എം അലിക്കുഞ്ഞി മുസ്ല്യാര്‍ ഷിറിയ അന്തരിച്ചു

0
47

കുമ്പള: പ്രമുഖ മത പണ്ഡിതനും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷനും കുമ്പള മഞ്ചേശ്വരം സംയുക്ത ഖാസിയുമായ ഷിറിയ എം അലിക്കുഞ്ഞി മുസ്ലിയാര്‍ വിടവാങ്ങി. 86 വയസ്സായിരുന്നു. താജുശ്ശരീഅ എന്ന്‌ പണ്ഡിതലോകത്ത്‌ അറിയപ്പെട്ടിരുന്ന അദ്ദേഹം ആയിരക്കണക്കിനു ശിഷ്യ സമ്പത്തിനു ഉടമയാണ്‌.
1935 മാര്‍ച്ച്‌ നാലിന്‌ അബ്‌ദുള്‍ റഹ്മാന്‍ ഹാജി മറിയം ദമ്പതികളുടെ മകനായി ശിറിയടുക്കത്തെ, ഒളയത്തായിരുന്നു ജനനം. പഴയകാല ഓത്തുപള്ളിയില്‍ നിന്നു പഠനം ആരംഭിച്ചു. മുട്ടുംജുമാമസ്‌ജിദില്‍ മുക്രിയായിരുന്ന മൂസ മുക്രിയാണ്‌ പ്രഥമഗുരു. അഞ്ചാം ക്ലാസ്‌ വരെ സ്‌കൂള്‍ പഠനം കന്നഡ മീഡിയത്തിലായിരുന്നു.ഒളയം മുഹ്‌യുദ്ദീന്‍ മുസ്ലിയാറില്‍ നിന്നാണ്‌ ദര്‍സാരംഭം. പിന്നീട്‌ സൂഫി വര്യനും പണ്ഡിതനുമായ എടക്കാട്‌ കുഞ്ഞഹമ്മദ്‌ മുസ്ലിയാരുടെ ശിഷ്യനായി. രണ്ടു വര്‍ഷത്തെ പഠനത്തിനു ശേഷം പരപ്പനങ്ങാടിയിലെത്തി, സമസ്‌ത മുശാവറ അംഗമായിരുന്ന കാടേരി അബ്‌ദുല്‍ കലാം മുസ്ലിയാരുടെ ദര്‍സില്‍ ചേര്‍ന്ന്‌ ശിഷ്യത്വം സ്വീകരിച്ചു. 1952ല്‍ പൊസോട്ട്‌ ജുമാമസ്‌ജിദില്‍ പൈവളിഗെ മുഹമ്മദ്‌ ഹാജി മുസ്ലിയാരുടെ ദര്‍സിലെത്തി. ഒരു വര്‍ഷത്തിനു ശേഷം ഉപരിപഠനാര്‍ത്ഥം തളിപ്പറമ്പ്‌ ഖുവ്വത്തുല്‍ ഇസ്ലാം അറബിക്‌ കോളേജിലെത്തി. ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ ആയിരുന്നു മുദരിസ്‌. ഇ കെ ഹസന്‍ മുസ്ലിയാറും സി എം വലിയുല്ലാഹിയുമായിരുന്നു പ്രധാനമായും അധ്യാപനം നടത്തിയത്‌.
പിന്നീട്‌ നാട്ടില്‍ തിരിച്ചെത്തി. ഖത്വീബ്‌ ആയി സേവനം ആരംഭിച്ചു. ഇതേസമയം തന്നെ നാട്ടില്‍ തന്നെയുള്ള മുഹമ്മദ്‌ ഹാജി ഉസ്‌താദിന്റെ കീഴിലുള്ള ദര്‍സില്‍ പഠനം നടത്തി. വൈകാതെ നാട്ടിലെ ജോലി മതിയാക്കി ആലിക്കുഞ്ഞി മുസ്ലിയാര്‍ പരപ്പനങ്ങാടിയിലെത്തി കോട്ടുമല അബൂബക്കര്‍ മുസ്ലിയാറുടെ ദര്‍സില്‍ ചേര്‍ന്നു. ഏഴു വര്‍ഷം അവിടെ പഠനം നടത്തി. 1962ല്‍ ദയൂബന്ത്‌ ദാറുല്‍ ഉലൂമില്‍ ഉപരിപഠനം നടത്തി. പഠനത്തിനു ശേഷം നാട്ടില്‍ തിരികെ എത്തി കുമ്പോലില്‍ ആണ്‌ ആദ്യം ദര്‍സ്‌ നടത്തിയത്‌. മുപ്പതാം വയസില്‍ സമസ്‌ത കേന്ദ്ര മുശാവറ അംഗമായി.
സഹോദരങ്ങള്‍: കുഞ്ഞിപ്പഹാജി, അന്തിഞ്ഞി ഹാജി, ബീരാന്‍ ഹാജി, മുഹമ്മദ്‌ അബൂബക്കര്‍ ഹാജി, മൂസ, ആയിഷ, ഹവ്വാഉമ്മ, അബ്‌ദുല്ല.
ഭാര്യ: മറിയം ഹജ്ജുമ്മ. മക്കള്‍: അബ്‌ദുള്‍ റഹ്മാന്‍ നിസാമി, അബൂബക്കര്‍ എം, ത്വയ്യിബ്‌, ഹാഫിള്‌ അന്‍വര്‍ അലി സഖാഫി, ആയിഷ, സൈനബ, കുബ്‌റ, റാബിയ.

NO COMMENTS

LEAVE A REPLY