കണ്ണൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ എട്ടു കോടിയില്‍പ്പരം രൂപ തട്ടിയെടുത്ത വിരുതന്‍ ഒടുവില്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശ്, കാലാപത്തര്‍, ജില്ലയിലെ അലിബാഗ് സ്വദേശി സയ്യിദ് ഇക്ബാല്‍ ഹുസൈ(47)നെയാണ് കണ്ണൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. കണ്ണൂര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ അജിത്ത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം സൈബര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
കണ്ണൂര്‍, പള്ളിക്കുളം സ്വദേശി ശരത്തിന്റെ 29,25,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ശരത്തിന്റെ അക്കൗണ്ടില്‍ നിന്നു തട്ടിയ പണത്തില്‍ നിന്നു 18,25,000 രൂപ മാത്രമേ തനിക്ക് ലഭിച്ചിട്ടുള്ളുവെന്നും ബാക്കി തുക കൂട്ടു പ്രതികള്‍ കൈക്കലാക്കിയെന്നാണ് ഇക്ബാല്‍ ഹുസൈന്‍ പൊലീസിനു മൊഴി നല്‍കിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 18 മുതല്‍ മെയ് ഏഴുവരെയുള്ള ദിവസങ്ങളിലാണ് ഷെയര്‍ ട്രേഡിംഗ് ഇടപാടിന്റെ പേരില്‍ ശരത്തിന്റെ പണം തട്ടിയെടുത്തത്.
രാജ്യത്തൊട്ടാകെയായി ഇക്ബാല്‍ ഹുസൈന്റെ പേരില്‍ 267 ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. അമിതലാഭം വാഗ്ദാനം ചെയ്താണ് ഇയാള്‍ ഇരകളെ കെണിയില്‍ വീഴ്ത്തിയിരുന്നത്. ആന്ധ്രയിലെ ഷംസീര്‍ ബെഞ്ചിലുള്ള ദേശസാല്‍കൃത ബാങ്കിന്റെ ശാഖയില്‍ വ്യാജസ്ഥാപനത്തിന്റെ പേരില്‍ ആരംഭിച്ച അക്കൗണ്ടിലേക്കാണ് പണമെത്തിച്ചിരുന്നത്. പൊലീസ് അറസ്റ്റു ചെയ്യുന്ന സമയത്ത് പ്രസ്തുത അക്കൗണ്ടില്‍ 14 ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കി ഏഴേ മുക്കാല്‍ കോടി രൂപ എങ്ങോട്ടു പോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.