ഉദുമയും മഞ്ചേശ്വരവും ജില്ലയിലെ പ്രസ്റ്റീജ്‌ മണ്ഡലങ്ങള്‍: പുതിയ വോട്ടര്‍മാരുടെ നിലപാട്‌ നിര്‍ണ്ണായകം

0
26

കാസര്‍കോട്‌: അഞ്ച്‌ മണ്ഡലങ്ങളുള്ള കാസര്‍കോട്‌ ജില്ലയില്‍ പ്രസ്റ്റീജ്‌ മത്സരങ്ങള്‍ക്ക്‌ കാതോര്‍ത്ത്‌ ഉദുമയും മഞ്ചേശ്വരവും.
2016ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും ചുരുങ്ങിയ ഭൂരിപക്ഷത്തിനു വിജയിച്ച മണ്ഡലങ്ങളാണ്‌ ഇവ രണ്ടും. മഞ്ചേശ്വരത്ത്‌ രണ്ടാം വട്ട ജനവിധി തേടി ഇറങ്ങിയ മുസ്ലീം ലീഗിലെ പി ബി അബ്‌ദുല്‍ റസാഖ്‌ 89 വോട്ടുകള്‍ക്ക്‌ കഷ്‌ടിച്ചാണ്‌ രക്ഷപ്പെട്ടത്‌. എന്നാല്‍ പിന്നീട്‌ പി ബിയുടെ ആകസ്‌മിക വിയോഗത്തെ തുടര്‍ന്ന്‌ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എം സി ഖമറുദ്ദീന്റെ ഭൂരിപക്ഷം ഒന്‍പതിനായിരം കടന്നു. ഇത്തവണ ഖമറുദ്ദീന്‍ മത്സരരംഗത്തുണ്ടാകില്ലെന്നു ഉറപ്പിച്ചിട്ടുണ്ട്‌. ബി ജെ പിയില്‍ നിന്നു കെ സുരേന്ദ്രന്റെ പേര്‌ ഉയരുന്നുണ്ടെങ്കിലും അദ്ദേഹം മഞ്ചേശ്വരത്തെ മത്സരത്തിനു തയ്യാറാകില്ലെന്നാണ്‌ സൂചന. ഇടതു മുന്നണിയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയചര്‍ച്ചകള്‍ തുടരുകയാണ്‌. ജില്ലാ സെക്രട്ടറിയേറ്റംഗം ഡോ. വി പി പി മുസ്‌തഫയുടെയും കെ ആര്‍ ജയാനന്ദയുടെയും പേരുകള്‍ക്കാണ്‌ സി പി എമ്മില്‍ മുന്‍ഗണന. 8,965 പുതിയ വോട്ടര്‍മാരാണ്‌ മഞ്ചേശ്വരം മണ്ഡലത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ജനവിധി രേഖപ്പെടുത്താന്‍ ഒരുങ്ങുന്നത്‌.മഞ്ചേശ്വരത്തിനൊപ്പം ജില്ലയില്‍ രാഷ്‌ട്രീയവൃത്തങ്ങള്‍ ഉറ്റുനോക്കുന്ന മണ്ഡലമാണ്‌ ഉദുമ. വര്‍ഷങ്ങളായി സി പി എമ്മിന്റെ കുത്തകമണ്ഡലമാണ്‌ ഉദുമ. കഴിഞ്ഞ തവണ കെ പി സി സി വര്‍ക്കിംഗ്‌ പ്രസിഡന്റായ കെ സുധാകരനെ തോല്‍പ്പിക്കാന്‍ രണ്ടാംവട്ട മത്സരത്തിനു ഇറങ്ങിയ കെ കുഞ്ഞിരാമനു കഴിഞ്ഞിരുന്നു. എന്നാല്‍ ആദ്യ തെരഞ്ഞെടുപ്പില്‍ നേടിയ ഭൂരിപക്ഷം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ശക്തമായ പോരാട്ടത്തിനൊടുവില്‍ 3,832 വോട്ടുകള്‍ക്കാണ്‌ കെ കുഞ്ഞിരാമന്‍ വിജയിച്ചത്‌. ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയചര്‍ച്ചകള്‍ ആരംഭിച്ചതേ ഉള്ളൂ . വിജയസാധ്യതകണക്കിലെടുത്ത്‌ മൂന്നിലധികം പേര്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറായിട്ടുണ്ടെങ്കിലും സംസ്ഥാനനേതൃത്വത്തിന്റെ നിലപാടായിരിക്കും ഉദുമയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായകമാവുക. 8,734 പുതിയ വോട്ടര്‍മാരാണ്‌ ഇത്തവണ ഉദുമ മണ്ഡലത്തിലുള്ളത്‌. ഇവരായിരിക്കും മണ്ഡലത്തിലെ ജേതാവിനെ തീരുമാനിക്കുക.

NO COMMENTS

LEAVE A REPLY