സ്വകാര്യ ഫ്‌ളാറ്റിലെ കക്കൂസ്‌ മാലിന്യങ്ങള്‍ കിണറ്റില്‍ തള്ളി; നാട്ടുകാര്‍ പ്രതിഷേധത്തില്‍

0
18

ഉപ്പള: സ്വകാര്യ ഫ്‌ളാറ്റിലെ കക്കൂസ്‌ മാലിന്യങ്ങള്‍ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ തള്ളുന്നതിനെതിരെ നാട്ടുകാര്‍ ഇന്നു രാവിലെ സത്യാഗ്രഹ സമരമാരംഭിച്ചു. ബായാര്‍ റോഡ്‌, കൈക്കമ്പയിലെ ഫ്‌ളാറ്റിനെതിരെയാണ്‌ ആരോപണം. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച്‌ ഇന്നു രാവിലെ 10.30വോടെയാണ്‌ സമരമാരംഭിച്ചത്‌. ജില്ലാ പരിസ്ഥിതി സമിതി പ്രസിഡന്റ്‌ ടി വി രാജേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. ആക്ഷന്‍ കമ്മറ്റി വൈസ്‌ പ്രസിഡന്റ്‌ എം ആര്‍ ഷെട്ടി ആധ്യക്ഷം വഹിച്ചു. മുഹമ്മദ്‌ കൈക്കമ്പ, രാമന്‍ സി, അബ്‌ദുള്‍ റഹ്മാന്‍ ഹാജി, സിദ്ദീഖ്‌ കൈക്കമ്പ, മോണു പ്രസംഗിച്ചു.
ഫ്‌ളാറ്റിലെ സെപ്‌റ്റിക്‌ ടാങ്ക്‌ നിറഞ്ഞു കവിഞ്ഞതിനെ തുടര്‍ന്ന്‌ കക്കൂസ്‌ മാലിന്യങ്ങള്‍ കിണറ്റില്‍ തള്ളുകയായിരുന്നെന്ന്‌ നാട്ടുകാര്‍ പറയുന്നു. ഇതു സംബന്ധിച്ച്‌ മംഗല്‍പാടി പഞ്ചായത്തധികൃതരോട്‌ പരാതി പറഞ്ഞെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ച്‌ പഞ്ചായത്തോഫീസിനു മുന്നില്‍തന്നെയാണ്‌ സമരമാരംഭിച്ചിട്ടുള്ളത്‌. പ്രദേശത്ത്‌ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും 5 മാസമായി ടാങ്കര്‍ വെള്ളം പണം കൊടുത്ത്‌ വാങ്ങിയാണ്‌ നാട്ടുകാര്‍ ഉപയോഗിക്കുന്നതെന്നും കിണര്‍ മലിനമാക്കിയവര്‍ക്കെതിരെ ശക്തമായ നടുപടി സ്വീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരമാരംഭിക്കുമെന്നും ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. കക്കൂസ്‌ മാലിന്യം കിണറ്റില്‍ തള്ളുന്നത്‌ ആരോഗ്യത്തിനു വന്‍ ഭീഷണിയാണെന്നും ഇതു മാരകരോഗങ്ങള്‍ക്കു വഴിവെക്കുമെന്ന ഭയത്തിലാണ്‌ തങ്ങളെന്നും ആരോഗ്യവകുപ്പും പ്രശ്‌നത്തിലിടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY