ഉദുമ ഇത്തവണ ആര്‍ക്കൊപ്പം ചേരും?

0
28

കാസര്‍ കോട്‌: ജില്ലയില്‍ ഏറ്റവും ഒടുവില്‍ രൂപീകരിച്ച നിയമസഭാ മണ്ഡലമാണ്‌ ഉദുമ. പടിഞ്ഞാറ്‌ അറബിക്കടലും വടക്ക്‌ ചന്ദ്രഗിരി പുഴയും കിഴക്ക്‌ പശ്ചിമ ഘട്ടവും തെക്ക്‌ കാഞ്ഞങ്ങാട്‌ നിയമസഭാ മണ്ഡലവുമാണ്‌ ഉദുമയുടെ അതിര്‍ത്തികള്‍.
ചെമ്മനാട്‌, ഉദുമ, പള്ളിക്കര, പുല്ലൂര്‍- പെരിയ, ബേഡഡുക്ക, കുറ്റിക്കോല്‍, ദേലംപാടി, മുളിയാര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്നതാണ്‌ ഉദുമ നിയമസഭാ മണ്ഡലം. ഇതില്‍ ചെമ്മനാട്‌, പുല്ലൂര്‍- പെരിയ പഞ്ചായത്തുകളിലെ ഭരണം യു ഡി എഫിനാണ്‌. മുളിയാറില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്‌. ബേഡഡുക്കയില്‍ പ്രതിപക്ഷമേ ഇല്ലാതെയാണ്‌ സി പി എം ഭരണം. മണ്ഡലം പൊതുവെ ചുവപ്പു രാശിക്കൊപ്പമാണെങ്കിലും ത്രിവര്‍ണ്ണ പക്ഷത്തേയ്‌ക്ക്‌ ചാഞ്ഞ ചരിത്രവും ഉദുമയ്‌ക്കുണ്ട്‌. 1977ല്‍ ആണ്‌ ഉദുമ മണ്ഡലത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പു നടന്നത്‌. പി എസ്‌ പി സ്വതന്ത്രനായി മത്സരിച്ച എന്‍ കെ ബാലകൃഷ്‌ണനും ബി എല്‍ ഡി നേതാവായ കെ ജി മാരാരും തമ്മിലായിരുന്നു കന്നി മത്സരം. കെ ജി മാരാര്‍ നേടിയ 28145 വോട്ടിനെതിരെ 31690 വോട്ടുകള്‍ നേടിയാണ്‌ എന്‍ കെ ബാലകൃഷ്‌ണന്‍ കേരള നിയമസഭയില്‍ ഉദുമ മണ്ഡലത്തെ ആദ്യമായി പ്രതിനിധീകരിച്ചത്‌.
1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എന്‍ കെ ബാലകൃഷ്‌ണനെ ഉദുമ മണ്ഡലം കൈവിട്ടു. പി എസ്‌ പി സ്വതന്ത്രനായി മത്സരിച്ച എന്‍ കെ 26928 വോട്ടു നേടിയപ്പോള്‍ സി പി എം സ്ഥാനാര്‍ത്ഥിയായി അങ്കത്തട്ടിലിറങ്ങി കെ പുരുഷോത്തമന്‍ 31948 വോട്ട്‌ നേടി അരിവാളിന്‍ ചുണ്ടു ചുവപ്പിച്ചു. മത്സര രംഗത്തുണ്ടായിരുന്ന മൂന്നു സ്വതന്ത്രന്മാര്‍ക്കുമായി 10194 വോട്ടു ലഭിച്ചു. 1982ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ കെ പുരുഷോത്തമനു പകരം കോണ്‍ഗ്രസ്‌ നേതാവ്‌ കെ കുഞ്ഞിരാമന്‍ നമ്പ്യാരെ സി പി എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി. മുഹമ്മദ്‌ കുഞ്ഞി മാസ്റ്ററിലൂടെ ഏണി ചാരി ഉദുമയില്‍ നിന്നു നിയമസഭയില്‍ എത്താമെന്ന ലീഗിന്റെ പൂതി നടന്നില്ല. വാശിയേറിയ മത്സരത്തില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ വിജയിച്ചു.
കുഞ്ഞിരാമന്‍ നമ്പ്യാര്‍ക്ക്‌ 32946 വോട്ടും പി മുഹമ്മദ്‌ കുഞ്ഞി മാസ്റ്റര്‍ക്കു 26327 വോട്ടും ബി ജെ പിയിലെ ഗോപിനാഥിനു 908 വോട്ടും ലഭിച്ചു.
1987ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലം കോണ്‍ഗ്രസ്‌ ഏറ്റെടുത്തു. കെ പി കുഞ്ഞിക്കണ്ണനെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ മുന്‍ എം എല്‍ എ കെ പുരുഷോത്തമനെ സി പി എം വീണ്ടും അങ്കത്തട്ടിലിറക്കി. 43775 വോട്ടു നേടിയ കെ പി ക്കൊപ്പം ഉദുമ നിന്നു. കെ പുരുഷോത്തമന്‍ 35930 വോട്ടും ബി ജെ പിയിലെ കെ ഉമാനാഥറാവു 12,820 വോട്ടും സി എം പി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി കുഞ്ഞിക്കണ്ണന്‍ 943 വോട്ടും നേടി. 1982 ലെ തെരഞ്ഞെടുപ്പില്‍ 908 വോട്ടു മാത്രം നേടിയ ബി ജെ പി അഞ്ചു വര്‍ഷത്തിനപ്പുറം നടന്ന തെരഞ്ഞെടുപ്പില്‍ 12,000ത്തോളം വോട്ടു അധികം നേടിയെന്നത്‌ ശ്രദ്ധേയമാണ്‌.
1991 ലെ തെരഞ്ഞെടുപ്പില്‍ സി ഐ ടി യു- സി പി എം നേതാവ്‌ ബേഡകത്തു നിന്നുള്ള പി രാഘവനെ സി പി എം ഉദുമയില്‍ സ്ഥാനാര്‍ത്ഥിയാക്കി. സിറ്റിംഗ്‌ എം എല്‍ എയായിരുന്ന കെ പി കുഞ്ഞിക്കണ്ണനെ തന്നെ വീണ്ടും കളത്തിലിറക്കി പ്രതിരോധിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. 47169 വോട്ടു നേടിയ പി രാഘവന്‍ മണ്ഡലം എല്‍ ഡി എഫിനു വേണ്ടി തിരിച്ചു പിടിച്ചപ്പോള്‍ 46212 വോട്ടു നേടിയ കെ പി കുഞ്ഞിക്കണ്ണന്‍ തോല്‍വി സമ്മതിച്ചു. ബി ജെ പിയിലെ എം ഉമാനാഥ റാവു 10,932 വോട്ടു നേടി.
1996ല്‍ പി രാഘവന്റെ രണ്ടാം ഊഴത്തിലും മുഖ്യ എതിരാളി കോണ്‍ഗ്രസിലെ കെ പി കുഞ്ഞിക്കണ്ണന്‍ തന്നെ ആയിരുന്നു. 40459 വോട്ടു നേടിയ കെ പിയെ 50854 വോട്ടു നേടിയ പി രാഘവന്‍ കീഴക്കി. ബി ജെ പിയിലെ മടിക്കൈ കമ്മാരന്‍ 14370 വോട്ടു നേടി. രാഘവന്റെ ഭൂരിപക്ഷം 40395 ആയി ഉയര്‍ന്നുവെന്നതും 1996 ലെ തെരെഞ്ഞെടുപ്പു പ്രത്യേകതയാണ്‌. 2001ലെ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയാകാനുള്ള ഊഴം ലഭിച്ചത്‌ കെ വി കുഞ്ഞിരാമനാണ്‌. വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലൂടെ കടന്നു വന്ന്‌ ചെറുപ്പക്കാര്‍ക്കിടയില്‍ ആവേശം വിതറിയ കെ വിയെ നേരിടാന്‍ കോണ്‍ഗ്രസ്‌ നിയോഗിച്ചത്‌ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനും നേതാവുമായ സി കെ ശ്രീധരനെയായിരുന്നു. വാശിയേറിയ മത്സരത്തില്‍ 62817 വോട്ടു നേടിയ കെ വി കുഞ്ഞിരാമന്‍ ഉദുമ മണ്ഡലത്തില്‍ വിജയ ചെങ്കൊടി ഒരിക്കല്‍ കൂടി പാറിച്ചപ്പോള്‍ കീഴടങ്ങിയ സി കെ ശ്രീധരനു 53153 വോട്ടും ബി ജെ പിയിലെ ആര്‍ ഗണേഷിന്‌ 11,106 വോട്ടും ലഭിച്ചു.
2006 ലെ തെരഞ്ഞെടുപ്പില്‍ കെ വി കുഞ്ഞിരാമന്‍ വീണ്ടും ഇടതു സ്ഥാനാര്‍ത്ഥിയായപ്പോള്‍ എതിരാളിയായി പടച്ചട്ടയണിഞ്ഞ്‌ പോര്‍ക്കളത്തിലിറങ്ങിയത്‌ കോണ്‍ഗ്രസിലെ പി ഗംഗാധരന്‍ നായരായിരുന്നു. വാശിയേറിയ പോരാട്ടത്തില്‍ കെ വി കുഞ്ഞിരാമന്‍ 69221 വോട്ടുനേടി വിജയിച്ചു. പി ഗംഗാധരന്‍ നായര്‍ക്ക്‌ 41927 വോട്ടും ബി ജെ പി യിലെ ബി രവീന്ദ്രന്‌ 11,117 വോട്ടും ലഭിച്ചു.
2011 ല്‍ കെ വി കുഞ്ഞിരാമന്റെ പിന്തുടര്‍ച്ചക്കാരനായി കെ കുഞ്ഞിരാമന്‍ എന്ന കര്‍ഷക നേതാവ്‌ സി പി എം സ്ഥാനാര്‍ത്ഥിയായി. കോണ്‍ഗ്രസ്‌ എതിര്‍സ്ഥാനാര്‍ത്ഥിയായി ഇറക്കിയത്‌ സി കെ ശ്രീധരനെയാണ്‌. 61,646 വോട്ടു നേടിയ കെ കുഞ്ഞിരാമന്‍ വിജയം കൈപ്പിടിയിലൊതുക്കിയപ്പോള്‍ 50,266 വോട്ട്‌ സി കെയ്‌ക്കും 13073 വോട്ട്‌ ബി ജെ പിയിലെ സുനിതാ പ്രശാന്തിനും ലഭിച്ചു. 2016 ലെ തെരഞ്ഞെടുപ്പില്‍ കെ കുഞ്ഞിരാമന്‍ വീണ്ടും സി പി എം സ്ഥാനാര്‍ത്ഥിയായി. അഞ്ചു വര്‍ഷം കൊണ്ട്‌ മണ്ഡലത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളുടെ നേട്ടപ്പട്ടികയുമായി അദ്ദേഹം ജനങ്ങളെ നേരിട്ടപ്പോള്‍ കോണ്‍ഗ്രസ്‌, കണ്ണൂരിന്റെ സിംഹം എന്ന്‌ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്ന കെ സുധാകരനെ ഉദുമയിലേയ്‌ക്ക്‌ ഇറക്കി. കെ കുഞ്ഞിരാമനെ തളച്ച്‌ മണ്ഡലത്തില്‍ വിജയത്തിന്റെ മൂവര്‍ണ്ണക്കൊടി പാറിക്കുകയായിരുന്നു സുധാകരന്റെ ലക്ഷ്യം. രണ്ടു കൊമ്പനാനകള്‍ തമ്മില്‍ ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പില്‍ വിജയം പ്രവചനാതീതമായി. അവസാനത്തെ ആവനാഴിയും പുറത്തെടുത്ത്‌ നടന്ന പോരാട്ടത്തിനൊടുവില്‍ കെ കുഞ്ഞിരാമന്‍ എന്ന കര്‍ഷക നേതാവിന്‌ മുന്നില്‍ കെ സുധാകരന്‍ എന്ന സിംഹം അടിയറവ്‌ പറഞ്ഞു. കെ കുഞ്ഞിരാമന്‍ 70,679 വോട്ടും കെ സുധാകരന്‍ 66847 വോട്ടും ബി ജെ പിയിലെ ശ്രീകാന്ത്‌ 21231 വോട്ടും നേടി. ബി ജെ പി ഉദുമ മണ്ഡലത്തില്‍ 20,000 ല്‍ അധികം വോട്ടുനേടി ചരിത്രം കുറിച്ച തെരഞ്ഞെടുപ്പു കൂടിയായിരുന്നു 2016 ലേത്‌.
2016 ലെ സ്ഥിതി അല്ല ഇന്ന്‌. മാറ്റങ്ങളേറെയുണ്ട,്‌ ഈ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണത്തിനായി പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി ശ്രമിക്കുമ്പോള്‍ അതിന്‌ അനുവദിച്ചാല്‍ പിന്നീട്‌ ഒരിക്കലും തങ്ങള്‍ക്ക്‌ തിരിച്ചെത്താന്‍ കഴിയില്ലെന്ന്‌ കണക്ക്‌ കൂട്ടുകയാണ്‌ യു ഡി എഫ്‌. അതിനാല്‍ ഓരോ സീറ്റും ഇരുമുന്നണികള്‍ക്കും നിര്‍ണ്ണായകമാകുമ്പോള്‍ ഉദുമയിലെ ഇടതു-വലതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ ആരായിരിക്കുമെന്ന്‌ അറിയാനുള്ള ആകാംക്ഷയിലാണ്‌ രാഷ്‌ട്രീയ കേന്ദ്രങ്ങള്‍.

NO COMMENTS

LEAVE A REPLY