കാടുകയറിയ ആനകള്‍ മലയിറങ്ങി; വീണ്ടും കൃഷിനാശം

0
17

കാനത്തൂര്‍: അധികൃതരുടെ നിസ്സംഗതയെ തുടര്‍ന്ന്‌ കാട്ടാന ശല്യം വീണ്ടും രൂക്ഷമാവുന്നു. നാല്‌ ദിവസം മുമ്പ്‌ കാട്ടിലേക്ക്‌ മടക്കി അയച്ചിരുന്ന ആനയാണ്‌ ഇന്നലെ നാട്ടിലിറങ്ങി കൃഷി നശിപ്പിച്ചത്‌. കാലിപ്പള്ളത്തെ ഗംഗാധരന്‍ മാസ്റ്റര്‍, സുരേഷ്‌ കുമാര്‍ എന്നിവരുടെ തോട്ടത്തിലിറങ്ങിയ ഒറ്റയാന്‍ കവുങ്ങ്‌, തെങ്ങ്‌, വാഴ, ജലസേചനത്തിന്‌ ഉപയോഗിച്ച പൈപ്പ്‌ തുടങ്ങിയവ വ്യാപകമായി നശിപ്പിച്ചു. ഏതാനും ദിവസം മുമ്പ്‌ ഒറ്റയാന്‍ കുട്ട്യാനം, ചമ്പിലാംകൈ, തീയ്യടുക്കം, കുണിയേരി ഭാഗങ്ങളില്‍ നിലയുറപ്പിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന്‌ നാട്ടുകാര്‍ ആനയെ തെളിച്ച്‌ എരിഞ്ഞിപ്പുഴ, നെയ്യംകയം വഴി പുഴയിലൂടെ കാറഡുക്ക ഫോറസ്റ്റില്‍ എത്തിച്ചിരുന്നു. അവിടെ നിന്നും അഡൂര്‍, പുലിപ്പറമ്പ്‌ വഴി കര്‍ണ്ണാടക വനത്തിലേയ്‌ക്ക്‌ തുരത്തി വിടണമെന്നാണ്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നത്‌. ഇത്‌ നേരത്തെ ചെയ്‌തിരുന്നത്‌ വനംവകുപ്പ്‌ അധികൃതരുടെ നേതൃത്വത്തില്‍ ആയിരുന്നു. എന്നാല്‍ ആനകളെ കാറഡുക്ക വനത്തിലെത്തിച്ച കാര്യം നാട്ടുകാര്‍ അറിയിച്ചിട്ടും അധികൃതര്‍ അനങ്ങിയില്ലെന്നും അവിടെ നിന്നും തിരിച്ചെത്തിയാണ്‌ ആനക്കൂട്ടം ഇപ്പോള്‍ കൃഷി നശിപ്പിച്ചതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.കഴിഞ്ഞ മാസം മൂന്ന്‌ ആനക്കൂട്ടങ്ങളെ പുലിപ്പറമ്പ്‌ വഴി കര്‍ണ്ണാടക ഫോറസ്റ്റിലേക്ക്‌ കടത്തി വിട്ടിരുന്നു. ഇതില്‍ നിന്ന്‌ കൂട്ടം തെറ്റിയ രണ്ട്‌ ആനകളാണ്‌ ഇപ്പോള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.

NO COMMENTS

LEAVE A REPLY