മഞ്ചേശ്വരത്ത്‌ ത്രിതല പഞ്ചായത്ത്‌ തെര. ഫലം ആവര്‍ത്തിക്കുമോ?

0
23

കാസര്‍കോട്‌: അത്യന്തം വാശിയോടെയാണ്‌ ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പു കഴിഞ്ഞത്‌. തെരഞ്ഞെടുപ്പിന്റെ ആദ്യദിനങ്ങളില്‍ തുടങ്ങി വോട്ടെണ്ണല്‍ ദിവസം വരെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫൈനല്‍ റിഹേഴ്‌സലെന്ന നിലയിലാണ്‌ ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിനെ രാഷ്‌ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തകരും വിശേഷിപ്പിച്ചത്‌. ഫലപ്രഖ്യാപനത്തിനു ശേഷം വിശേഷണങ്ങള്‍ പെരുപ്പിച്ച്‌ കാട്ടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറായില്ലെങ്കിലും ഭരണപക്ഷം തികഞ്ഞ പ്രതീക്ഷയിലാണ്‌. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ഉണ്ടായ മുന്നേറ്റം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്‌ ഇടതു മുന്നണി. എന്നാല്‍ പഞ്ചായത്തു തെരഞ്ഞെടുപ്പു ഫലത്തില്‍ ഊറ്റം കൊണ്ട്‌ കൂടുതല്‍ കൊതിക്കേണ്ടെന്നും തുടര്‍ ഭരണം ഉണ്ടാകില്ലെന്നും യു ഡി എഫ്‌ അഭിപ്രായപ്പെടുമ്പോള്‍ മികച്ച വിജയം കൊയ്യുമെന്ന പ്രതീക്ഷയിലാണ്‌ ബി ജെ പി.
എന്തായാലും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പു ഫലങ്ങള്‍ ചില സൂചനകള്‍ നല്‍കുന്നുണ്ടെന്നു രാഷ്‌ട്രീയ പാര്‍ട്ടികള്‍ വിശ്വസിക്കാതെ വിശ്വസിക്കുന്നുണ്ട്‌. മഞ്ചേശ്വരം പോലുള്ള ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ പഞ്ചായത്തു തെരഞ്ഞെടുപ്പു ഫലം ആവര്‍ത്തിക്കുമെന്നു കരുതുന്നില്ലെങ്കിലും സ്വാധീനിക്കില്ലെന്നു പറയാനാകില്ലെന്നു രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
മഞ്ചേശ്വരം, വൊര്‍ക്കാടി, പൈവളികെ, മീഞ്ച, മംഗല്‍പ്പാടി, കുമ്പള, പുത്തിഗെ, എന്‍മകജെ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ്‌ മഞ്ചേശ്വരം നിയമസഭാ മണ്ഡലം. കേരള രാഷ്‌ട്രീയം എത്രയോ കാലമായി ഉറ്റുനോക്കുന്ന മണ്ഡലമാണിത്‌. ഏറെക്കാലമായി ബി ജെ പി രണ്ടാംസ്ഥാനത്തു തുടരുന്ന മണ്ഡലം കൂടിയാണിത്‌. ഇത്തവണയും ത്രികോണ മത്സരത്തിനു തന്നെയാണ്‌ മണ്ഡലം ഒരുങ്ങുന്നത്‌. അതിനുള്ള കാഹളം മുഴങ്ങി കഴിഞ്ഞു. വടക്കു നിന്നു ആരംഭിച്ച യു ഡി എഫിന്റെ ഐശ്വര്യ കേരള യാത്ര അനന്തപുരിയില്‍ സമാപിച്ചു കഴിഞ്ഞു. എല്‍ ഡി എഫിന്റെ വികസന മുന്നേറ്റ യാത്ര ലക്ഷ്യത്തിലേയ്‌ക്ക്‌ നീങ്ങി കൊണ്ടിരിക്കുന്നു. ബി ജെ പിയുടെ വിജയയാത്ര പ്രയാണം തുടരുന്നു. മൂന്നു ജാഥകളും ലക്ഷ്യം വച്ചതും വയ്‌ക്കുന്നതും മഞ്ചേശ്വരം തൊട്ട്‌ കേരളത്തിലുടനീളം മികച്ച വിജയം നേടുക എന്നതാണ്‌.
നിലവില്‍ ഭരിക്കുന്ന പഞ്ചായത്തുകളിലെ പ്രകടനമാണ്‌ ഓരോ മുന്നണിയെയും പ്രതീക്ഷയുടെ ചിറകിലേറ്റുന്നത്‌.
മഞ്ചേശ്വരം പഞ്ചായത്തില്‍ ആകെ 21 വാര്‍ഡുകളാണ്‌. ഇതില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തിയ യു ഡി എഫിനും ബി ജെ പിക്കും ആറു വീതം വാര്‍ഡുകള്‍ ലഭിച്ചു.
രണ്ടു വാര്‍ഡുകളിലെ വിജയം എല്‍ ഡി എഫു നേടിയപ്പോള്‍ ഏഴു സീറ്റുകളോടെ ഏറ്റവും വലിയ ശക്തിയായത്‌ മറ്റുള്ളവര്‍ എന്ന വിഭാഗത്തില്‍ മത്സരിച്ചു വിജയിച്ച ഏഴുപേരാണ്‌. ഈ ഫലത്തിന്റെ തനിയാവര്‍ത്തനം നടക്കാന്‍ സാധ്യത ഇല്ലെന്നു ഇപ്പോള്‍ യു ഡി എഫ്‌ ശക്തമായി കണക്കു കൂട്ടുന്നു. ഈ ഫലം അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ലീഗ്‌ ചുക്കാന്‍ പിടിക്കുന്നത്‌.
വൊര്‍ക്കാടി പഞ്ചായത്തില്‍ ആകെയുള്ള 16 സീറ്റുകളില്‍ ബി ജെ പിയും എല്‍ ഡി എഫും അഞ്ചു വീതം സീറ്റുകള്‍ നേടി തുല്യ ശക്തികളായപ്പോള്‍ യു ഡി എഫിനു 4 സീറ്റു ലഭിച്ചു. രണ്ടു സീറ്റുകള്‍ മറ്റുള്ളവര്‍ക്കാണ്‌.
രക്തസാക്ഷികളുടെ നാടായ പൈവളികെയില്‍ 19 സീറ്റുകളാണ്‌ ആകെയുള്ളത്‌. എട്ടു സീറ്റുകള്‍ നേടിയ ബി ജെ പിയാണ്‌ ഏറ്റവും വലിയ ഒറ്റകക്ഷി. എല്‍ ഡി എഫിനു ഏഴും യു ഡി എഫിനു മൂന്നും മറ്റുള്ളവര്‍ക്കു ഒരു സീറ്റും ലഭിച്ചു.
മീഞ്ച പഞ്ചായത്തില്‍ 15 സീറ്റുകളാണ്‌. ഇവിടെയും ആറു സീറ്റു നേടിയ ബി ജെ പിയാണ്‌ ഏറ്റവും വലിയ ഒറ്റകക്ഷി. എല്‍ ഡി എഫിനു നാലും യു ഡി എഫിനു മൂന്നും മറ്റുള്ളവര്‍ക്ക്‌ രണ്ടും സീറ്റുകള്‍ ലഭിച്ചു.
മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള പഞ്ചായത്തുകളില്‍ ഒന്നാണ്‌ മംഗല്‍പ്പാടി. 23 വാര്‍ഡുകളാണ്‌ ഇവിടെ ഉള്ളത്‌. ഇതില്‍ 15 സീറ്റും യു ഡി എഫിനാണ്‌. ബി ജെ പി നാലും എല്‍ ഡി എഫ്‌ രണ്ടും സീറ്റു നേടി. മറ്റുള്ളവര്‍ക്കും ലഭിച്ചു രണ്ടു വാര്‍ഡുകള്‍.
കുമ്പള പഞ്ചായത്തിലും ഇരുപത്തി മൂന്നു വാര്‍ഡുകളാണ്‌. ഒന്‍പതു വീതം സീറ്റുകളില്‍ ബി ജെ പിയും യു ഡി എഫും വിജയിച്ചു. ഒരു സീറ്റു എല്‍ ഡി എഫ്‌ നേടി. മറ്റുള്ളവര്‍ നാലിടങ്ങളില്‍ വിജയം കണ്ടു.
സി പി എമ്മിനു ശക്തമായ അടിവേരുകളുള്ള പഞ്ചായത്താണ്‌ പുത്തിഗെ. ആകെ 14 വാര്‍ഡുകളുള്ള ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനു ഏഴും ബി ജെ പിക്കു മൂന്നും യു ഡി എഫിനും മറ്റുള്ളവര്‍ക്കും രണ്ടു വീതം സീറ്റുകളും ലഭിച്ചു.
മഞ്ചേശ്വരം മണ്ഡലത്തിന്റെ തെക്കു കിഴക്കേ അതിര്‍ത്തി പഞ്ചായത്താണ്‌ എന്‍മകജെ. ആകെയുള്ള 17 സീറ്റുകളില്‍ യു ഡി എഫിനു എട്ടു സീറ്റുണ്ട്‌. എല്‍ ഡി എഫ്‌ നാലു സീറ്റു നേടിയപ്പോള്‍ അഞ്ചു സീറ്റുകള്‍ കൊണ്ട്‌ രണ്ടാം സ്ഥാനത്താണ്‌ ബി ജെ പി. ഇവിടെ മറ്റുള്ളവര്‍ക്കു ഒരു സീറ്റു പോലും നേടാന്‍ കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്‌.
പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ നേടിയ മേല്‍ക്കൈ നിയമസഭാ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരത്ത്‌ ആവര്‍ത്തിക്കുമോ എന്നു ഉറ്റുനോക്കുകയാണ്‌ രാഷ്‌ട്രീയ രംഗം.

NO COMMENTS

LEAVE A REPLY