കല്യോട്ട്‌ ഇരട്ടക്കൊല; 11 പ്രതികളെയും ചോദ്യം ചെയ്‌തു; നിര്‍ണ്ണായക നീക്കങ്ങളുമായി സി ബി ഐ

0
49

കാസര്‍കോട്‌: കല്യോട്ട്‌ ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയലില്‍ കഴിയുന്ന 11 പ്രതികളെയും സി ബി ഐ സംഘം ചോദ്യം ചെയ്‌തു. മൂന്നു ദിവസങ്ങളായി സെന്‍ട്രല്‍ ജയിലില്‍ വെച്ച്‌ സി ബി ഐ ഡിവൈ എസ്‌ പി അനന്തകൃഷ്‌ണന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഇരട്ടക്കൊലക്കേസില്‍ പ്രതികളായി ജാമ്യത്തിലിറങ്ങിയ സി പി എം മുന്‍ ഉദുമ ഏരിയാ സെക്രട്ടറിയും ഇപ്പോഴത്തെ കാഞ്ഞങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമായ കെ മണികണ്‌ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്‌ണന്‍, പെരിയ ആലക്കോട്‌ സ്വദേശി മണി എന്നിവരെ നേരത്തെ ചോദ്യം ചെയ്‌തിരുന്നു. ഇവരുടെ മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷമാണ്‌ എറണാകുളം സി ബി ഐ കോടതിയുടെ അനുമതിയോടെ ജയിലില്‍ കഴിയുന്ന 11 പ്രതികളെയും മൂന്ന്‌ ദിവസങ്ങള്‍ കൊണ്ട്‌ ചോദ്യം ചെയ്‌തത്‌. മുഖ്യ പ്രതി സി പി എം മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍ (54), സി ജെ സജി (51), കെ എം സുരേഷ്‌ (27), കെ അനില്‍കുമാര്‍ (33), കുണ്ടംകുഴി മലാംകടവിലെ എ അശ്വിന്‍ (18), ആര്‍ ശ്രീരാഗ്‌ (22), ജി ഗിജിന്‍ (26), തന്നിത്തോട്ടെ എ മുരളി (36), കണ്ണോത്തെ രഞ്‌ജിത്ത്‌ (24), പ്രദീപന്‍ (38), വെളുത്തോളിയിലെ എ സുബീഷ്‌ (29) എന്നിവരെയാണ്‌ ചോദ്യം ചെയ്‌തത്‌. ഇവരുടെയെല്ലാം മൊഴികള്‍ വിശദമായി പരിശോധിച്ചുവരികയാണ്‌ അന്വേഷണ സംഘം.
പ്രതികള്‍ നേരത്തെ ക്രൈംബ്രാഞ്ചിന്‌ നല്‍കിയ മൊഴികളുമായി ഇപ്പോഴത്തെ മൊഴിക്ക്‌ എന്തെങ്കിലും വൈരുദ്ധ്യം ഉണ്ടോയെന്നാണ്‌ പ്രധാനമായും പരിശോധിക്കുന്നത്‌. മൊഴികളുടെ വിശകലനം പൂര്‍ത്തിയായ ശേഷം കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നാണ്‌ സൂചന.

NO COMMENTS

LEAVE A REPLY