ജില്ലയിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവം; ഉറ്റുനോക്കുന്നത്‌ മഞ്ചേശ്വരവും ഉദുമയും

0
35

കാസര്‍കോട്‌: നിയമസഭാ തെരഞ്ഞെടുപ്പിന്‌ നാളു കുറിച്ചതോടെ കാസര്‍കോട്‌ ജില്ലയിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവം. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണത്തിന്‌ ഇനിയും ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ്‌ രാഷ്‌ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ നല്‍കുന്ന സൂചന.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരത്ത്‌ സിറ്റിംഗ്‌ എം എല്‍ എ ആയ എം സി ഖമറുദ്ദീന്‍ ഇക്കുറി മത്സര രംഗത്തുണ്ടാകില്ലെന്ന്‌ ഉറപ്പായിട്ടുണ്ട്‌. പകരക്കാരനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവമാണ്‌. പലരുടെയും പേരുകള്‍ മണ്ഡലം കമ്മിറ്റികള്‍ മുന്നോട്ട്‌ വെച്ചിട്ടുണ്ട്‌. ഇവയെല്ലാം ക്രോഡീകരിച്ചുകൊണ്ടുള്ള പട്ടിക സംസ്ഥാന നേതൃത്വത്തിന്‌ നല്‍കിയിട്ടുണ്ട്‌. മുസ്ലീംലീഗ്‌ ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എ കെ എം അഷ്‌റഫ്‌ എന്നിവരുടെ പേരുകള്‍ക്കാണ്‌ മുന്‍തൂക്കം. എതിര്‍ സ്ഥാനാര്‍ത്ഥി ആരാണെന്ന്‌ നോക്കി ചില മാറ്റങ്ങളും പ്രതീക്ഷിക്കുന്നുണ്ട്‌. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത്‌ മത്സരിക്കാന്‍ എത്തുകയാണെങ്കില്‍ മുന്‍ എം എല്‍ എ പി ബി അബ്‌ദുള്‍ റസാഖിന്റെ മകനും ഇപ്പോള്‍ ദേലംപാടി ജില്ലാ പഞ്ചായത്ത്‌ ഡിവിഷന്‍ അംഗവുമായ പി ബി ഷെഫീഖിനെ കളത്തിലിറക്കാനാണ്‌ ലീഗ്‌ ആലോചിക്കുന്നത്‌. എന്നാല്‍ മത്സരിക്കുന്ന കാര്യത്തില്‍ സുരേന്ദ്രന്‍ തീരുമാനത്തില്‍ എത്തിയിട്ടില്ല. ജില്ലാ പ്രസിഡന്റ്‌ കെ ശ്രീകാന്തിന്റെ പേരാണ്‌ മഞ്ചേശ്വരത്ത്‌ പ്രധാനമായും പരിഗണിക്കുന്നത്‌. സി പി എമ്മില്‍ നിന്നും കെ ജയാനന്ദന്റെ പേരാണ്‌ മഞ്ചേശ്വരത്ത്‌ എല്‍ ഡി എഫ്‌ ഉയര്‍ത്തി കാണിക്കുന്നത്‌.
ലീഗിന്റെ സിറ്റിംഗ്‌ മണ്ഡലമായ കാസര്‍കോട്ട്‌ ജില്ലാ പ്രസിഡന്റ്‌ ടി ഇ അബ്‌ദുള്ളയുടെ പേരിനാണ്‌ മുന്‍ഗണന. ഇദ്ദേഹത്തിന്‌ സീറ്റു നല്‍കിയാല്‍ ജില്ലാ പ്രസിഡന്റ്‌ സ്ഥാനത്ത്‌ എന്‍ എ നെല്ലിക്കുന്ന്‌ എത്താനാണ്‌ സാധ്യത. എന്നാല്‍ ഇളവുകളോടെ നെല്ലിക്കുന്നിന്‌ തന്നെ ഒരവസരം കൂടി നല്‍കാനുള്ള സാധ്യതകളും ഉയര്‍ന്നിട്ടുണ്ട്‌. ഇടതുമുന്നണി കാലങ്ങളായി ഐ എന്‍ എല്ലിനാണ്‌ കാസര്‍കോട്‌ മണ്ഡലം നല്‍കുന്നത്‌. എന്നാല്‍ ഇത്തവണ കാസര്‍കോടിന്‌ പകരം ഉദുമ വേണമെന്നാണ്‌ നാഷണല്‍ ലീഗിന്റെ ആവശ്യം. ഇത്‌ അംഗീകരിക്കാന്‍ സി പി എം തയ്യാറാകില്ലെന്നാണ്‌ സൂചന.
വര്‍ഷങ്ങളായി എല്‍ ഡി എഫിന്റെ കുത്തക മണ്ഡലമായ ഉദുമയില്‍ മൂന്നു പേരുകളാണ്‌ സിപി എം മുന്നോട്ട്‌ വെച്ചിട്ടുള്ളത്‌. എന്നാല്‍ ഈ പട്ടികയില്‍ പേരുള്ളവരുടെ ജയസാധ്യത പരിഗണിച്ചാവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉണ്ടാവുക. നിലവിലെ സാഹചര്യത്തില്‍ ഇളവുകളോടെ കെ കുഞ്ഞിരാമന്‌ ഒരു അവസരം കൂടി നല്‍കാനുള്ള സാധ്യത ഉരുത്തിരിഞ്ഞിട്ടുണ്ട്‌. കോണ്‍ഗ്രസില്‍ നിന്ന്‌ രണ്ടുപേരുകളാണ്‌ പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്‌. കെ പി സി സി സെക്രട്ടറി ബാലകൃഷ്‌ണന്‍ പെരിയ, ഇദ്ദേഹത്തിന്റെ സഹോദരനും വിവിധ വിശ്വാസ സംഘടനകളുടെ ഭാരവാഹിയുമായ രാജന്‍ പെരിയ എന്നിവരുടെ പേരുകളാണ്‌ പരിഗണിക്കുന്നത്‌.
സി പി ഐയുടെ സീറ്റായ കാഞ്ഞങ്ങാട്ട്‌ ഇത്തവണ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഒരിക്കല്‍ കൂടി മത്സരിക്കുമോയെന്ന്‌ ഉറ്റു നോക്കുകയാണ്‌ രാഷ്‌ട്രീയ രംഗം. രണ്ടുതവണ മത്സരിച്ചു ജയിച്ചവരെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്നാണ്‌ പാര്‍ട്ടി തീരുമാനം. ഇക്കാര്യത്തില്‍ ഇളവ്‌ അനുവദിക്കുകയും ചന്ദ്രശേഖരന്‍ സമ്മതിക്കുകയും ചെയ്‌താല്‍ അദ്ദേഹം ഒരു തവണ കൂടി ഗോദയിലിറങ്ങും.
തൃക്കരിപ്പൂരില്‍ എം രാജഗോപാലന്‍ തന്നെ മത്സരിക്കുമെന്നാണ്‌ സൂചന. ഉദുമയില്‍ കെ കുഞ്ഞിരാമന്‍ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായാല്‍ അവിടെ പരിഗണിക്കുന്ന ഒരു മുതിര്‍ന്ന നേതാവിന്‌ തൃക്കരിപ്പൂര്‍ നല്‍കാനും സാധ്യതയുണ്ട്‌. കോണ്‍ഗ്രസില്‍ നിന്ന്‌ കെ കെ രാജേന്ദ്രന്‍, എം പി മുരളി, കെ നീലകണ്‌ഠന്‍, പി കെ ഫൈസല്‍ എന്നിവരാണ്‌ പരിഗണനാ പട്ടികയിലുള്ളത്‌.

NO COMMENTS

LEAVE A REPLY