ഗുണ്ടാ ആക്രമണം: ഒരാള്‍ അറസ്റ്റില്‍; കൊലക്കേസ്‌ പ്രതിയടക്കം മൂന്നുപേരെ തെരയുന്നു

0
77

കാസര്‍കോട്‌: തായലങ്ങാടിയില്‍ വ്യാപാരിയെയും സഹോദരനെയും കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പുളിക്കൂറിലെ ആഷിഫി(32)നെയാണ്‌ ഇന്‍സ്‌പെക്‌ടര്‍ കെ വി ബാബു അറസ്റ്റ്‌ ചെയ്‌തത്‌. പ്രതിയെ കോടതി രണ്ടാഴ്‌ച്ചത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു.
മിനിഞ്ഞാന്ന്‌ രാത്രി എട്ടുമണിയോടെയാണ്‌ നഗരത്തെ ഭീതിയിലാഴ്‌ത്തി തായലങ്ങാടിയില്‍ ഗുണ്ടാ ആക്രമണം നടന്നത്‌. തായലങ്ങാടിയിലെ ജ്യൂസ്‌ കടയുടമ ഇല്ല്യാസ്‌ (26), സഹോദരന്‍ താജുദ്ദീന്‍ (31) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. തളങ്കര ഭാഗത്തേയ്‌ക്ക്‌ കാറില്‍ പോയി തിരികെ സഹോദരന്റെ കടയ്‌ക്ക്‌ സമീപത്തെത്തിയപ്പോള്‍ മറ്റൊരു കാറില്‍ പിന്തുടര്‍ന്നെത്തിയ നാലംഗ സംഘം താജുദ്ദീനെ അക്രമിക്കുകയായിരുന്നുവെന്നു പൊലീസ്‌ പറഞ്ഞു. പരിക്കേറ്റ താജുദ്ദീന്‍ സഹോദരന്റെ കടയിലേക്ക്‌ ഓടിക്കയറുകയായിരുന്നു. പിന്തുടര്‍ന്നെത്തിയ അക്രമികള്‍ അവിടെ വെച്ചും അക്രമം തുടര്‍ന്നു. അക്രമം തടയുന്നതിനിടയിലാണ്‌ ഇല്ല്യാസിന്‌ വെട്ടേറ്റത്‌. വിവരമറിഞ്ഞ്‌ പൊലീസ്‌ എത്തുമ്പോഴേക്കും അക്രമികള്‍ കാറില്‍ രക്ഷപ്പെട്ടിരുന്നു. പിന്നീട്‌ ദേര്‍ളക്കട്ടയില്‍ വെച്ചാണ്‌ ആസിഫിനെ പൊലീസ്‌ പിന്തുടര്‍ന്ന്‌ പിടികൂടിയത്‌.
അക്രമത്തിന്റെ കാരണം പരിശോധിച്ചു വരികയാണെന്നും ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ്‌ പറഞ്ഞു. ഒളിവില്‍ പോയവരില്‍ ഒരാള്‍ കൊലക്കേസ്‌ പ്രതിയാണെന്നും പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY