സംഘര്‍ഷം; പെരിയയിലും പരിസരങ്ങളിലും കനത്ത സുരക്ഷ

0
36

ബേക്കല്‍: വോട്ടെടുപ്പിനോടനുബന്ധിച്ച്‌ ഉടലെടുത്ത സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന്‌ പെരിയയിലും, പരിസരങ്ങളിലും പൊലീസ്‌ സുരക്ഷ ശക്തമാക്കി. ഇന്നലെ വൈകിട്ട്‌ പെരിയ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പോളിംഗ്‌ ബൂത്ത്‌ പരിസരത്തുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക്‌ പരിക്കേറ്റിരുന്നു. സി പി എം പ്രവര്‍ത്തകന്‍ പെരിയയിലെ മുകേഷിനാണ്‌ (25)പരിക്കേറ്റത്‌. ഇയാളെ കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. കല്ലേറിലാണ്‌ പരിക്കേറ്റതെന്ന്‌ സി പി എം കേന്ദ്രങ്ങള്‍ പറയുന്നു. വോട്ടിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നത്‌. പൊലീസിന്റെ ശക്തമായ സാന്നിധ്യം രംഗം എളുപ്പം ശാന്തമാക്കി. അടിക്കടി സി പി എം-കോണ്‍ഗ്രസ്‌ സംഘര്‍ഷമുണ്ടായിരുന്ന പ്രദേശമാണ്‌ പെരിയ. ഇരട്ടക്കൊലപാതകം നടന്ന കല്ല്യോട്ടിന്റെ സമീപ പ്രദേശവുമാണ്‌. ഒരു വര്‍ഷം മുമ്പുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പെരിയ പ്രദേശം പൊലീസിന്റെ കര്‍ശ്ശന നിരീക്ഷണത്തിലാണിപ്പോഴും. പൊലീസ്‌ പിക്കറ്റിംഗും നിലനില്‍ക്കുന്നുണ്ട്‌.അതേസമയം വോട്ടെടുപ്പ്‌ സമാധാനപരമായി അവസാനിച്ചതിലുള്ള ആശ്വാസത്തിലാണ്‌ ജനങ്ങളും പൊലീസും. ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപകമായ അക്രമ സംഭവങ്ങള്‍ അരങ്ങേറിയേക്കുമെന്ന ആശങ്ക പരക്കെ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന്‌ കനത്ത പൊലീസ്‌ സുരക്ഷയാണ്‌ എങ്ങും ഏര്‍പ്പെടുത്തിയിരുന്നത്‌. കല്ല്യോട്ട്‌ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കേന്ദ്ര സേനയെയും വിന്യസിച്ചിരുന്നു.

NO COMMENTS

LEAVE A REPLY