തിരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കല്‍; പൊടിതീറ്റിച്ചും കുഴിയില്‍ചാടിച്ചും ഉക്കിനടുക്ക-ചെര്‍ക്കള അന്തര്‍ സംസ്ഥാന റോഡ്‌

0
76

ബദിയഡുക്ക: വാഹനത്തിരക്കേറിയ കാസര്‍കോട്‌-പുത്തൂര്‍ അന്തര്‍ സംസ്ഥാന റോഡില്‍ യാത്രക്കാര്‍ ഇപ്പോഴും പൊടി തിന്നുന്നു; കുഴിയില്‍ച്ചാടി നടുവനക്കാന്‍ കഴിയാതെ വിഷമിക്കുന്നു.അതേ സമയം കുഴിയില്‍ ചാടിച്ചാടി നട്ടും ബോള്‍ട്ടും യന്ത്രത്തകരാറും പതിവായതോടെ ഈ റൂട്ടില്‍ സ്ഥിരം ഓടോണ്ട വാഹനങ്ങള്‍ ഇതുവഴിയുള്ള ഓട്ടം മതിയാക്കി മറ്റുവഴികള്‍ തേടുന്നു. മറ്റു മാര്‍ഗമൊന്നുമില്ലാത്ത സാധാരണ യാത്രക്കാര്‍ ഇപ്പോഴും എല്ലാം ശരിയാവുമെന്നും പ്രതീക്ഷിച്ചു പീഡനം സഹിക്കുന്നു.ചെര്‍ക്കളയില്‍ നിന്ന്‌ സംസ്ഥാനാതിര്‍ത്തിയായ അടുക്കസ്ഥലയിലേക്കുള്ള 28 കിലോമീറ്റര്‍ റോഡ്‌ വീതികൂട്ടി ആധുനിക സംവിധാനങ്ങളോടെ ടാര്‍ ചെയ്യുന്നതിന്‌ അഞ്ചു വര്‍ഷം മുമ്പാണ്‌ 50 കോടിയോളം രൂപ അനുവദിച്ചത്‌. ഈ റോഡിന്റെ മഞ്ചേശ്വരം മണ്ഡലം പരിധിയില്‍ വരുന്ന അടുക്കസ്ഥല മുതല്‍ ഉക്കിനടുക്ക വരെയുള്ള റോഡ്‌ കരാര്‍ ലഭിച്ചുടനെ മംഗലാപുരത്തുകാരായ കരാറുകാര്‍ പണിപൂര്‍ത്തിയാക്കിയിരുന്നു. ഉക്കിനടുക്കമുതല്‍ ചെര്‍ക്കളവരെയുള്ള റോഡ്‌ യാത്രക്കാര്‍ക്കു ഭീഷണിയായി മാറിയതോടെ വിവിധ സംഘടനകള്‍ പ്രക്ഷോഭമാരംഭിച്ചു. ഒടുവില്‍ നെല്ലിക്കട്ടയില്‍ യുവാക്കള്‍ പ്രതിഷേധം കടുപ്പിച്ചതോടെ അടുത്തിടെ പണി ആരംഭിച്ചെങ്കിലും അതു ജനങ്ങളെ പൊടിതീറ്റിക്കുന്ന പദ്ധതിയായി മാറുകയാണെന്നു പരാതിയുണ്ട്‌.ഉക്കിനടുക്ക മുതല്‍ ചെര്‍ക്കളവരെയുള്ള റോഡ്‌ കാസര്‍കോട്‌ നിയമസഭാ മണ്ഡലം പരിധിയിലാണ്‌. ചെര്‍ക്കള പരിസരവാസികളായ കരാറുകാര്‍ ആദ്യം കരാറെടുത്തെങ്കിലും പിന്നീടു പിന്‍മാറുകയായിരുന്നെന്നു പറയുന്നു. ചെര്‍ക്കള സമീപത്തെ കരാറുകാര്‍ പിന്നീടതു കരാറെടുത്തെങ്കിലും അവരും പണി ചെയ്യാതിരുന്നു. ജനങ്ങള്‍ പ്രകടനമാരംഭിച്ചതോടെ ആദ്യത്തെ കരാറുകാര്‍ അയയുകയും പണി തുടരാന്‍ സന്നദ്ധരാവുകയുമായിരുന്നെന്നു പറയുന്നു.
ഇപ്പോള്‍ ടാറിളകി കുഴിയായിരുന്ന റോഡിലെ പഴയ ടാറിംഗ്‌ ചില സ്ഥലങ്ങളില്‍ നിന്ന്‌ ഇളക്കി മാറ്റിയിട്ടുണ്ട്‌. ഈ സ്ഥലത്തുകൂടി വാഹനങ്ങള്‍ പോകുമ്പോള്‍ റോഡും പരിസരവും പൊടിപടലം കൊണ്ടു മൂടുന്നു. ഇതു തടയാന്‍ ഇടയ്‌ക്കിടക്കു വെള്ളം തളിക്കുന്നുണ്ടെങ്കിലും അതു ഫലപ്രദമാവില്ലെന്നു നാട്ടുകാരും പരാതിപ്പെടുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ്‌ പടിവാതിക്കല്‍ എത്തിനില്‍ക്കേ ഈ റോഡ്‌ കടന്നു പോവുന്ന പ്രദേശത്തെ ജനങ്ങള്‍ക്കു സ്ഥാനാര്‍ത്ഥികളും മുന്നണികളും എന്തു വാഗ്‌ദാനമാണ്‌ നല്‍കുകയെന്നു നാട്ടുകാര്‍ കാത്തിരിക്കുന്നു. ജനകീയ പ്രശ്‌നങ്ങളോടു മുഖം തിരിഞ്ഞുനില്‍ക്കുന്ന അധികൃത നിലപാട്‌ ജനങ്ങളില്‍ പ്രതിഷേധമുയര്‍ത്തുകയാണ്‌.

NO COMMENTS

LEAVE A REPLY