വിധിയെഴുത്ത്‌ നാളെ

0
43

തിരു: പോളിംഗ്‌ സാമഗ്രികള്‍ ഏറ്റു വാങ്ങി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേയ്‌ക്ക്‌ നീങ്ങി. കേരളം അടുത്ത അഞ്ചു വര്‍ഷം ആരു ഭരിക്കണമെന്ന്‌ വോട്ടര്‍മാര്‍ നാളെ വിധിയെഴുതും. രാവിലെ ഏഴുമുതല്‍ വൈകിട്ട്‌ ഏഴുവരെയാണ്‌ പോളിംഗ്‌. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും നാളെ നടക്കും. ഇന്നലെ പരസ്യ പ്രചരണം അവസാനിച്ചതിനാല്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ഇന്നു നിശബ്‌ദ പ്രചരണത്തിലാണ്‌. തുടര്‍ഭരണം ലഭിക്കുമെന്നു ഇടതു മുന്നണിയും ഭരണം പിടിച്ചെടുക്കുമെന്നു യു ഡി എഫും ശക്തമായ മുന്നേറ്റം നടത്തുമെന്ന്‌ ബി ജെ പിയും അവകാശപ്പെടുമ്പോള്‍, തെരഞ്ഞെടുപ്പു വിധി ഉറ്റുനോക്കുകയാണ്‌ രാഷ്‌ട്രീയ കേരളം.കഴിഞ്ഞ നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ 77 ശതമാനത്തില്‍ അധികമായിരുന്നു പോളിംഗ്‌. ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ പോളിംഗ്‌ ശതമാനം 76 ശതമാനമായി കുറഞ്ഞു. പോളിംഗ്‌ ശതമാനം എത്രമാത്രം ഉണ്ടാകുമെന്ന്‌ ഉറ്റുനോക്കുകയാണ്‌ പാര്‍ട്ടികളും നേതാക്കളും.തുടര്‍ ഭരണം ഉറപ്പാണെന്നാണ്‌ സി പി എമ്മിന്റെ വിലയിരുത്തല്‍. 80 മുതല്‍ 85വരെ സീറ്റാണ്‌ ഇടതു മുന്നണിയും സി പി എമ്മും പ്രതീക്ഷിക്കുന്നത്‌. എന്നാല്‍ 75 മുതല്‍ 85 വരെ സീറ്റു നേടി അധികാരം പിടിക്കാന്‍ കഴിയുമെന്നാണ്‌ യു ഡി എഫിന്റെ കണക്കു കൂട്ടല്‍.മികച്ച നേട്ടം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നാണ്‌ ബി ജെ പിയുടെ കണക്കു കൂട്ടല്‍. എന്‍ ഡി എ നേടുമെന്നു അവകാശപ്പെടുന്ന വോട്ടുകളെ ഉദ്വോഗത്തോടെയാണ്‌ ഇടതു വലതു മുന്നണികള്‍ വീക്ഷിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ സമാധാനപരമായി നടക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി പൊലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു. ഇന്നു മുതല്‍ പ്രത്യേക പട്രോളിംഗും ആരംഭിച്ചു.

NO COMMENTS

LEAVE A REPLY