസ്സിലായി. ഇതാണ്‌ രണ്ടു തവണയും കിണറ്റില്‍ വീഴാന്‍ ഇടയാക്കിയതെന്നും വ്യക്തമായി.
പിന്നീട്‌ തോട്ടിനു കരയില്‍ കാട്ടുപോത്തിനു നാട്ടുകാര്‍ ഭക്ഷണവും വെള്ളവും നല്‍കി. പോത്തിനെ വനംവകുപ്പിന്റെ കേന്ദ്രത്തിലേയ്‌ക്ക്‌ മാറ്റണമെന്ന്‌ നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടുവെങ്കിലും അതുണ്ടായില്ല. വനംവകുപ്പ്‌ അധികൃതരും വെറ്റിനറി ഡോക്‌ടറും സ്ഥലത്തെത്തി മടങ്ങിയതല്ലാതെ പോത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിന്‌ കാര്യമായ ഒരു നടപടിയും ഉണ്ടായില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.
ഇതിലുള്ള പ്രതിഷേധമാണ്‌ പോത്ത്‌ ഇന്നലെ വൈകുന്നേരം ചത്തപ്പോള്‍ റീത്ത്‌ വച്ച്‌ പ്രകടിപ്പിച്ചത്‌. അതേ സമയം സമീപകാലത്തായി മൂന്നു പോത്തുകളാണ്‌ വനാതിര്‍ത്തിയിലും വനത്തിനു അകത്തുമായി ചത്തുവീണത്‌. ഇതിന്റെ കാരണം കണ്ടെത്താന്‍ വനംവകുപ്പ്‌ അധികൃതര്‍ക്ക്‌ ഇതുവരെ കഴിഞ്ഞില്ല.
കാട്ടുപോത്തിന്റെ ദയനീയാവസ്ഥ വിവരിച്ചുകൊണ്ട്‌ കാരവല്‍ നേരത്തെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY